Articles
ഗസ്സ: വംശീയ ഉന്മൂലനത്തിന്റെ പശ്ചിമേഷ്യന്‍ കാഴ്ചകള്‍
മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയാണ് ഗസ്സ നേരിടുന്നത്. കഴിഞ്ഞ 145 ദിവസമായി ഗസ്സയിലെ പാവപ്പെട്ട മനുഷ്യര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അതിതീവ്രവും പൈശാചികവുമായ ബോംബാക്രമണം ലോകത്തെ മറ്റൊരു ജനതയും നേരിട്ടിട്ടുണ്ടാകില്ല. പതിനായിരത്തിലധികം കുഞ്ഞുങ്ങളാണ് കൂട്ടക്കുരുതിക്കിരയായിരിക്കുന്നത്. ഗസ്സ മുനമ്പില്‍ മാത്രം മുപ്പതിനായിരത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13,345 പേര്‍ കുട്ടികളും 7,271 പേര്‍ സ്ത്രീകളുമാണ്.
മാനുഷിക ചരിത്രത്തില്‍ ഇത്രയധികം ദുരിതം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജനത വേറെയുണ്ടാകുമോ എന്നത് സംശയമാണ്. സ്വന്തം രാജ്യത്ത് അഭയാര്‍ഥികളേക്കാള്‍ പ്രയാസത്തില്‍ ജീവിച്ചുകൊണ്ടിരിക്കുന്ന ഫലസ്തീന്‍ ജനത. ഏതെങ്കിലും ഒരു പ്രതിഷേധ സംഗമത്തില്‍ ഒതുങ്ങി തീരേണ്ടതാണോ ഈ മര്‍ദിത ജനവിഭാഗത്തോടുള്ള നമ്മുടെ ഐക്യദാര്‍ഢ്യം.
തീരാദുരിതത്തില്‍ ജീവിച്ചു കൊണ്ടിരിക്കുകയും തങ്ങളുടെ ജന്മദേശത്ത് തടവറയിലെ ജീവിതം അനുഭവിക്കുകയും ചെയ്യുന്ന ജനത. ഓരോ ദിവസവും ഇസ്റാഈല്‍ പട്ടാളക്കാരുടെ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയമായി കൊല്ലപ്പെടുകയും മൃതപ്രായരായി ജീവിക്കുകയും തുറുങ്കിലകപ്പെടുകയും ചെയ്യുന്നവരുടെ സ്വാഭാവിക പ്രതികരണമായിരുന്നു 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്റാഈലിലേക്ക് നടത്തിയ മിന്നലാക്രമണം. ഇസ്റാഈല്‍- ഫലസ്തീന്‍ പ്രശ്നത്തെ കുറിച്ച് നിരീക്ഷിക്കുന്ന എല്ലാവരും ഇതേ അഭിപ്രായക്കാരാണ്. ഈ മിന്നലാക്രമണം ഇസ്റാഈലിനെ മാത്രമല്ല അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യ രാജ്യങ്ങളെയും എത്രമാത്രം പ്രകോപിപ്പിക്കുകയും അസ്വസ്ഥമാക്കുകയും ചെയ്തു എന്നുള്ളതാണ് പിന്നീട് നാം കാണുന്നത്. ലോകത്തെ ഏറ്റവും വലിയ സുരക്ഷിത രാജ്യം, എത്ര പെട്ടെന്നാണ് അവരുടെ എല്ലാ സുരക്ഷിത സംവിധാനങ്ങളും ചിന്നിച്ചിതറിയത്.
