Connect with us

Articles

മരവിച്ച കുഞ്ഞുങ്ങളുടെ ഗസ്സ

ശരാശരി 75 ഫലസ്തീനികളെയെങ്കിലും ഇസ്റാഈല്‍ സേന ഗസ്സയില്‍ ദിവസവും കൊല്ലുന്നുണ്ട്. ജനുവരി നാലിന് 72 പേരെയാണെങ്കില്‍ അഞ്ചിന് 88 പേരെ. താമസ കേന്ദ്രങ്ങളിലും മാര്‍ക്കറ്റിലും നാല്‍ക്കവലകളിലും മൂന്ന് ദിവസം തുടര്‍ച്ചയായി നൂറുകണക്കിന് ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ 200 പേരാണ് മരിച്ചത്. കൊല്ലപ്പെട്ടത് മുഴുവന്‍ സിവിലിയന്മാരാണെന്ന് നിഷ്പക്ഷ റിപോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനിടയില്‍ എട്ടാമത്തെ കുഞ്ഞും തണുത്ത് മരവിച്ച് മരിച്ചുവീണു.

Published

|

Last Updated

ഗസ്സയിലെ ചോര മരവിപ്പിക്കുന്ന കൊടുംതണുപ്പില്‍ മരിച്ചുവീഴുന്ന കുഞ്ഞുങ്ങളെ കുറിച്ച് കിട്ടുന്ന വാര്‍ത്തകള്‍ കണ്ണ് നനയിക്കുന്നതാണ്. വിഖ്യാത ഫലസ്തീന്‍ ചരിത്രകാരന്‍ റാശിദ് ഖാലിദിയുടെ ‘ദി ഹന്‍ഡ്രഡ് ഇയേഴ്‌സ് വാര്‍ ഓണ്‍ ഫലസ്തീന്‍’ എന്ന പുസ്തകത്തിന്റെ ആദ്യ പേജില്‍ കുറിച്ചിട്ടതിങ്ങനെ: ’21ാം നൂറ്റാണ്ടില്‍ ജനിച്ച എന്റെ പേരക്കിടാങ്ങളായ താരിഖ്, ഇദ്രീസ്, നൂര്‍ എന്നിവര്‍ക്ക് ഈ പുസ്തകം സമര്‍പ്പിക്കുന്നു; നൂറ് വര്‍ഷത്തെ യുദ്ധത്തിന്റെ അന്ത്യം അവര്‍ കാണുമെന്ന പ്രതീക്ഷയോടെ.’

മനുഷ്യരാശിയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത മനുഷ്യക്കുരുതിയുടെ, വിശിഷ്യാ ശൈശവ ഉന്മൂലനത്തിന്റെ അതിഭീകരമായ വംശഹത്യ പൂര്‍ത്തീകരിക്കപ്പെടുന്ന ഫലസ്തീന്റെ മണ്ണില്‍ ആ പ്രതീക്ഷക്ക് എന്തുവക എന്ന ചോദ്യം സ്വാഭാവികമാണ്. ആ കുരുന്നുകള്‍ ഇസ്റാഈല്‍ തൊടുത്തുവിടുന്ന മിസൈലേറ്റ് വെന്ത് വെണ്ണീറാകില്ല എന്നതിന് എന്തുറപ്പ്? അല്ലെങ്കില്‍ വടക്കന്‍ ഗസ്സയിലെ ഇടിച്ചുനിരത്തപ്പെടുന്ന ഏതെങ്കിലും ആശുപത്രിയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൊടും ശൈത്യത്തിന്റെ കരവലയത്തില്‍ മരവിച്ച് കിടന്ന് അന്ത്യശ്വാസം വലിക്കില്ലെന്ന് ആര്‍ക്ക് പറയാനാകും?

