Articles
ഗസ്സ അതിജീവനത്തിലേക്ക് തിരികെ നടക്കുന്നു
ആത്മഹത്യ ചെയ്യുന്നവരും മാനസിക വിഭ്രാന്തിയില്‍ അകപ്പെട്ടവരും ദാരുണമായി കൊല്ലപ്പെട്ടവരും ജോലിയില്‍ നിന്ന് വിരമിച്ചവരും യുദ്ധമുഖത്ത് നിന്ന് ഓടിപ്പോയവരുമായി ലോകത്തിലെ ഒന്നാം നമ്പര്‍ സൈന്യം തോറ്റുപോയതിന്റെ കൂടി ബാക്കിപത്രമാണ് ഈ യുദ്ധം. ഫലസ്തീനികളെ അംഗീകരിക്കാന്‍ തയ്യാറാകുന്ന നിമിഷം മുതല്‍ ഈ സംഘര്‍ഷം അവസാനിക്കുന്നതിന്റെ ആരംഭം കുറിക്കും.
കഴിഞ്ഞ പതിനഞ്ച് മാസമായി ഇസ്‌റാഈല്‍ സൈന്യം ഗസ്സക്ക് മുകളില്‍ നിത്യവും ബോംബ് വര്‍ഷിക്കുന്നു. മിക്കവാറും ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ പോലും ബോംബിംഗ് നടത്താത്തതായിട്ടില്ല. ലോകചരിത്രത്തില്‍ ഇന്നോളം ഉണ്ടായ ഒരു യുദ്ധത്തിലും ഇത്ര ചെറിയ പ്രദേശത്ത് ഇത്ര കൂടുതല്‍ വിനാശകരമായ ബോംബുകള്‍ വര്‍ഷിച്ചിട്ടില്ലെന്നാണ് കണക്കുകള്‍. ലിറ്റില്‍ ബോയ് എന്നറിയപ്പെടുന്ന അണുബോംബുകള്‍ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്കന്‍ സേന പ്രയോഗിച്ചിട്ടുണ്ട്. അത് ഒരിക്കല്‍ മാത്രമാണ് സംഭവിച്ചത്. ഗസ്സയെന്നത് 365 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ്. 40 കിലോമീറ്റര്‍ നീളവും പത്ത്-പതിനഞ്ച് കിലോമീറ്റര്‍ വീതിയുമുള്ള സമ്പൂര്‍ണ, തുറന്ന തടവറ. ടണല്‍ മുഖം പോലെ ഈജിപ്തിലേക്ക് തുറക്കുന്ന റഫ പട്ടണത്തിന്റെ ഒരതിര്‍ത്തിയുണ്ട്. 1979ല്‍ ഈജിപ്തുമായുണ്ടാക്കിയ ഫിലാഡല്‍ഫിയ കരാര്‍ കാലം മുതല്‍ ഈ അതിര്‍ത്തിയും ഇസ്‌റാഈലിന്റെ നിയന്ത്രണത്തിലായി. ചുരുക്കത്തില്‍ ലോകത്തെ ഏറ്റവും ജനസാന്ദ്രതയുള്ള നരകയാതന അനുഭവിക്കുന്ന ഭൂപ്രദേശമായി ഗസ്സ.
