Connect with us

From the print

അധിനിവേശത്തിന് ഒന്പത് മാസം തോൽക്കാതെ ഗസ്സ

യു എൻ സ്കൂളിന് നേരെ വ്യോമാക്രമണം

Published

|

Last Updated

കൈറോ/ ഗസ്സ | ഗസ്സ മുനമ്പിൽ ഇസ്‌റാഈൽ കൂട്ടക്കൊല ഒമ്പത് മാസം പിന്നിടുന്നു. കര, വ്യോമാക്രമണങ്ങൾ നടന്ന പ്രദേശങ്ങളിൽ മൃതദേഹങ്ങൾ കൂട്ടിയിട്ട നിലയിലാണ്. ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ അഭയാർഥി ക്യാമ്പുകളും വീടുകളും ലക്ഷ്യമിട്ട് ഇസ്‌റാഈൽ ആക്രമണം തുടരുകയാണ്. മധ്യ ഗസ്സയിലെ നുസ്വീറത്ത് അഭയാർഥി ക്യാമ്പിലെ സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 16 പേരാണ് കൊല്ലപ്പെട്ടത്. 75ലേറെ പേർക്ക് പരുക്കേറ്റു. യുനൈറ്റഡ് നാഷൻസ് റിലീഫ് ആൻഡ് വർക്‌സ് ഏജൻസി (യു എൻ ആർ ഡബ്ല്യു എ) യുടെ നിയന്ത്രണത്തിലുള്ളതാണ് സ്‌കൂൾ.

ഗസ്സ സിറ്റിയിലെ ശൈഖ് റദ്‌വാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ആറ് ഫലസ്തീനികൾ കൊല്ലപ്പെട്ടു. വടക്കൻ മേഖലയിലെ അൽ മിനായിലുണ്ടായ ആക്രമണത്തിൽ മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. മധ്യ ഗസ്സയിലെ ദെയ്ർ അൽ ബലാഹിന് സമീപമുള്ള അസ്സവായ്ദയിൽ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ നഗരമായ റഫയിൽ നിന്ന് കൈയാമം വെച്ച നിലയിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു.
ഗസ്സയിലെ ഡെപ്യൂട്ടി തൊഴിൽ മന്ത്രി ആക്രമണത്തിൽ കൊല്ലപ്പെട്ടതായി സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. ഒക്‌ടോബർ ഏഴിന് തുടങ്ങിയ അധിനിവേശത്തിൽ 38,153 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്.

പുനരാരംഭിച്ച് ചർച്ച
അമേരിക്ക മുന്നോട്ടുവെച്ച ബന്ദിമോചന നിർദേശം ഹമാസ് നേതൃത്വം അംഗീകരിച്ചെങ്കിലും ഇസ്‌റാഈൽ നിലപാട് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. കരാറിൽ ഒപ്പിടുന്നതിന് മുമ്പ് ഇസ്‌റാഈൽ ശാശ്വത വെടിനിർത്തൽ നടപ്പാക്കണമെന്ന ആവശ്യത്തിൽ നിന്നാണ് ഹമാസ് പിന്മാറിയത്. നിലപാട് മധ്യസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും ഇസ്‌റാഈൽ നിലപാട് അറിയാൻ കാത്തിരിക്കുകയാണെന്നും ഹമാസ് നേതൃത്വം വാർത്താ ഏജൻസിയോട് പറഞ്ഞു.
ബന്ദിമോചനം, വെടിനിർത്തൽ എന്നീ വിഷയത്തിൽ ചർച്ചക്കായി ഇസ്റാഈൽ പ്രതിനിധി സംഘം ഇന്ന് ഖത്വറിലേക്ക് തിരിക്കുമെന്നാണ് വിവരം. യു എസ് രഹസ്യാന്വേഷണ സംഘടനയായ സി ഐ എ ഡയറക്ടർ വില്യം ബേൺസ്, മൊസാദ് മേധാവി ഡേവിഡ് ബർണിയ, ഖത്വർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽറഹ്‌മാൻ, ഈജിപ്ത് രഹസ്യാന്വേഷണ വിഭാഗം മേധാവി അബ്ബാസ് കാമെൽ എന്നിവർ ചർച്ചകളിൽ പങ്കെടുക്കും. യു എസ് പ്രസിഡന്റ്ജോ ബൈഡനാണ് പുതിയ നിർദേശം മുന്നോട്ടുവെച്ചത്. അനുരഞ്ജന ചർച്ചകൾ ഈയാഴ്ച നടക്കുമെന്ന് ഇസ്‌റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇസ്‌റാഈലിൽ പ്രതിഷേധം
ബന്ദിമോചനം ഉടൻ സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‌റാഈലിലെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറി.

---- facebook comment plugin here -----

Latest