ഗസ്സയും ഇസ്റാഈലും
ഈജിപ്തും ഇസ്റാഈലും അതിരിടുന്ന മെഡിറ്ററേനിയന്‍ സമുദ്രത്തിന്റെ കിഴക്കന്‍ തീരത്ത് സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് ഗസ്സാ മുനമ്പ്. ഭൂമിയിലെ ഏറ്റവും ജനസാന്ദ്രതയുള്ള സ്ഥലമാണിത്. ആകെ 360 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഈ പ്രദേശത്ത് ഏകദേശം 23 ലക്ഷത്തിലധികം ജനങ്ങള്‍ തിങ്ങി നിറഞ്ഞ് താമസിക്കുകയാണ്. ഗസ്സയുടെ കരപ്രദേശവും ഗസ്സയുടെ പരിധിയില്‍ വരുന്ന സമുദ്രാതിര്‍ത്തികളും ഇസ്റാഈല്‍ കൈയടക്കി വെച്ചിരിക്കുകയാണ്. ഇതുവഴി ഗസ്സക്ക് പുറത്തേക്കുള്ള, കരയിലൂടെയോ കടലിലൂടെയോ ഉള്ള ജനങ്ങളുടെയും ചരക്കുകളുടെയും നീക്കങ്ങളെ ഇസ്റാഈല്‍ നിയന്ത്രിക്കുന്നു.
1967 ജൂണ്‍ അഞ്ച് മുതല്‍ പത്ത് വരെ ആറ് ദിവസം നീണ്ടുനിന്ന യുദ്ധത്തിനൊടുവിലാണ് ഇസ്‌റാഈല്‍ ഗസ്സക്കുമേല്‍ അധിനിവേശാധികാരം സ്ഥാപിച്ചത്. ഈജിപ്ത്, ജോര്‍ദാന്‍, സിറിയ തുടങ്ങിയ സഖ്യ രാജ്യങ്ങളിലെ ഇരുപതിനായിരം സൈനികര്‍ കൊല്ലപ്പെട്ട യുദ്ധമായിരുന്നു അത്. മൂന്ന് ലക്ഷത്തോളം ഫലസ്തീനികള്‍ പലായനം ചെയ്യുകയോ പുറത്താക്കപ്പെടുകയോ ചെയ്തു. അതിനു ശേഷമായിരുന്നു ഗസ്സ അന്ന് വരെ കണ്ടിട്ടില്ലാത്ത വിപ്ലവങ്ങളുടെയും രാഷ്ട്രീയ പരിവര്‍ത്തനങ്ങളുടെയും വേദിയായി മാറിയത്. ഇസ്റാഈല്‍ അധിനിവേശത്തിനെതിരായി ശക്തമായ ചെറുത്തുനില്‍പ്പാണ് പിന്നീട് ഗസ്സയില്‍ അരങ്ങേറിയത്. ഒന്നാം ഇന്‍തിഫാദ ആറ് വര്‍ഷമാണ് നീണ്ടുനിന്നത്. പോരാട്ട ചരിത്രങ്ങളില്‍ അത്ഭുതമായി തീര്‍ന്ന തീജ്വാലയായിരുന്നു ശരിക്കും പറഞ്ഞാല്‍ ഇന്‍തിഫാദ. ഈ ചെറുത്തുനില്‍പ്പിലൂടെ രൂപപ്പെട്ടു വന്ന സംവിധാനമാണ് ഹമാസ്. 1993ല്‍ നടന്ന ഓസ്്‌ലോ ഉടമ്പടി പ്രകാരം ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണത്തിലേക്ക് ഗസ്സ മാറുകയും ഇസ്റാഈല്‍ പ്രത്യക്ഷ അധിനിവേശം അവസാനിപ്പിക്കുകയും ചെയ്തു. 