ഇവിടെയുള്ളത് 23 ലക്ഷം ജനങ്ങളാണ്. ഏറെയും കുട്ടികളും സ്ത്രീകളും. എല്ലാവരും മരണം കാത്ത് കഴിയുന്നവര്‍. തങ്ങള്‍ക്കുള്ള കുഴിമാടങ്ങള്‍, അഥവാ ഖബ്‌റുകള്‍ കുഴിച്ച് അതില്‍ കളിക്കുന്ന ബാലികമാരുള്ള പ്രദേശം. മരിച്ചാല്‍ തിരിച്ചറിയാന്‍ കൈകളില്‍ പേരുകള്‍ എഴുതിവെക്കുന്ന പിഞ്ചു കുട്ടികളുടെ നാട്. താന്‍ കൊല്ലപ്പെട്ടാല്‍ തന്റെ ഉടുപ്പുകളും കളിപ്പാട്ടങ്ങളും ഏതെല്ലാം കൂട്ടുകാര്‍ക്ക് കൊടുക്കണമെന്ന് വസ്വിയ്യത്തെഴുതുന്ന വിദ്യാര്‍ഥികളുള്ള അത്യപൂര്‍വ നഗരം. 2023 ഒക്ടോബര്‍ ഏഴിനുണ്ടായ സംഭവ വികാസങ്ങളുടെ അനന്തര ഫലമായി മനുഷ്യത്വമില്ലാതെ അവര്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. യാതൊരു യുദ്ധനീതിയും പാലിക്കാതെയുള്ള വംശഹത്യ. ഒടുവില്‍ ഇതേ ജനതയുടെ നേതൃത്വത്തോട് തന്നെ ഇസ്‌റാഈല്‍ സന്ധിക്ക് തയ്യാറായിരിക്കുന്നു. അത് മറ്റൊരു ചതിയായിരുന്നുവെന്ന് ലോകം വൈകാതെ മനസ്സിലാക്കും. ചതിയുടെ ചരിത്രമാണല്ലോ സയണിസത്തിന്റേത്.
അമേരിക്കയുടെ വിശാല പിന്തുണയോടെ ഗസ്സയെ ഇസ്‌റാഈല്‍ ചുട്ടുചാമ്പലാക്കി. 81 ശതമാനം കെട്ടിടങ്ങള്‍ തകര്‍ത്തു. 40 കോടി ടണ്‍ വരും യുദ്ധത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍. അതെല്ലാം എടുത്തുമാറ്റാന്‍ മാത്രം ആറായിരം കോടിയിലധികം രൂപ വരും. ഈ കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ലോറികളില്‍ നിക്ഷേപിച്ചാല്‍ അതിന്റെ ക്യൂ ന്യൂയോര്‍ക്ക് മുതല്‍ സിംഗപ്പൂര്‍ വരെ നീണ്ടുകിടക്കും. ഏഴ് ലക്ഷം കോടി രൂപ വേണം ഗസ്സ പുനര്‍നിര്‍മിക്കാന്‍. എത്രമാത്രം ക്രൂരതയാണ് സയണിസ്റ്റ് ഭരണകൂടം ഒരു നാടിന് മേല്‍ ചെയ്തുകൂട്ടിയത്? എന്തിന് വേണ്ടിയായിരുന്നു? അവര്‍ യുദ്ധത്തിന് തീരുമാനിച്ചത് പുറമേക്ക് മൂന്ന് സൈനിക ലക്ഷ്യങ്ങള്‍ പറഞ്ഞുകൊണ്ടായിരുന്നു. ഹമാസിനെ ഇല്ലായ്മ ചെയ്യുക, ബന്ദികളെ മോചിപ്പിക്കുക, ഗസ്സയില്‍ നിന്ന് ഇനിയൊരു ഭീഷണിയില്ലാത്ത വിധം ഇസ്‌റാഈലിനെ സുരക്ഷിതമാക്കുക. ഇവയിലൊന്ന് പോലും പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായില്ലെന്ന് മാത്രമല്ല, ആരെയാണോ ഇല്ലായ്മ ചെയ്യുമെന്ന് പറഞ്ഞത് അതേ ഹമാസുമായിട്ടാണ് വെടിനിര്‍ത്തല്‍ കരാറില്‍ അവരേര്‍പ്പെടുന്നത്.