സയണിസ്റ്റ് അധിനിവേശകരുടെ ആത്യന്തിക ലക്ഷ്യം ചോരപ്പൈതങ്ങളെയടക്കം ഉന്മൂലനം ചെയ്ത് ഫലസ്തീനികളില്‍ നിന്ന് പൂര്‍ണമായും മുക്തമായ ഒരു ജൂതരാഷ്ട്രമാണ്. 1948ലാണ് ഇസ്റാഈല്‍ പിറവി കൊണ്ടതെങ്കിലും 1917ല്‍ ബ്രിട്ടീഷ് കോളനി ശക്തികള്‍ ബാള്‍ഫര്‍ പ്രഖ്യാപനത്തിലൂടെ തുടക്കമിട്ട അധിനിവേശ കുടിയേറ്റത്തിന്റെ പാപഭാരം പേറുന്ന ഒരു ജനതയുടെ തലയിലെഴുത്ത് ഇക്കാണും വിധം നിരാര്‍ദ്രമായി തുടരുമ്പോള്‍ ലോകസമൂഹത്തിന് മുന്നില്‍ ഉയരുന്ന രണ്ട് ചോദ്യമുണ്ട്. ഫലസ്തീനികള്‍ ഇതിനുമാത്രം എന്തപരാധമാണ് ചെയ്തത്? ലോകം നോക്കിനില്‍ക്കെ ഒരു ജനതയെ ഒന്നാകെ ലൈവായി കൊന്നൊടുക്കുമ്പോള്‍ എന്തുകൊണ്ട് ആ കരങ്ങളില്‍ കയറിപ്പിടിക്കാന്‍ ലോകത്തെ ഒരു ശക്തിക്കും സാധിക്കുന്നില്ല?

റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി പുറത്തുവിടുന്ന ഏറ്റവും പുതിയ റിപോര്‍ട്ട്, ഇസ്റാഈലിന് 800 കോടി ഡോളറിന്റെ ആയുധങ്ങള്‍ കൂടി നല്‍കാന്‍ യു എസ് പ്രസിഡന്റ് ജോ ബൈഡന്‍ കസേരയൊഴിയാന്‍ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോള്‍ തീരുമാനിച്ചിരിക്കുന്നുവെന്നാണ്. അതായത്, ഇതിനകം കാല്‍ലക്ഷം സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അരലക്ഷം മനുഷ്യരെ ഗസ്സ മുനമ്പില്‍ ബോംബുകളും മിസൈലുകളും വര്‍ഷിച്ച് കൊന്നുതള്ളിയിട്ടും 23 ലക്ഷം മനുഷ്യരെ അഭയാര്‍ഥികളായി അവരുടെ ആവാസ വ്യവസ്ഥയില്‍ നിന്ന് ആട്ടിയോടിച്ചിട്ടും ഗസ്സയിലെ 95 ശതമാനം അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തുതരിപ്പണമാക്കിയിട്ടും നെതന്യാഹുവിനോ അയാളുടെ യാങ്കി യജമാനന്മാര്‍ക്കോ അശേഷം മനസ്താപമുണ്ടായിട്ടില്ല എന്ന് ചുരുക്കം. ഫലസ്തീനികളുടെ പൂര്‍ണമായ ഉന്മൂലനം തന്നെയാണ് സയണിസ്റ്റുകളുടെ ആത്യന്തിക ലക്ഷ്യമെന്നിരിക്കെ വംശഹത്യ പൂര്‍ണ വിജയത്തിലെത്തിക്കാന്‍ ഇനിയും ദശലക്ഷക്കണക്കിന് ആയുധങ്ങള്‍ ആവശ്യമുണ്ട്. പരിപൂര്‍ണ ഉന്മൂലനത്തിന് തടസ്സം നിന്ന ഫലസ്തീനികളുടെ ഒരു തലമുറയെ പ്രതിക്കൂട്ടില്‍ നിര്‍ത്തിക്കൊണ്ട് ഇസ്റാഈലിലെ മുന്‍നിര ഫാസിസ്റ്റ് ചരിത്രകാരന്‍ ബെന്നിമോറിസ് പറയുന്നത്, 1948ല്‍ മുഴുവന്‍ ഫലസ്തീനികളെയും ‘വാഗ്ദത്ത ഭൂമി’യില്‍ നിന്ന് ‘മാറ്റാന്‍’ സാധിക്കാത്തതിന്റെ ശമ്പളമാണ് ഗസ്സയിലെ ജനങ്ങള്‍ ഇപ്പോള്‍ കൊടുത്തുതീര്‍ക്കുന്നതെന്നാണ്.