2006ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഗസ്സയിലെ ജനങ്ങള്‍ ഹമാസിനെ വിജയിപ്പിച്ച് അധികാരത്തിലേറ്റി. അതോടെ ഫലസ്തീന്‍ നാഷനല്‍ അതോറിറ്റിയായ ഫത്ഹ് ഭരണകൂടത്തില്‍ നിന്ന് ഗസ്സ വേറിട്ടു. ഗസ്സയുടെ പൂര്‍ണ അധികാരം ഹമാസിന്റെ കൈകളിലായി. ഇസ്റാഈലിനെ സംബന്ധിച്ചിടത്തോളം അവര്‍ക്കേറ്റ ശക്തമായ തിരിച്ചടിയായിരുന്നു ഇത്. അങ്ങനെയാണ് ഈജിപ്തിന്റെ കൂടി പിന്തുണയോടെ അവര്‍ ഗസ്സക്കുമേല്‍ ഉപരോധവും നിയന്ത്രണവും ഏര്‍പ്പെടുത്തിയത്. അതിനു ശേഷം കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഗസ്സക്കുമേല്‍ കരമാര്‍ഗവും വ്യോമമാര്‍ഗവും കടല്‍ മാര്‍ഗവും ഇസ്റാഈല്‍ സേന ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ നടത്തിക്കൊണ്ടിരുന്ന അതിക്രൂരവും പൈശാചികവുമായ അക്രമങ്ങളുടെ ചരിതം പഠിച്ചു കൊണ്ടാകണം 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ‘തൂഫാനുല്‍ അഖ്സ’യെ വിലയിരുത്താന്‍. നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും തടവിലാക്കപ്പെടുകയും മനുഷ്യന്‍ എന്ന നിലക്കുള്ള അവരുടെ ആത്മാഭിമാനത്തെ പിച്ചിച്ചീന്തുകയും ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഏത് ജനതയിലും സംഭവിക്കാവുന്ന സ്വാഭാവിക പ്രതികരണം തന്നെയാണിതെന്ന് മനസ്സിലാക്കുന്നതില്‍ പലര്‍ക്കും തെറ്റ് പറ്റി. ഹമാസിന്റെ ഈ പോരാട്ടത്തെ ചൂണ്ടി ഇസ്റാഈലിന്റെ ക്രൂരതയെ വെള്ള പൂശാനാണ് പലരും ശ്രമിക്കുന്നത്.
ഗസ്സയിലെ ജനങ്ങളെ പൂര്‍ണമായി കൊന്നൊടുക്കിയോ നാട് കടത്തിയോ അവിടെ അധിനിവേശ രാജ്യം കെട്ടിയുണ്ടാക്കാനുള്ള ആഗ്രഹത്തിലാണ് ജൂത രാഷ്ട്രം പദ്ധതികള്‍ തയ്യാറാക്കുന്നത്. മനുഷ്യത്വം തൊട്ടുതീണ്ടാത്ത അതിക്രൂരന്മാരാണ് തങ്ങളെന്ന് ഓരോ ദിവസവും തെളിയിക്കുകയാണ് യഹൂദ സൈന്യവും ഭരണാധികാരികളും. സാധ്യമായ എല്ലാ വഴികളും അതിനു വേണ്ടി ജൂത കിരാതന്മാര്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. വടക്കന്‍ ഗസ്സയില്‍ നിന്ന് ജനങ്ങളെ തെക്കന്‍ ഗസ്സയിലേക്ക് ആട്ടിപ്പായിക്കുകയാണ്. വടക്കന്‍ ഗസ്സയിലെ 90 ശതമാനം കെട്ടിടങ്ങളും തകര്‍ത്ത് കഴിഞ്ഞു. വടക്കന്‍ ഗസ്സ പൂര്‍ണമായി ഒഴിപ്പിച്ചതിനു ശേഷം തെക്കന്‍ ഗസ്സ കൂടി നാമാവശേഷമാക്കുകയാണ് ജൂത കിരാതന്മാര്‍ ലക്ഷ്യം വെക്കുന്നത്.