യുദ്ധം നടന്ന ഓരോ ദിവസവും ഒരു ഇസ്‌റാഈലി സൈനികന്‍ കൊല്ലപ്പെട്ടു എന്ന തോതില്‍ സൈനിക തിരിച്ചടി ആദ്യമായാണ് അവര്‍ അഭിമുഖീകരിക്കുന്നത്. വടക്കന്‍ ഇസ്‌റാഈലില്‍ നിന്ന് ഒരു ലക്ഷം പൗരന്മാരെ അഭയാര്‍ഥി ക്യാമ്പുകളിലേക്ക് മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. 251 ബന്ദികളില്‍ മൂന്ന് പേരെ മാത്രമാണ് ഐ ഡി എഫിന് മോചിപ്പിക്കാനായത്. വടക്കന്‍ ഗസ്സയും മധ്യ ഗസ്സയും ശവപ്പറമ്പായി. അവശേഷിക്കുന്ന ഏതാനും മൈലുകള്‍ക്കുള്ളില്‍ ഒളിപ്പിക്കപ്പെട്ട ബന്ദികളെ കണ്ടെത്താന്‍ ഇസ്‌റാഈലിന് സാധിച്ചില്ലെന്നത് ചെറിയ നാണക്കേടല്ല അവര്‍ക്കുണ്ടാക്കിയിരിക്കുന്നത്. ഇതിനോടകം 71 ഇസ്‌റാഈല്‍ ബന്ദികള്‍ അവരുടെ തന്നെ ബോംബാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു.
വലിയ സുരക്ഷയിലാണ് ഇസ്‌റാഈല്‍ ജനത കഴിഞ്ഞിരുന്നത്. എന്നാല്‍ 2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇസ്‌റാഈല്‍ മണ്ണിലേക്ക് ഗസ്സയില്‍ നിന്ന് മാത്രമല്ല ഇറാന്‍, യമന്‍, ലബനാന്‍, ഇറാഖ് പോലുള്ള പ്രദേശങ്ങളില്‍ നിന്ന് പോലും മിസൈലുകളും റോക്കറ്റുകളും പതിച്ചു. ഇസ്‌റാഈലിന്റെ പ്രതിരോധ സംവിധാനങ്ങള്‍ പഴുതടച്ചതല്ലെന്ന് ലോകത്തിന് ബോധ്യമായി. അതിന്റെ ഫലമായി ഇസ്‌റാഈല്‍ പൗരത്വം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം 300 ശതമാനമായി വര്‍ധിച്ചു. സുരക്ഷാ ഭീഷണി ഒഴിവാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല, ഒട്ടും സുരക്ഷിതമല്ലാത്ത ലോകത്തെ ഭൂപ്രദേശമായി ഇസ്‌റാഈല്‍ മാറി. മന്ത്രിസഭാ യോഗങ്ങള്‍ പോലും ഭൂമിക്കടിയിലെ ബങ്കറിലേക്ക് മാറ്റേണ്ടി വന്നു.
ഇസ്മാഈല്‍ ഹനിയ്യ, യഹ്്യ സിന്‍വാര്‍, മുഹമ്മദ് ദൈഫ്, മര്‍വാന്‍ ഈസ തുടങ്ങിയ ഹമാസിന്റെ തലമുതിര്‍ന്ന നേതാക്കളെ ഇതിനോടകം ഇസ്‌റാഈല്‍ വധിച്ചുവെങ്കിലും ഹമാസ് പൊരുതിക്കൊണ്ടിരിക്കുന്നു. “നിഴല്‍’ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന യഹ്്യ സിന്‍വാറിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍ നേതൃത്വം ഏറ്റെടുത്തുവെന്ന് പറയപ്പെടുന്നു. പുതുതായി ചെറുപ്പക്കാരെ സൈന്യത്തിലേക്ക് എടുത്തു കൊണ്ടിരിക്കുകയാണ് ഹമാസെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.
