Connect with us

articles

ഗസ്സ തളരില്ല; ട്രംപിന്റെ സ്വപ്‌നം അത്ര എളുപ്പവുമാകില്ല

വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ഒഴിപ്പിക്കല്‍ സ്വപ്‌നം പ്രഖ്യാപിക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദന സൂചകമായി മൊഴിഞ്ഞത് ചരിത്രപരമെന്നായിരുന്നു. എന്നാല്‍ അത്ര എളുപ്പമാകില്ല ആ സ്വപ്‌ന സാഫല്യമെന്ന് 2023 ഒക്‌ടോബര്‍ ഏഴിന് ശേഷം നെതന്യാഹുവിന് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. ചരിത്രം വായിച്ചാല്‍ ട്രംപിനും കിട്ടും പാഠങ്ങള്‍.

Published

|

Last Updated

കോളമിസ്റ്റ് ആന്‍ഡ്ര്യൂ മിറ്ററോവിക ഗസ്സക്കാരെക്കുറിച്ച് പ്രയോഗിക്കുന്ന ഒരു വാക്കുണ്ട്. ഇന്‍ഡിഫാറ്റിജബിള്‍ പീപ്പിള്‍ – തളരാത്ത ജനത. ഗസ്സയിലെ ജനങ്ങളെ അവിടെ നിന്ന് ഇറക്കിവിടുമെന്നും ആ പ്രദേശം അമേരിക്ക ഏറ്റെടുക്കുമെന്നുമുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ആക്രോശത്തിന് ഏറ്റവും നല്ല മറുപടിയാണിത്- തളരാത്ത ജനത. വംശഹത്യാപരമായ ആക്രമണങ്ങളെ ഇത്രയും കാലം അതിജീവിച്ചാണ് അവര്‍ ഇവിടെ വരെ എത്തിയിട്ടുള്ളത്.

ഗസ്സയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഒരു യുവാവ് എത്ര ആക്രമണങ്ങളെ മറികടന്നാണ് തന്റെ ആയുസ്സ് നിലനിര്‍ത്തിയിട്ടുണ്ടാകുക. അവിടെ അവശേഷിക്കുന്ന കുഞ്ഞുങ്ങളെ ഉമ്മമാര്‍ എങ്ങനെയാകും സംരക്ഷിച്ചിട്ടുണ്ടാകുക. 62,000 പേരെങ്കിലും, താത്കാലിക വെടിനിര്‍ത്തലിലൂടെ വെടിയൊച്ച നിലച്ച ഗസ്സയില്‍, ഇത്തവണ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. മുഴുവന്‍ കെട്ടിടങ്ങളും തകര്‍ന്നടിഞ്ഞ, യു എന്‍ സെക്രട്ടറി ജനറലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ഭൂമിയിലെ നരകമായി മാറിയ ആ ചെറു ഭൂവിഭാഗത്തില്‍ നിന്ന് മനുഷ്യര്‍ ആഘോഷിക്കുന്നത് ലോകം കണ്ടതാണ്. തെക്കന്‍ ഗസ്സയിലേക്ക് പലായനം ചെയ്തവര്‍ വെടിനിര്‍ത്തലിന് ശേഷം വടക്കന്‍ ഗസ്സയില്‍ തിരിച്ചെത്തിയപ്പോള്‍ അവരുടെ മുഖത്തെ ആത്മവിശ്വാസം ലോകം കണ്ടതാണ്. ആ കാഴ്ച എല്ലാ ഫലസ്തീന്‍വിരുദ്ധര്‍ക്കും നല്‍കുന്ന ഒരു ഉത്തരമുണ്ട്: ഇനിയൊരു നക്ബക്ക് ഈ ജനത തയ്യാറല്ല.