ക്രൂരതയുടെ ഭീകര മുഖം
ശരാശരി 75 ഫലസ്തീനികളെയെങ്കിലും ഇസ്റാഈല്‍ സേന ഗസ്സയില്‍ ദിവസവും കൊല്ലുന്നുണ്ട്. പുതുവര്‍ഷപ്പുലരിയില്‍ പോലും ദയാദാക്ഷിണ്യം കാണിച്ചില്ല. ജനുവരി നാലിന് 72 പേരെയാണെങ്കില്‍ അഞ്ചിന് 88 പേരെ. താമസ കേന്ദ്രങ്ങളിലും മാര്‍ക്കറ്റിലും നാല്‍ക്കവലകളിലും മൂന്ന് ദിവസം തുടര്‍ച്ചയായി നൂറുകണക്കിന് ബോംബുകള്‍ വര്‍ഷിച്ചപ്പോള്‍ 200 പേരാണ് മരിച്ചത്. ദാറുല്‍ ബലാഗില്‍ നടന്ന ഈ അതിക്രമങ്ങളെ കുറിച്ച് ഹമാസ് തീവ്രവാദികള്‍ക്ക് നേരെയുള്ള ഓപറേഷനാണെന്ന് സൈന്യം അവകാശപ്പെടുമ്പോള്‍ കൊല്ലപ്പെട്ടത് മുഴുവന്‍ സിവിലിയന്മാരാണെന്ന് നിഷ്പക്ഷ റിപോര്‍ട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്നു. അതിനിടയില്‍ എട്ടാമത്തെ കുഞ്ഞും തണുത്ത് മരവിച്ച് മരിച്ചുവീണു. അഭയാര്‍ഥി തമ്പില്‍ ചൂട് കുപ്പായമോ പരിചരണമോ ചികിത്സയോ കിട്ടാതെ കുഞ്ഞുങ്ങള്‍ മരണം പുല്‍കുന്ന അവസ്ഥയെ ‘ഹൈപോതെര്‍മിയ’ എന്ന വൈദ്യശാസ്ത്ര സംജ്ഞയില്‍ പൊതിയുന്നു, അവരുടെ മയ്യിത്തുകള്‍ ബന്ധുക്കള്‍ക്ക് കൈമാറുന്നു. എഴുത്തുകാരനും കവിയും മാധ്യമ പ്രവര്‍ത്തകനുമായ മുഹമദ് ഹിജാസി വടക്കന്‍ ഗസ്സയിലെ ജബലിയ അഭയാര്‍ഥി ക്യാമ്പില്‍ ഇസ്റാഈല്‍ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടപ്പോള്‍ 2023 ഒക്ടോബറിന് ശേഷം മരിച്ചുവീണ ജേര്‍ണലിസ്റ്റുകളുടെ എണ്ണം 220 തികഞ്ഞു. ജബലിയ അഭയാര്‍ഥി ക്യാമ്പ് ഒക്ടോബര്‍ അഞ്ച് മുതല്‍ സൈന്യം വളഞ്ഞിരുന്നു.

ബോംബിംഗില്‍ നിരവധി പേര്‍ കൊല്ലപ്പെട്ടപ്പോള്‍ ആയിരങ്ങള്‍ പ്രാണരക്ഷാര്‍ഥം പലായനം ചെയ്തു. ഈ മേഖലയിലേക്കുള്ള അടിസ്ഥാന ഭക്ഷണ സാധനങ്ങളുടെ വിതരണം പോലും പട്ടാളം തടഞ്ഞിരുന്നു. മാസങ്ങളായി കുടിവെള്ളമില്ല. ഒടുവില്‍ ശക്തമായ ബോംബാക്രമണത്തില്‍ ഏത് നിമിഷവും മരണം ഏറ്റുവാങ്ങേണ്ടിവരുമെന്ന് ഉറപ്പായപ്പോള്‍ മുഹമ്മദ് ഹിജാസി സുഹൃത്തിന് എഴുതി: ‘വീണ്ടും താങ്കള്‍ക്ക് എഴുതാന്‍ കഴിയുമോ എന്നറിയില്ല. എഴുതിയതെല്ലാം സൂക്ഷിച്ചുവെച്ചിട്ടുണ്ട്. എഴുതിക്കൊണ്ടിരിക്കുകയുമാണ്. ഒരുനാള്‍ അവ വെളിച്ചം കാണുമായിരിക്കാം. വില കുറഞ്ഞ മരണം ഞാന്‍ നിരസിക്കുകയാണ്. കൊലയാളികളെ ഞാന്‍ ശപിക്കുന്നു’. മുഖപേജില്‍ കോറിയിട്ട അക്ഷരങ്ങള്‍ക്ക് മരണത്തിന്റെ ഗന്ധവും പോരാളിയുടെ ചൂരുമുണ്ടായിരുന്നു.

