From the print
ഗസ്സാ സമാധാനം: ബന്ദികളുടെ കൈമാറ്റത്തിൽ ആദ്യ ഘട്ടം പൂർത്തിയായി
ഇന്നലെ മോചിപ്പിച്ചത് 608 പേരെ

ജറൂസലം | അറുനൂറിലധികം ഫലസ്തീൻ ബന്ദികൾക്കും തടവുകാർക്കും പകരമായി ആറ് ഇസ്റാഈൽ ബന്ദികളെ കൂടി ഹമാസ് മോചിപ്പിച്ചു. ഗസ്സയിലെ റഫയിൽ നിന്ന് രണ്ട് പേരെയും നുസ്വീറത്തിൽ നിന്ന് മൂന്ന് പേരെയും ഒരാളെ ഗസ്സാ സിറ്റിയിൽ നിന്നുമാണ് മോചിപ്പിച്ചത്. ഇതിന് പകരമായി 602 ഫലസ്തീനികളെ ഇസ്റാഈലും മോചിപ്പിച്ചു. കഴിഞ്ഞ മാസം 19ന് പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന്റെ ആദ്യ ഘട്ടത്തിൽ മോചിപ്പിക്കേണ്ട 33 ബന്ദികളിൽ അവസാന സംഘത്തെയാണ് ഇന്നലെ കൈമാറിയത്.
കഴിഞ്ഞ ദിവസം ഹമാസ് കൈമാറിയ ബിബാസ് കുടുംബത്തിന്റെ മൃതദേഹങ്ങളിലൊന്ന് മാറിയതായി സംശയം ഉയർന്നിരുന്നു. രണ്ട് കുട്ടികളുടെ മൃതദേഹത്തിനൊപ്പം കൈമാറിയ മൃതദേഹം മാതാവ് ശിരി ബിബാസിന്റെതല്ലെന്നായിരുന്നു സംശയം. എന്നാൽ, മൃതദേഹം ശിരി ബിബാസിന്റെത് തന്നെയാണെന്ന് സ്ഥിരീകരണം വന്നു. ശിരിയുടെ മൃതദേഹം ഏറ്റുവാങ്ങിയതായി കുടുംബം വ്യക്തമാക്കുകയും ചെയ്തു. ശിരിയുടെ മക്കളായ കഫീറിന്റെയും ഏരിയലിന്റെയും മൃതദേഹം കുടുംബം കഴിഞ്ഞ ദിവസം തന്നെ ഏറ്റുവാങ്ങിയിരുന്നു.
ഭയപ്പെട്ടത് പോലെ…
“ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറൻസിക് മെഡിസിനിലെ തിരിച്ചറിയൽ നടപടികൾക്ക് ശേഷം, ഞങ്ങൾ ഏറ്റവും ഭയപ്പെട്ട ആ വാർത്ത ലഭിച്ചു. ഞങ്ങളുടെ ശിരി തടവിൽ കൊല്ലപ്പെട്ടു. ഇപ്പോൾ അവൾ വിശ്രമിക്കാനായി മക്കളും ഭർത്താവും സഹോദരിയുമുള്ള വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു’- ബിബാസ് കുടുംബം പ്രസ്താവനയിൽ പറഞ്ഞു.
ശിരിയും കുട്ടികളും എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന വിവരം കൈമാറാൻ ഇസ്റാഈൽ സർക്കാർ തയ്യാറാകുന്നില്ലെന്ന വിമർശം കൂടി ബിബാസ് കുടുംബം ഉന്നയിക്കുന്നു.
വെടിനിർത്തൽ കരാർ പ്രകാരം, വ്യാഴാഴ്ചയാണ് ബിബാസിന്റെയും രണ്ട് ചെറിയ ആൺമക്കളുടെയും മറ്റൊരു ബന്ദിയുടെയും മൃതദേഹം ഹമാസ് കൈമാറിയത്. 2023 നവംബറിൽ ഇസ്റാഈൽ നടത്തിയ വ്യോമാക്രമണത്തിലാണ് കുട്ടികളും മാതാവും കൊല്ലപ്പെട്ടതെന്ന് ഹമാസ് വിശദീകരിച്ചിരുന്നു. എന്നാൽ, നാല് മൃതദേഹങ്ങളിലൊന്ന് ശിരി ബിബാസിന്റെതല്ലെന്ന് ഇസ്റാഈൽ ആരോപിച്ചു. ഇത് ചൂണ്ടിക്കാട്ടി, കരാർ ലംഘനമുണ്ടായെന്നും ഹമാസ് വലിയ വില നൽകേണ്ടിവരുമെന്നും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. സംഘർഷ മേഖലയിൽ നിന്നുള്ളതാകയാൽ, മൃതദേഹം കൂടിക്കലരാൻ സാധ്യതയുണ്ടെന്ന് ഹമാസ് സമ്മതിച്ചെങ്കിലും മൃതദേഹം മാറിയിട്ടില്ലെന്ന സ്ഥിരീകരണം വൈകാതെ ലഭിക്കുകയായിരുന്നു.