“ഗസ്സ ഇപ്പോഴൊരു തകര്‍ന്ന സ്ഥലമാണ്. അവിടെ കോണ്‍ക്രീറ്റ് കൂമ്പാരമാണ്. ഫലസ്തീനികള്‍ക്ക് മറ്റു വഴികളില്ല. ഗസ്സാ മുനമ്പ് യു എസ് ഏറ്റെടുക്കും. ഞങ്ങളത് സ്വന്തമാക്കും. അവിടെ ഞങ്ങള്‍ക്ക് ചില ജോലികളുണ്ട്. ഗസ്സയിലെ കെട്ടിടാവശിഷ്ടങ്ങളും പൊട്ടാത്ത ബോംബുകളും യു എസ് നീക്കം ചെയ്യും. അവിടെ നിരപ്പാക്കും. ഗസ്സയെ പശ്ചിമേഷ്യയുടെ കടല്‍ത്തീര സുഖവാസ കേന്ദ്രമാക്കി മാറ്റും. ആ മനോഹാരിത ലോകം കാണട്ടെ’ -ഇതാണ് ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യു എസില്‍ വിളിച്ചു വരുത്തി ട്രംപ് സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയില്‍ നിന്ന് ഉണ്ടാകാവുന്ന ഏറ്റവും ആകര്‍ഷണീയമായ പ്ലാന്‍. ഓരോരുത്തരും കാര്യങ്ങളെ അവരുടെ നിലയിലാണല്ലോ കാണുക. “പുനര്‍നിര്‍മാണ’ത്തിന് ഒഴിപ്പിക്കല്‍ അനിവാര്യമാണെന്ന് ട്രംപ് ഇതാദ്യമായി പറഞ്ഞതല്ല. താന്‍ അധികാരമേറ്റതിന് പിറകെ അദ്ദേഹം വാര്‍ത്താ ലേഖകരോട് ഇങ്ങനെ പറഞ്ഞിരുന്നു: “ഗസ്സയെ നേരെയാക്കാന്‍ ഒറ്റ വഴിയേ ഉള്ളൂ. മനുഷ്യരെ അവിടെ നിന്ന് മാറ്റുക. ഈജിപ്‌തോ ജോര്‍ദാനോ തത്കാലം ഇവരെ സ്വീകരിക്കട്ടെ’. തന്റെ നിര്‍ദേശം തട്ടിക്കളയാന്‍ ജോര്‍ദാനും ഈജിപ്തിനും സാധിക്കില്ലെന്നും അവരെ ഞാന്‍ ഏറെ സഹായിച്ചതാണെന്നും ട്രംപ് കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

ഈ പദ്ധതി ട്രംപിന്റെ ബുദ്ധിയില്‍ പെട്ടെന്ന് ഉദിച്ച ഒന്നല്ല. ഇത് ട്രംപിന്റെ മാത്രം പദ്ധതിയാണെന്ന് പറയാനുമാകില്ല. നെതന്യാഹുവിന്റെ പദ്ധതിയാണത്. ഗസ്സക്കാരെ പുറന്തള്ളുകയെന്ന പദ്ധതിക്ക് അന്തിമ രൂപം നല്‍കിയത് മൂന്ന് പേരാണ്. ഒന്ന് ജെയേര്‍ഡ് കുഷ്‌നര്‍. ട്രംപിന്റെ മകള്‍ ഇവാന്‍കാ ട്രംപിന്റെ ഭര്‍ത്താവാണ്. ജൂതനുമാണ്. ട്രംപിന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ പ്രധാന പങ്കാളിയാണ്. കുഷ്‌നര്‍ ഈയിടെ പറഞ്ഞത് “ഗസ്സയുടെ തീരങ്ങള്‍ വിലയിടാനാകാത്ത വിധം മനോഹരമാണ്. അത് ആസ്വദിക്കാന്‍ ലോകം മുഴുവന്‍ വരുമെ’ന്നാണ്. വലിയ വികസന സാധ്യതകളുള്ള, ടൂറിസ്റ്റ് പ്രദേശം മാത്രമാണ് കുഷ്‌നര്‍ക്ക് ഗസ്സ. കുടിയൊഴിപ്പിക്കല്‍ സംഘത്തിലെ രണ്ടാമത്തെയാള്‍ ബസലേല്‍ സ്‌മോട്രിച്ചാണ്. ഇയാള്‍ നെതന്യാഹു മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയാണ്. വെടിനിര്‍ത്തല്‍ കരാറിനെ ശക്തമായി എതിര്‍ത്തയാളാണ് ഇയാള്‍.