ഇതിനു മുമ്പ് ലോകം കണ്ട വംശഹത്യാ പദ്ധതിയില്‍ പരീക്ഷിക്കാത്ത കൊടും ക്രൂരതകളും മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന പരീക്ഷണങ്ങളുമാണ് ഗസ്സയെ നരകതുല്യമാക്കാന്‍ നെതന്യാഹുവിന്റെ പട്ടാളം പുറത്തെടുക്കുന്നത്. വിദ്യാലയങ്ങളും അഭയാര്‍ഥി ക്യാമ്പുകളും ജനത്തിരക്കേറിയ തെരുവുകളും ലക്ഷ്യമിട്ട് നടത്തുന്ന മിസൈലാക്രമണങ്ങളും ബോംബിംഗും ആശുപത്രികളിലേക്ക് വ്യാപിപ്പിച്ചതോടെയാണ് ജീവന്റെ അവസാന സ്പന്ദനവും മനുഷ്യത്വത്തിന്റെ ഒടുവിലത്തെ തുടിപ്പും ഫലസ്തീന്‍ മണ്ണില്‍ നിലക്കാന്‍ തുടങ്ങിയത്. കഴിഞ്ഞ 14 മാസമായി ഗസ്സയിലെ ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ കണക്കുകൂട്ടലുകള്‍ക്കുമപ്പുറത്തെ ദുരിതങ്ങളും കഷ്ടപ്പാടുകളും യഥാര്‍ഥത്തില്‍ അവരുടെ ജീവിതം മരണക്കെണിയാക്കി മാറ്റിയിരിക്കുകയാണെന്ന് ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന രാഷ്ട്രാന്തരീയ സന്നദ്ധസംഘം ലോകമനസ്സാക്ഷിക്കു മുന്നില്‍ അവതരിപ്പിക്കുന്നു. നിരന്തരമായ ബോംബിംഗിനും ദയാരഹിതമായ ഉപരോധങ്ങള്‍ക്കും ജീവന്‍രക്ഷാ സഹായങ്ങളുടെ തടയലിനും മധ്യേ ഗസ്സയിലെ ജനങ്ങള്‍ ജീവന്‍ നിലനിര്‍ത്താനുള്ള അത്യപൂര്‍വമായ ഒരു പോരാട്ടത്തിലാണ്.

