From the print
കൊടും ശൈത്യത്തിൽ വിറങ്ങലിച്ച് ഗസ്സ; ഒറ്റ രാത്രിയിൽ ആറ് കുഞ്ഞുങ്ങൾ മരിച്ചു
മൊബൈൽ ഹോമുകളും കൂടാരങ്ങളും തകർത്ത് ഇസ്‌റാഈൽ

ഗസ്സ | കൊടുംശൈത്യത്തെ തുടർന്ന് ഗസ്സയിൽ ഒറ്റ രാത്രിയിൽ ആറ് ഫലസ്തീൻ കുഞ്ഞുങ്ങൾ മരിച്ചു. മരിച്ചവരിൽ മൂന്ന് കുഞ്ഞുങ്ങൾ നവജാത ശിശുക്കളാണ്. ജനിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് മരണമെന്ന് ഫ്രന്റ്സ് ഓഫ് ദ പേഷ്യന്റ് ചാരിറ്റബിൾ ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ. സഈദ് സ്വലാഹ് പറഞ്ഞു. ഖാൻ യൂനുസിലെ മവാസിയ അഭയാർഥി ക്യാമ്പിൽ 60 ദിവസം പ്രായമുള്ള കുഞ്ഞും മരിച്ചു.
ഐക്യരാഷ്ട്ര സഭയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഡിസംബറിൽ ഹൈപ്പോതെർമിയ ബാധിച്ച് എട്ട് നവജാത ശിശുക്കളാണ് ഗസ്സയിൽ മരിച്ചത്.
ഇസ്‌റാഈൽ- ഹമാസ് വെടിനിർത്തൽ കരാർ പ്രാബല്യത്തിലായെങ്കിലും ഫലസ്തീൻ പ്രദേശത്ത് ടെന്റുകളും മൊബൈൽ ഹോമുകളും സജ്ജീകരിക്കുന്നതിന് ഇസ്‌റാഈൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത് മൂലം കഠിന ദുരിതത്തിലാണ് ഗസ്സക്കാർ. കിഴക്കൻ ജറൂസലമിൽ അൽ അഖ്‌സ മസ്ജിദിന് തെക്കായി അൽ ബുസ്താനിന് സമീപത്തെ സിൽവാനിൽ രണ്ട് മൊബൈൽ ഹോമുകൾ ഇസ്‌റാഈൽ സൈന്യം തകർത്തു. മൂന്ന് മാസം മുമ്പ് ഇസ്‌റാഈൽ ആക്രമണത്തിൽ തകർന്ന വീടുകളിലെ കുടുംബങ്ങളാണ് ഈ മൊബൈൽ ഹോമുകളിൽ കഴിഞ്ഞിരുന്നത്. ഇസ്‌റാഈൽ അനുമതി ലഭിക്കാത്തതിനെ തുടർന്ന് ഈജിപ്തിനോട് ചേർന്ന റഫ അതിർത്തിയിൽ ആയിരക്കണക്കിന് മൊബൈൽ ഹോമുകളാണ് കൂട്ടിയിട്ടിരിക്കുന്നത്. മൊബൈൽ ഹോമുകൾ സജ്ജീകരിക്കാനായാൽ താത്കാലികമായെങ്കിലും കൊടുംശൈത്യത്തിൽ ചെറിയ ആശ്വാസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഗസ്സക്കാർ.
അധിനിവിഷ്ട കിഴക്കൻ ജറൂസലമിന് വടക്കുകിഴക്കായി ഇസ്സാവിയയിൽ ഇരച്ചെത്തിയ സൈന്യം നിരവധി കൃഷിയിടങ്ങൾ നശിപ്പിച്ചു. കന്നുകാലികളുടെ കൂടുകൾ തകർക്കുകയും മരങ്ങൾ വേരോടെ പിഴുതെറിയുകയും ചെയ്തു. ഹെബ്രോണിലും നബ്‌ലസിലും കൂടുതൽ സൈനിക വാഹനങ്ങൾ വിന്യസിക്കുന്നതിനിടെയാണ് ഗ്രാമപ്രദേശങ്ങളിലും വ്യാപക ആക്രമണം നടത്തുന്നത്.
പതിനായിരക്കണക്കിന് ഫലസ്തീനികൾ ഇസ്‌റാഈൽ തകർത്ത കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ താത്കാലിക കൂടാരങ്ങളിലാണ് കഴിയുന്നത്. കഠിന ശൈത്യത്തിൽ രക്ഷ നേടാൻ മതിയായ വസ്ത്രങ്ങളോ പുതപ്പുകളോ ഇവർക്കില്ല. ജീവൻ രക്ഷിക്കാൻ ചെറുചൂട് പോലും ലഭിക്കാതെ ഹൈപ്പോതെർമിയ പിടിപെട്ടാണ് കുഞ്ഞുങ്ങൾ മരിക്കുന്നത്.
അതിനിടെ, അധിനിവിഷ്ട വെസ്റ്റ്ബാങ്കിലെ വടക്കൻ ഭാഗമായ നബ്‌ലസിൽ ഇസ്‌റാഈൽ സൈനികാക്രമണം തുടരുകയാണ്. വെടിവെപ്പിൽ ഒരു വൃദ്ധന് ഗുരുതര പരുക്കേറ്റു. പഴയ നഗരത്തിന് സമീപത്ത് നിന്ന് മെഡിക്കൽ ജീവനക്കാരെയും മാധ്യമ പ്രവർത്തകരെയും പിരിച്ചുവിടാൻ സൈന്യം കണ്ണീർ വാതകം പ്രയോഗിച്ചു.