കൊന്നുതീര്‍ത്തെങ്കിലും ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നാണ് ഇയാളുടെ വാദം. 2005ല്‍ ഓസ്്‌ലോ കരാറിന്റെ ഭാഗമായി ഗസ്സയില്‍ നിന്ന് പിന്‍വാങ്ങിയത് വലിയ വിഡ്ഢിത്തമായിപ്പോയെന്നും ഇയാള്‍ പറയുന്നു. മൂന്നാമന്‍ സ്റ്റീവ് വിറ്റ്‌കോഫാണ്. ട്രംപ് ഭരണകൂടത്തിലെ മിഡില്‍ ഈസ്റ്റ് പ്രതിനിധിയാണ് ഇദ്ദേഹം. സയണിസ്റ്റ് പക്ഷപാതിത്വമാണ് ഇദ്ദേഹത്തിന്റെ യോഗ്യത. ഈ മൂന്ന് പേര്‍ ചേര്‍ന്ന് നിശ്ചയിക്കുന്ന നയമാണ് നെതന്യാഹു നടപ്പാക്കാന്‍ പോകുന്നത്.

ദീര്‍ഘകാല പദ്ധതി
പുനര്‍നിര്‍മാണത്തിന് വേണ്ടിയല്ല ഈ ഒഴിപ്പിക്കലെന്ന് ട്രംപ് തന്നെ വ്യക്തമാക്കുന്നുണ്ട് എന്നതാണ് പ്രധാന കാര്യം. ഗസ്സക്കാര്‍ എപ്പോഴാണ് തിരിച്ചെത്തുക എന്ന ചോദ്യത്തിന് അത് ഇപ്പോള്‍ പറയാനാകില്ല എന്നായിരുന്നു ട്രംപിന്റെ മറുപടി. ആവശ്യമെങ്കില്‍ ദീര്‍ഘകാലത്തേക്ക് യു എസ് സൈന്യത്തെ വിന്യസിക്കാന്‍ തയ്യാറാകുമെന്ന് അദ്ദേഹം പറഞ്ഞു വെക്കുന്നുണ്ട്. ഇസ്‌റാഈലിന് ഭീഷണിയായ ഒന്നും അനുവദിക്കില്ലെന്ന ട്രംപിന്റെ പ്രഖ്യാപിത നിലപാടിന്റെ തുടര്‍ച്ച തന്നെയാണ് ഈ പ്രഖ്യാപനം. ഇത് ഭ്രാന്തോ, വിചിത്ര ഭാവനയോ അല്ല. പശ്ചിമേഷ്യയെ എക്കാലവും സംഘര്‍ഷ ഭൂമിയാക്കി മാറ്റണമെന്നും ഈ അരക്ഷിതാവസ്ഥയില്‍ നിന്ന് മുതലെടുക്കണമെന്നുമുള്ള പദ്ധതിയുടെ ഭാഗം തന്നെയാണിത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ്, ഇസ്‌റാഈല്‍ ഉണ്ടാകുന്നതിനും മുമ്പ്, ഡേവിഡ് ബെന്‍ ഗൂറിയന്‍ ഇതേ കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. 1936 ഒക്‌ടോബര്‍ 13ന് നടന്ന സയണിസ്റ്റ് യോഗത്തില്‍ അദ്ദേഹം പറഞ്ഞു: ഭാഗികമായ ജൂത രാഷ്ട്രം ഒരവസാനമല്ല. അത് ഒരു തുടക്കം മാത്രമാണ്. രാജ്യത്തിന്റെ പരിസര ഭാഗങ്ങളിലേക്ക് കുടിയേറിപ്പാര്‍ക്കുന്നതില്‍ നിന്ന് നമ്മെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. 1938ല്‍ അദ്ദേഹം കുറച്ച് കൂടി വ്യക്തമായി ഇക്കാര്യം പറഞ്ഞു: “സയണിസ്റ്റുകള്‍ ആഗ്രഹിക്കുന്ന അതിരുകള്‍ തെക്കന്‍ ലബനാനും തെക്കന്‍ സിറിയയും ഇപ്പോഴത്തെ ജോര്‍ദാനും പടിഞ്ഞാറന്‍ തീരം മുഴുവനായും സിനായും ഉള്‍പ്പെടുന്നതാണ്’. ഈ ബെന്‍ഗൂറിയനാണ് പിന്നീട് ഇസ്‌റാഈലിന്റെ ആദ്യ പ്രധാനമന്ത്രിയായത്. നാലാമത്തെ പ്രധാനമന്ത്രി ഗോള്‍ഡാ മെയര്‍ 1969ല്‍ പറഞ്ഞു, “മുപ്പത് വര്‍ഷത്തിന് ശേഷം ഫലസ്തീന്‍ എന്ന രാഷ്ട്രത്തെ കുറിച്ച് ആരും സംസാരിക്കില്ല. അങ്ങനെയൊരു ഭൂവിഭാഗം ഭൂമുഖത്തുണ്ടാകില്ല’.