ഗസ്സയിലെ ക്രൂരതകള്‍
പതിനായിരക്കണക്കിന് സാധാരണ ജനങ്ങള്‍ കൊല്ലപ്പെട്ട ശ്മശാന ഭൂമിയാണിന്ന് ഗസ്സ. കുഞ്ഞുങ്ങളുമായി ആശുപത്രിയിലേക്ക് ഓടുന്നവര്‍, അനാഥരായ കുഞ്ഞുങ്ങള്‍, വീടും കുടുംബവും നഷ്ടമായവര്‍, സ്വന്തം മണ്ണ് വിട്ട് പലായനം ചെയ്യേണ്ടി വന്നവര്‍, അസഹനീയമായ പട്ടിണി, ദാഹമകറ്റാന്‍ ഒരു തുള്ളി വെള്ളം പോലും കിട്ടാതെ ചങ്കുപൊട്ടി കരയുന്നവര്‍, ഒരു കഷ്ണം ഉണക്ക റൊട്ടിയെങ്കിലും കിട്ടിയെങ്കില്‍ വിശപ്പടക്കാമായിരുന്നു എന്ന് കരുതുന്നവര്‍, രോഗികളെയും പരുക്കേറ്റവരെയും ചികിത്സിക്കാനാകാതെ യാതന അനുഭവിക്കുന്നവര്‍… ഗസ്സയുടെ നെഞ്ചുനീറുന്ന കാഴ്ചകള്‍ ഇതൊക്കെയാണ്.
മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധിയാണ് ഗസ്സ നേരിടുന്നത്. കഴിഞ്ഞ 145 ദിവസമായി ഗസ്സയിലെ പാവപ്പെട്ട മനുഷ്യര്‍ നേരിട്ട് കൊണ്ടിരിക്കുന്ന അതിതീവ്രവും പൈശാചികവുമായ ബോംബാക്രമണം ലോകത്തെ മറ്റൊരു ജനതയും നേരിട്ടിട്ടുണ്ടാകില്ല. പതിനായിരത്തിലധികം കുഞ്ഞുങ്ങളാണ് കൂട്ടക്കുരുതിക്കിരയായിരിക്കുന്നത്. കഴിഞ്ഞ 145 ദിവസത്തിനുള്ളില്‍ ഒന്നേകാല്‍ ലക്ഷത്തോളം ഫലസ്തീനികള്‍ കൊല്ലപ്പെടുകയോ കാണാതാകുകയോ അല്ലെങ്കില്‍ ഗുരുതരമായി പരുക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. ഗസ്സാ മുനമ്പില്‍ മാത്രം മുപ്പതിനായിരത്തിലേറെ ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ഇതില്‍ 13,345 പേര്‍ കുട്ടികളും 7,271 പേര്‍ സ്ത്രീകളുമാണ്. 310 ആരോഗ്യ പ്രവര്‍ത്തകര്‍, 51 പ്രതിരോധ ഉദ്യോഗസ്ഥര്‍, 120 പത്രപ്രവര്‍ത്തകര്‍ എന്നിവരും ഇതുവരെ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍ പറയുന്നത്.
ഗര്‍ഭിണികളെ പോലും തിരഞ്ഞുപിടിച്ച് കൊന്നൊടുക്കുന്നുവെന്നാണ് ഗസ്സയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഒരു ജനതയുടെ സര്‍വ നാശമാണ് ഇസ്റാഈല്‍ ആഗ്രഹിക്കുന്നതെന്നര്‍ഥം. മൃതദേഹങ്ങളോട് കാണിക്കുന്ന അനാദരവും ഇസ്റാഈല്‍ സൈന്യത്തിന്റെ മനുഷ്യത്വരാഹിത്യത്തെ പുറത്തുകൊണ്ടുവരുന്നതാണ്. ഗസ്സയെ ആളില്ലാ മരുഭൂമിയാക്കുമെന്നാണ് പ്രഖ്യാപനം. ഓരോ ദിവസവും ശരാശരി 250ലധികം പേരാണ് മരിച്ചു കൊണ്ടിരിക്കുന്നത്.