തന്റെ ജീവിതത്തിലെ ഇതഃപര്യന്ത ദൗത്യനിര്‍വഹണത്തിനിടയില്‍ ഇമ്മട്ടില്‍ ഒരു സമൂഹത്തെ ക്രമാനുഗതമായി പൊളിച്ചടക്കുന്നതിന്റെ ഭീകര കാഴ്ച കാണേണ്ടിവന്നിട്ടില്ലെന്ന് സാന്‍ ഫ്രോണ്ടിയേഴ്‌സ് സൗത്ത് ഏഷ്യ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫര്‍ഹത് മണ്ടു നടുക്കത്തോടെ വെളിപ്പെടുത്തുന്നു. ഫലസ്തീനികള്‍ക്ക് ഒരുതരത്തിലുള്ള വൈദ്യസഹായവും നല്‍കാന്‍ പാടില്ല എന്ന ദുശ്ശാഠ്യത്തോടെ ആരോഗ്യ പ്രവര്‍ത്തകരുടെ വിദഗ്ധ സംഘത്തെ സംഘര്‍ഷ ഭൂമിയില്‍ നിന്ന് തുരത്താനുള്ള ഹീനശ്രമങ്ങളാണ് ഇസ്റാഈലിന്റെ ഭാഗത്ത് നിന്ന് അരങ്ങേറിയത്. 2023 ഒക്ടോബറിനും 2024 ഒക്ടോബറിനും ഇടയില്‍ 43 തവണ ഈ സന്നദ്ധ സംഘത്തിനു നേരെ സയണിസ്റ്റ് ആക്രമണങ്ങളുണ്ടായത്രെ. വ്യോമാക്രമണങ്ങളും ഷെല്ലിംഗും ചികിത്സാ കേന്ദ്രങ്ങളിലേക്കുള്ള ഇരച്ചുകയറ്റവും പതിവ് സംഭവമായി. സംഘടനയുടെ സെക്രട്ടറി ജനറല്‍ ക്രിസ്റ്റോ ഫര്‍ലോകിയര്‍ അടുത്തിടെ ഗസ്സ സന്ദര്‍ശിച്ച ശേഷം നല്‍കിയ റിപോര്‍ട്ടിന്റെ രത്നച്ചുരുക്കമിതാണ്: ഫലസ്തീനികളെ നിര്‍ബന്ധിച്ച് ആട്ടിയോടിച്ചോ മരണക്കെണിയില്‍ കുടുക്കിയോ ബോംബിട്ട് ഉന്മൂലനം ചെയ്തോ എല്ലാ അര്‍ഥത്തിലും വംശവിച്ഛേദനം ലക്ഷ്യമിട്ടാണ് സൈനികാക്രമണങ്ങള്‍ തുടരുന്നത്. മുമ്പ് പ്രതിദിനം 500 ട്രക്ക് ഭക്ഷണ സാധനങ്ങളും വെള്ളവും മരുന്നും ചികിത്സാ ഉപകരണങ്ങളും മുനമ്പിലേക്ക് എത്തിയ സ്ഥാനത്ത് ഇന്ന് 27 ട്രക്കുകളാണ് എത്തുന്നത്. എത്തിയാല്‍ തന്നെ അവ വിതരണം ചെയ്യാതിരിക്കാന്‍ കാണിക്കുന്ന ശുഷ്‌കാന്തി! തൊണ്ട വരണ്ട്, കാലിയായ വയറുമായി ഒരു ജനതക്ക് എത്രനാള്‍ ജീവിക്കാനാകും? മികച്ച 36 ആശുപത്രികള്‍ പ്രവര്‍ത്തിച്ച ഒരു മേഖല ഇന്ന് എല്ലാം തകര്‍ക്കപ്പെട്ട അവസ്ഥയിലാണ്. സയണിസ്റ്റ് ബോംബിംഗില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ചോര വാര്‍ന്ന് മരിക്കാനാണ് വിധി.

ആര്‍ക്ക് രക്ഷിക്കാനാകും?
ഈ ദുരന്തമുഖത്ത് നിന്ന് ഫലസ്തീനികളെ ആര്‍ക്കാണ് രക്ഷിക്കാനാകുക? യു എന്‍ എന്ന അന്താരാഷ്ട്ര വേദി എന്നോ മരിച്ചുകഴിഞ്ഞു. ലോകസമാധാനം കാത്തുസൂക്ഷിക്കാന്‍ ബാധ്യസ്ഥമായ ആ കൂട്ടായ്മ ഇന്ന് വന്‍ശക്തികളുടെ കൈയിലെ പാവയാണ്. ഇസ്റാഈലിനെ നിലക്കുനിര്‍ത്താന്‍ ഒരു ശക്തിക്കേ കഴിയൂ. അത് അമേരിക്കയാണ്. അമേരിക്കയുടെ മുന്നില്‍ യു എന്‍ കാലഹരണപ്പെട്ട ഒരാശയം മാത്രമാണ്. ഫലസ്തീനികളെ മുഴുവന്‍ കൊന്നൊടുക്കി സയണിസ്റ്റ് കൊടും ഭീകരത പുറത്തെടുത്താലും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിക്ക് നെതന്യാഹുവിനെ യു എസ് പ്രസിഡന്റ് വിട്ടുകൊടുക്കില്ല. സ്വപ്നത്തിലുള്ള ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായി കണ്ടുവെച്ച ജറൂസലമിനെ ജൂതരാഷ്ട്രത്തിന്റെ തലസ്ഥാനമായി മനസ്സില്‍ കണ്ട് യു എസ് നയതന്ത്രാലയം 2018 മെയ് 14ന് ‘പുണ്യഭൂമി’യിലേക്ക് മാറ്റിയത് ട്രംപ് ഭരണകൂടമാണ്. ദിവസങ്ങള്‍ക്കകം ട്രംപ് വീണ്ടും വൈറ്റ് ഹൗസിലേക്ക് എത്തുന്നതോടെ സയണിസത്തിന്റെ സ്വപ്നസാക്ഷാത്കാരത്തിനായി ആ ‘മതഭ്രാന്തന്‍’ വേണ്ടതൊക്കെ ചെയ്തുകൊടുക്കുമെന്ന കാര്യത്തില്‍ സംശയം വേണ്ട. യൂറോപ്യന്‍ ശക്തികളാകട്ടെ യു എസില്‍ നിന്ന് വ്യത്യസ്തമായ ഒരു നിലപാട് സ്വീകരിക്കില്ല എന്ന് മാത്രമല്ല, സയണിസത്തിന്റെയും ഇസ്റാഈലിന്റെയും വക്താക്കള്‍ക്ക് വേണ്ടി ഭൂപടത്തില്‍ നിന്ന് ഫലസ്തീന്‍ വിപാടനം ചെയ്യപ്പെട്ട് കാണാനാണ് അവരുടെ ആഗ്രഹം.