അതുകൊണ്ട് ഗസ്സയെയും വെസ്റ്റ് ബാങ്കിനെയും ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ത്ത് അവിടുത്തെ മനുഷ്യരെ യാതൊരു പൗരാവകാശങ്ങളുമില്ലാത്തവരാക്കി പരിവര്‍ത്തിപ്പിക്കുക, ചെറുക്കുന്നവരെ ആട്ടിപ്പായിക്കുകയെന്നത് ദീര്‍ഘകാല പദ്ധതിയാണ്. വെസ്റ്റ് ബാങ്കില്‍ അത് അതിവേഗം നടപ്പാക്കിക്കൊണ്ടിരിക്കുന്നുണ്ട്. ഫലസ്തീന്‍ അതോറിറ്റിയുടെ നിയന്ത്രണമുള്ള പശ്ചിമ തീര ഭാഗം ചുരുങ്ങിക്കൊണ്ടേയിരിക്കുകയാണ്. ഗസ്സയില്‍ വെടിനിര്‍ത്തല്‍ വന്നതിന് ശേഷം ജൂത കൈയേറ്റം വ്യാപകമായിരിക്കുന്നു. ജെനിനില്‍ നിരവധി പേരെ ഇസ്‌റാഈല്‍ സൈന്യം കൊന്നുകഴിഞ്ഞു. അവിടെ ചെറുത്തു നില്‍പ്പ് ഫലപ്രദമായി നടക്കാത്തതിനാല്‍ ആരും അറിയാതെ, പ്രഖ്യാപനങ്ങളില്ലാതെ പിടിച്ചെടുക്കല്‍ നടക്കുന്നുണ്ട്.

