From the print
ഗസ്സ: സഹായം തടഞ്ഞ ഇസ്റാഈല്‍ നടപടിയില്‍ വ്യാപക പ്രതിഷേധം
അപലപിച്ച് യു എന്നും അറബ് രാഷ്ട്രങ്ങളും. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇസ്റാഈല്‍ നടത്തുന്നതെന്ന് മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്വറും.

ഗസ്സ സിറ്റി/ കൈറോ | ഗസ്സയിലേക്കുള്ള സഹായ വിതരണം തടഞ്ഞ ഇസ്റാഈല്‍ നടപടിയില്‍ വ്യാപക പ്രതിഷേധം. ഇസ്റാഈലിന്റെ മനുഷ്യത്വവിരുദ്ധമായ നടപടിയെ അപലപിച്ച് യു എന്നും അറബ് രാഷ്ട്രങ്ങളും രംഗത്തെത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണ് ഇസ്റാഈല്‍ നടത്തുന്നതെന്ന് മധ്യസ്ഥത വഹിച്ച ഈജിപ്തും ഖത്വറും പറഞ്ഞു. അവശ്യവസ്തുക്കള്‍ തടയുന്ന നടപടി ഭയാനകമാണെന്ന് യു എന്‍ അഭിപ്രായപ്പെട്ടു.
അന്താരാഷ്ട്ര മനുഷ്യാവകാശ നിയമത്തിന്റെയും വെടിനിര്‍ത്തല്‍ കരാറിന്റെയും ലംഘനമാണ് ഇസ്റാഈല്‍ നടത്തുന്നതെന്ന് ഖത്വര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ഗസ്സയിലെ പട്ടിണിയെ ഇസ്റാഈല്‍ ആയുധമായി ഉപയോഗിക്കുകയാണെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
ഗസ്സയിലേക്കുള്ള സഹായം തടഞ്ഞതിനെ അപലപിച്ച് സഊദി അറേബ്യയും രംഗത്തെത്തി. ഗസ്സയിലേക്ക് അവശ്യവസ്തുക്കള്‍ എത്തിക്കാന്‍ അനുവദിക്കണമെന്ന് മാനവികകാര്യ യു എന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ ടോം ഫ്ലെച്ചര്‍ പറഞ്ഞു.
ജനുവരി 19ന് പ്രാബല്യത്തില്‍ വന്ന വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം കഴിഞ്ഞ ശനിയാഴ്ച അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ താത്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നീട്ടണമെന്ന യു എസ് നിര്‍ദേശം ഇസ്റാഈല്‍ അംഗീകരിച്ചിരുന്നു. ഇത് ഹമാസ് തള്ളിയതോടെയാണ് സഹായ വിതരണം ഇസ്റാഈല്‍ തടഞ്ഞത്.
ഞായറാഴ്ച മുതല്‍ ഗസ്സയിലേക്ക് ട്രക്കുകള്‍ കടത്തിവിടുന്നില്ലെന്ന് സന്നദ്ധ സംഘടനകള്‍ പറഞ്ഞു. അവശ്യവസ്തുക്കള്‍ സംഭരിച്ചിട്ടുണ്ടെങ്കിലും ട്രക്കുകള്‍ തടയുന്നത് തുടര്‍ന്നാല്‍ ഗസ്സ പട്ടിണിയിലാകും.
ആക്രമണം തുടരുന്നു
തെക്കന്‍ ഗസ്സയില്‍ ഇസ്റാഈല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. മൂന്ന് പേര്‍ക്ക് പരുക്കേറ്റു.