പരുക്കേറ്റ എഴുപതിനായിരത്തിലധികം പേര്‍ ചികിത്സയും കാത്ത് കഴിയുകയാണ്. അതില്‍ ആയിരത്തിലധികം പേരുടെ അവസ്ഥ വളരെ ഗുരുതരമാണ്. നശിപ്പിക്കപ്പെട്ട ആശുപത്രികള്‍, വിദ്യാലയങ്ങള്‍, ആരാധനാ കേന്ദ്രങ്ങള്‍, നാമാവശേഷമായ കെട്ടിടങ്ങള്‍. ജനവാസ പ്രദേശങ്ങള്‍ പൂര്‍ണമായും തകര്‍ന്നു തരിപ്പണമായി. ശൈത്യ കാലമായതോടെ പകര്‍ച്ച വ്യാധികളും പടര്‍ന്നുപിടിക്കുകയാണ്. കുട്ടികളിലാണ് പകര്‍ച്ചവ്യാധികള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നത്. ശുദ്ധജലമില്ലാതെ, മരുന്നില്ലാതെ, ചികിത്സയില്ലാതെ, ഭക്ഷണമില്ലാതെ ഒരു ജനത ജീവിതത്തിനും മരണത്തിനുമിടയില്‍ കിടന്ന് നരക യാതന അനുഭവിക്കുമ്പോള്‍ ലോകം ഇതെല്ലാം കണ്ടില്ലെന്നു നടിക്കുകയാണ്.
ഗസ്സയിലെ കുട്ടികളുടെ ജീവിതം ഒന്നോര്‍ത്തു നോക്കൂ. പുറത്തുവരുന്ന വാര്‍ത്തകളും കാണുന്ന കാഴ്ചകളും എത്രമാത്രം ഹൃദയ ഭേദകമാണ്. ജീവന്‍രക്ഷാ സാധനങ്ങള്‍ പോലും ഗസ്സയിലേക്കെത്തുന്നത് ഇസ്റാഈല്‍ തടയുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും അവശ്യ വസ്തുക്കള്‍ എത്തിക്കുന്നതിനും ഇസ്റാഈല്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ ഒരു ജനതയെ പൂര്‍ണമായി ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗം തന്നെയാണ്. ഈ വംശീയ ഉന്മൂലനത്തിന് ഒത്താശ ചെയ്തു കൊടുക്കുന്ന നയങ്ങളാണ് അമേരിക്കയും ബ്രിട്ടനും മറ്റും ചെയ്തു കൊണ്ടിരിക്കുന്നത്. ഇസ്റാഈല്‍ ഭരണകൂടത്തിന്റെ ധൈര്യവും അത് തന്നെയാണ്. കണ്ണുനീര്‍ വറ്റിയ ഒരു ജനതയും പ്രദേശവും നമ്മെ നോക്കി നെടുവീര്‍പ്പിടുകയാണ്. ഗസ്സയിലെ ആക്രമണങ്ങളും ദുരിതപര്‍വവും പുറത്തെത്താതിരിക്കാനും ഹമാസും അനുബന്ധ സംഘടനകളും നടത്തുന്ന ചെറിയ ചെറുത്തു നില്‍പ്പുകളെ വന്‍ വാര്‍ത്തയായി അവതരിപ്പിച്ച് ഇസ്റാഈല്‍ ക്രൂരതകള്‍ക്ക് മറയിടാനും ചില മാധ്യമങ്ങളും സോഷ്യല്‍ മീഡിയാ വമ്പന്മാരും ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഇസ്റാഈല്‍ ക്രൂരതകളെ നമ്മുടെ കണ്‍വെട്ടത്ത് നിന്ന് മറച്ചു പിടിക്കുക എന്നൊരു തന്ത്രം കൂടി അതിനു പിന്നിലുണ്ട്. എന്തുവന്നാലും നാം ഗസ്സക്കുവേണ്ടി പറഞ്ഞു കൊണ്ടേയിരിക്കുക. അവിടുത്തെ നിരാലാംബരായ ദശലക്ഷക്കണക്കിന് മനുഷ്യരെ മറക്കാതിരിക്കുക.