വാക്കുമാറ്റുന്ന യു എസ്
അമേരിക്കയും കൂട്ടാളികളും എക്കാലവും വാദിച്ചു പോന്നത് ദ്വി രാഷ്ട്ര പരിഹാരത്തിനാണ്. ഇസ്‌റാഈലിന് അനുകൂലമായ ഒരു വീതം വെപ്പാണ് അതെന്നറിഞ്ഞിട്ടും ഫലസ്തീന്‍ അതോറിറ്റി അതിനെ പിന്തുണച്ചു. ഒടുവില്‍ അത്രയെങ്കിലുമാകട്ടെ എന്ന തീരുമാനത്തില്‍ ഹമാസും എത്തിച്ചേര്‍ന്നു. ഇപ്പോള്‍ ആ സാധ്യതയും അടയ്ക്കാനാണ് ട്രംപിസത്തിന്റെ പിന്തുണയോടെ ഇസ്‌റാഈല്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. ആദ്യ തവണ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ ട്രംപ് ദ്വിരാഷ്ട്ര പരിഹാരത്തിന്റെ സാധ്യത അടച്ചിരുന്നു. അക്കാലം വരെയുണ്ടായിരുന്ന സര്‍വ പ്രസിഡന്റുമാരും ഒപ്പുവെക്കാതെ മാറ്റി വെച്ച “ജറൂസലം എക്‌സിക്യൂട്ടീവ് ഓര്‍ഡറി’ ല്‍ ട്രംപ് തുല്യം ചാര്‍ത്തി. നിര്‍ദിഷ്ട ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമാകേണ്ട ജറൂസലമിലേക്ക് ഇസ്‌റാഈല്‍ തലസ്ഥാനം മാറ്റുന്നതിനെ പിന്തുണക്കുന്ന ഫയലായിരുന്നു അത്. കിഴക്കന്‍ ജറൂസലം ഒരിക്കലും ഫലസ്തീന് തിരികെ നല്‍കില്ലെന്ന് പ്രഖ്യാപിക്കുകയാണ് ഇതുവഴി ട്രംപ് ഭരണകൂടം ചെയ്തത്.

അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് മേഡ് ഇന്‍ ഇസ്‌റാഈല്‍ സ്റ്റിക്കറടിച്ച് യു എസിലേക്ക് കയറ്റിയയാക്കാന്‍ അനുമതി നല്‍കിയതും ഒന്നാം ട്രംപ് ഭരണകൂടമായിരുന്നു. ഇപ്പോഴിതാ ഗസ്സ ഏറ്റെടുക്കുമെന്ന പ്രഖ്യാപനവും. ഗ്രീന്‍ലാന്‍ഡും പാനമ കനാലും കാനഡയും എല്ലാം “കീഴടക്കി’ ഇയാള്‍ എങ്ങോട്ടാണ് പോകുന്നത്? ഇതാണോ യുദ്ധം അവസാനിപ്പിക്കാന്‍ വന്ന പ്രസിഡന്റ്? ഇദ്ദേഹത്തിന് വോട്ട് ചെയ്ത യു എസിലെ അറബ് വംശജര്‍ ഇപ്പോള്‍ എന്ത് പറയുന്നു?

അത്ര എളുപ്പമാകില്ല

വാര്‍ത്താ സമ്മേളനത്തില്‍ ട്രംപ് ഒഴിപ്പിക്കല്‍ സ്വപ്‌നം പ്രഖ്യാപിക്കുമ്പോള്‍ തൊട്ടടുത്ത് നിന്ന ബെഞ്ചമിന്‍ നെതന്യാഹു അഭിനന്ദന സൂചകമായി മൊഴിഞ്ഞത് ചരിത്രപരമെന്നായിരുന്നു. എന്നാല്‍ അത്ര എളുപ്പമാകില്ല ആ സ്വപ്‌ന സാഫല്യമെന്ന് 2023 ഒക്‌ടോബര്‍ ഏഴിന് ശേഷം നെതന്യാഹുവിന് നന്നായി ബോധ്യപ്പെട്ടിട്ടുണ്ട്. ഹമാസ് കസ്റ്റഡിയിലുള്ള ഒരൊറ്റ ബന്ദിയെയും സൈനികമായി മോചിപ്പിക്കാന്‍ നെതന്യാഹുവിന് സാധിച്ചിട്ടില്ല. ഹമാസിനെ നിശ്ശേഷം തുടച്ചു നീക്കാനുമായിട്ടില്ല. ഗസ്സക്കാരെ ആട്ടിയോടിക്കുകയെന്ന ലക്ഷ്യവും പൊളിഞ്ഞു. ആഭ്യന്തരമായി വലിയ പ്രതിസന്ധിയില്‍ അകപ്പെട്ടു. ഒടുവില്‍ വെടിനിര്‍ത്തലിന് വഴങ്ങേണ്ടിയും വന്നു. ചരിത്രം വായിച്ചാല്‍ ട്രംപിനും കിട്ടും പാഠങ്ങള്‍. വിയറ്റ്‌നാമില്‍ നിന്നും അഫ്ഗാനില്‍ നിന്നും ട്രംപിന് പഠിക്കാവുന്നതാണ്. ഒരു ജനതയെയും അങ്ങനെ കൊന്നുതീര്‍ക്കാനാകില്ല.