50,000 പേര്‍ കൊല്ലപ്പെട്ടു. ഒന്നേക്കാല്‍ ലക്ഷം ആളുകള്‍ മരണത്തോട് മല്ലിടുന്നു. എന്നിട്ടും ഇസ്‌റാഈലിന് മുന്നില്‍ ആരും മാപ്പിരന്നില്ല. അതേസമയം, ഇസ്‌റാഈല്‍ ആഭ്യന്തരമായി ഭിന്നിച്ചു കഴിഞ്ഞു. പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റിന് പുറത്ത് പോകേണ്ടി വന്നു. യുദ്ധ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ രാജി വെച്ചു. ഹമാസിന് കീഴടങ്ങുന്ന കരാറിനോട് എതിര്‍പ്പ് പ്രകടിപ്പിച്ച് ധനകാര്യ മന്ത്രിയും സുരക്ഷാ മന്ത്രിയും രാജി ഭീഷണി മുഴക്കിയിരിക്കുന്നു. നെതന്യാഹു ഇസ്‌റാഈല്‍ സുരക്ഷയെ കൂടുതല്‍
പ്രതിസന്ധിയിലകപ്പെടുത്തിയിരിക്കുകയാണെന്നാണ് തീവ്ര വലതുപക്ഷം ആക്ഷേപിക്കുന്നത്. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറയുന്നത്, യുദ്ധാനന്തര ഗസ്സയെക്കുറിച്ച് വ്യക്തമായ പദ്ധതിയില്ലാതെ, പകരമെന്തെന്ന് തീരുമാനിക്കാതെ യുദ്ധം ചെയ്യുന്നതില്‍ കാര്യമില്ലെന്ന് താന്‍ പലവട്ടം ഇസ്‌റാഈല്‍ നേതൃത്വത്തോട് പറഞ്ഞുകൊടുത്തുവെന്നാണ്.
ചുരുക്കത്തില്‍ രാഷ്ട്രീയമോ സൈനികമോ ആയ ലക്ഷ്യങ്ങളുടെ അടുത്ത് പോലും എത്താന്‍ കഴിയാതിരുന്ന, ഇസ്‌റാഈല്‍ യുദ്ധചരിത്രത്തിലെ കറുത്തൊരു അധ്യായമായി മാറിയിരിക്കുകയാണ് ഗസ്സ ഓപറേഷന്‍. 204 ജേര്‍ണലിസ്റ്റുകളും 1,281 ആരോഗ്യ പ്രവര്‍ത്തകരും 333 യു എന്‍ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ട ആദ്യ യുദ്ധവും ഇതുതന്നെയാണ്. കൊന്നൊടുക്കി നശിപ്പിക്കുമെന്ന് ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കിയിരുന്നു. “പോയി തീര്‍ത്തിട്ട് വാ മക്കളെ’ എന്ന് പ്രതിരോധ മന്ത്രിയായിരുന്ന യോവ് ഗാലന്റ് സൈന്യത്തെ ആശീര്‍വദിച്ചിരുന്നു. ആ സൈന്യം പിന്നീട് എത്തിച്ചേര്‍ന്ന അവസ്ഥ ലോകം കണ്ടു കഴിഞ്ഞു. ആത്മഹത്യ ചെയ്യുന്നവരും മാനസിക വിഭ്രാന്തിയില്‍ അകപ്പെട്ടവരും ദാരുണമായി കൊല്ലപ്പെട്ടവരും ജോലിയില്‍ നിന്ന് വിരമിച്ചവരും യുദ്ധമുഖത്ത് നിന്ന് ഓടിപ്പോയവരുമായി ലോകത്തിലെ ഒന്നാം നമ്പര്‍ സൈന്യം തോറ്റുപോയതിന്റെ കൂടി ബാക്കിപത്രമാണ് ഈ യുദ്ധം. ഫലസ്തീനികളെ അംഗീകരിക്കാന്‍ തയ്യാറാകുന്ന നിമിഷം മുതല്‍ ഈ സംഘര്‍ഷം അവസാനിക്കുന്നതിന്റെ ആരംഭം കുറിക്കും. അതിന് വേണ്ടത് ദീര്‍ഘദൃഷ്ടിയോടെ ചിന്തിച്ച് പക്വതയോടെ നിലപാടെടുക്കാന്‍ കഴിയുന്ന ഒരു നേതൃത്വം ഇസ്‌റാഈലിന് ഉണ്ടാകുകയാണ്. ആയുധ ശക്തി കൊണ്ട് മനഃശക്തിയെ തോല്‍പ്പിക്കാന്‍ സാധ്യമല്ല.