‘തൂഫാനുല്‍ അഖ്സ’ എന്ന് ഫലസ്തീനികളും അവരെ പിന്തുണക്കുന്നവരും വിശേഷിപ്പിക്കുന്ന 2023 ഒക്ടോബറിലെ ഹമാസിന്റെ നേതൃത്വത്തിലുള്ള ഇസ്റാഈലിന് എതിരായ ആക്രമണത്തിന്റെ പ്രത്യാഘാതമാണ് വംശഹത്യാ പ്രക്രിയ ത്വരിതപ്പെടുത്തിയതെങ്കില്‍, ഗസ്സ എന്ന കൊച്ചുദേശത്തിന് ആ നടപടിയിലൂടെ മുഴുവന്‍ ലോകത്തെയും ഉണര്‍ത്താന്‍ കഴിഞ്ഞുവെന്ന വിലയിരുത്തലാണ് മറ്റൊരു ഭാഗത്ത്. യൂറോപ്യന്‍ കോളനിവത്കരണം സ്ഥാപിച്ചെടുത്ത മൂല്യവ്യവസ്ഥയെ പുനഃപരിശോധിക്കാനുള്ള അന്തരീക്ഷമൊരുക്കുന്നതിനും ഫലസ്തീനിലെ യഹൂദ അധിനിവേശം യൂറോപ്യന്‍ അധിനിവേശത്തിന്റെ മറ്റൊരു രൂപം മാത്രമാണെന്ന ചിന്താഗതിക്ക് ആക്കം കൂട്ടാനും കഴിഞ്ഞ ഒന്നര വര്‍ഷത്തെ സംഭവവികാസങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. ഇന്ത്യയിലെ കോളനിവാഴ്ചക്ക് അന്ത്യം കുറിച്ച 1947ല്‍ സയണിസ്റ്റ് കോളനിവത്കരണത്തിന് തുടക്കമിട്ടപ്പോള്‍ വിഷയത്തെ അത്തരമൊരു പരിപ്രേക്ഷ്യത്തിലൂടെ അവതരിപ്പിക്കുന്നതില്‍ പരാജയപ്പെട്ടതാണ് ജൂത രാഷ്ട്രം എന്ന ആശയത്തിന് സ്വീകാര്യത നേടിക്കൊടുത്തതെന്ന് പലരുമിന്ന് സമ്മതിക്കുന്നുണ്ട്. അമേരിക്കയിലും ആസ്‌ത്രേലിയയിലും കാനഡയിലും ലാറ്റിനമേരിക്കയിലും യൂറോപ്യന്‍ കോളനിവാഴ്ചക്കാര്‍ ആ രാജ്യങ്ങളിലെ ആദിമ മനുഷ്യരെ കൊന്നൊടുക്കി സ്വന്തം രാജ്യം സ്ഥാപിച്ചെടുത്തത് ഇമ്മട്ടിലുള്ള വംശഹത്യയിലൂടെയാണെന്ന ചരിത്ര യാഥാര്‍ഥ്യം മറക്കാതിരിക്കുക.