From the print
ഗസ്സ: കൈറോ ചർച്ചയിൽ പുരോഗതിയില്ല
ഹമാസ് സംഘം ഈജിപ്ത് വിട്ടു
കൈറോ/ ഗസ്സ സിറ്റി | ഗസ്സയിലെ ഇസ്‌റാഈൽ അധിനിവേശം അവസാനിപ്പിക്കാനും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാനും ഈജിപ്തിലെ കൈറോയിൽ നടക്കുന്ന ചർച്ചയിൽ പുരോഗതിയില്ലെന്ന് റിപോർട്ട്. ഹമാസ് പ്രതിനിധിസംഘം കൈറോയിൽ നിന്ന് മടങ്ങി. ഇസ്‌റാഈൽ രഹസ്യാന്വേഷണ സംഘടനയായ മൊസാദ് മേധാവി ഡേവിഡ് ബെർണീയും ആഭ്യന്തര ഇന്റലിജൻസ് സർവീസ് ആയ ഷിൻ ബേതിന്റെ മേധാവി റൊനേൻ ബാറും ചർച്ചകൾക്കായി കൈറോയിലെത്തി. ഈജിപ്ത്, ഖത്വർ, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചർച്ച.
ചർച്ചയിലെ വ്യവസ്ഥാ നിർദേശം ഹമാസ് അംഗീകരിച്ചിരുന്നു. ഗസ്സയിൽ നിന്ന് ഇസ്‌റാഈൽ സൈന്യം പുറത്തുപോകുക, വടക്കൻ ഗസ്സയിലെ വീടുകളിലേക്ക് ജനങ്ങളെ മടങ്ങാൻ അനുവദിക്കുക, ഗസ്സ പുനർനിർമിക്കാൻ അന്താരാഷ്ട്ര ഇടപെടൽ, ഇസ്‌റാഈലിലെ ജയിലിലുള്ള ഫലസ്തീനികളുടെ മോചനം തുടങ്ങിയ ആവശ്യങ്ങളിൽ ഊന്നിയാണ് ഹമാസ് നിർദേശം അംഗീകരിച്ചത്.
എന്നാൽ, ഗസ്സയിലെ ആക്രമണം തുടരുമെന്ന സൂചനകളാണ് ഇസ്‌റാഈൽ അധികൃതർ നൽകുന്നത്. ഗസ്സയിൽ ഹമാസിനെ പൂർണമായും പരാജയപ്പെടുത്തുന്നത് വരെ പോരാട്ടം തുടരുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. ഇതോടെ, അവസാന നിമിഷം ചർച്ച പൊളിയുകയാണെന്ന സൂചന വരികയായിരുന്നു. ചർച്ച കൈവിട്ട് പോയതിന് കാരണം ഹമാസാണെന്ന തരത്തിലാണ് അമേരിക്കയുടെ കുറ്റപ്പെടുത്തൽ.
കനത്ത ആക്രമണം
അതിനിടെ, ഗസ്സയിൽ ഇസ്‌റാഈൽ കനത്ത ആക്രമണം തുടരുകയാണ്. മധ്യ, തെക്കൻ ഗസ്സയിലെ ആക്രമണത്തിൽ ഇന്നലെ മാത്രം 19 പേർ കൊല്ലപ്പെട്ടു. ദൈർ അൽ ബലാഹിൽ ഇസ്‌റാഈൽ സൈന്യം ശനിയാഴ്ച രാത്രി നടത്തിയ ആക്രമണത്തിൽ 71 ഫലസ്തീനികൾ കൊല്ലപ്പെട്ടിരുന്നു. 112 പേർക്ക് പരുക്കേറ്റു. ഇവിടെ നിന്ന് ഫലസ്തീനികളോട് ഒഴിഞ്ഞുപോകാൻ ഇസ്റാഈൽ സൈന്യം പുതിയ നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ ഏഴ് മുതൽ ഇസ്‌റാഈൽ ആക്രമണത്തിൽ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 40,334 ആയി. 93,356 പേർക്ക് പരുക്കേറ്റു.
അതേസമയം, കാൽ നൂറ്റാണ്ടിന് ശേഷം ഗസ്സയിൽ പോളിയോ റിപോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന, യൂനിസെഫ് അടക്കമുള്ളവയുമായി ചേർന്ന് വാക്‌സീനേഷൻ നടത്തുമെന്ന് യു എൻ ആർ ഡബ്ല്യു എ അറിയിച്ചു. പത്ത് വയസ്സിന് താഴെയുള്ള ആറ് ലക്ഷം കുട്ടികൾക്കാണ് വാക്‌സീൻ നൽകുക. ഖാൻ യൂനുസിൽ രണ്ട് മാസത്തിന് ശേഷം യൂറോപ്യൻ ആശുപത്രിയുടെ പ്രവർത്തനം പുനരാരംഭിച്ചിട്ടുണ്ട്. ഇസ്‌റാഈൽ ആക്രമണത്തെ തുടർന്നാണ് ആശുപത്രി പ്രവർത്തനം മുടങ്ങിയത്.