അറബ് രാജ്യങ്ങളെ ഇസ്‌റാഈലിന്റെ ബന്ധുത്വത്തില്‍ എത്തിച്ച് ഫലസ്തീന്‍ രാഷ്ട്ര സ്വപ്‌നത്തെ കുഴിച്ചുമൂടാമെന്ന ലക്ഷ്യവും നടക്കാന്‍ പോകുന്നില്ല. സഊദിയും ഇസ്‌റാഈലും ബന്ധം സാധാരണ നിലയിലാക്കുന്നതിന് ഫലസ്തീന്‍ പ്രശ്‌ന പരിഹാരം ഒരു മുന്നുപാധിയല്ല എന്നാണ് ട്രംപ് പറഞ്ഞത്. ഫലസ്തീനില്‍ എന്ത് സംഭവിച്ചാലും ഞാന്‍ പറഞ്ഞാല്‍ സഊദി ഭരണാധികാരികള്‍ അനുസരിക്കുമെന്നാണല്ലോ അപ്പറഞ്ഞതിനര്‍ഥം. അബ്രഹാം അക്കോര്‍ഡിന് തലവെച്ച് കൊടുത്ത യു എ ഇയും ബഹ്‌റൈനും പിറകെ സഊദിയും മറ്റ് അറബ് രാജ്യങ്ങളും ചെല്ലുമെന്നാണ് ട്രംപിന്റെ മനപ്പായസം. ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണവും പിറകെ നടന്ന വംശഹത്യയും കാര്യങ്ങളാകെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു. ഫലസ്തീന്‍ ഇന്ന് ഒരു വിസ്മൃത വിഷയമല്ല.

ലോകവേദികളിലെ സുപ്രധാന വിഷയമാണത്. അറബ് ജനസാമാന്യത്തിന്റെ വൈകാരിക വിഷയവുമാണ്. സ്വന്തം ജനത പ്രാര്‍ഥനാനിരതരായി ഫലസ്തീനികളോട് ഐക്യപ്പെടുമ്പോള്‍ ഭരണാധികാരികള്‍ക്ക് മറിച്ചൊരു തീരുമാനമെടുക്കാനാകില്ല. ട്രംപിന്റെ ആദ്യ പ്രസ്താവന വന്നപ്പോള്‍ തന്നെ അറബ് രാഷ്ട്ര കൂട്ടായ്മ യോഗം ചേര്‍ന്ന് ഈ നീക്കത്തെ തള്ളിക്കളഞ്ഞു. ഇന്നലെ സഊദി വിദേശകാര്യ മന്ത്രാലയവും നയം വ്യക്തമാക്കി. 1967ന് മുമ്പുള്ള അതിര്‍ത്തിയില്‍ ഫലസ്തീന്‍ നിലവില്‍ വരാതെ ബന്ധുത്വത്തിന് ഞങ്ങളില്ല. ആ നിലപാടില്‍ അറബ് രാജ്യങ്ങള്‍ ഉറച്ച് നിന്നാല്‍ ട്രംപ് പ്ലാന്‍ പൊളിഞ്ഞടിയും.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്