From the print
റമസാനിലും നിലക്കാത്ത കണ്ണീരുമായി ഗസ്സ
2023 ഒക്‌ടോബർ മുതൽ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 38,000ത്തിലധികം ഫലസ്തീനികളാണ് അനാഥമാക്കപ്പെട്ടത്.

ദോഹ | വംശഹത്യയുടെ നടുക്കുന്ന ഓർമകളിൽ നിന്ന് മോചിതയായിട്ടില്ലെങ്കിലും ഹയ അൽ ബറായിയും റമസാനെ വരവേൽക്കുകയാണ്. ഗസ്സയെന്ന സ്വന്തം നാട്ടിൽ നിന്ന്, വീട്ടിൽ നിന്ന് വളരെയകലെ അവളിപ്പോൾ മുത്തശ്ശിക്കൊപ്പം ഖത്വറിലാണ്. ഇസ്റാഈൽ ആക്രമണത്തിൽ ഇല്ലാതാകുകയും ചിതറിപ്പോകുകയും ചെയ്ത കുടുംബത്തിലെ അംഗമാണ് പതിനാറുകാരിയായ ഹയ. മാരക പരുക്കിനൊപ്പം അവളിപ്പോൾ പക്ഷാഘാതത്തിന്റെ പിടിയിലുമാണ്.
2023 ഡിസംബറിൽ ഇസ്റാഈൽ വ്യോമാക്രമണത്തിൽ അവളുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടു. പരുക്കേറ്റ ഒരു സഹോദരി തുർക്കിയിലാണ്. രണ്ട് സഹോദരിമാരും ഒരു സഹോദരനും ഗസ്സയിൽ തുടരുന്നു. ഈ കണ്ണീരോർമകൾക്കിടെയാണ് വീണ്ടും റമസാൻ വന്നെത്തുന്നത്.
“മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബന്ധുക്കൾക്കുമൊപ്പം ഞാൻ റമസാൻ ആഘോഷിക്കാറുണ്ടായിരുന്നു. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും കളികളിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നു. ഇന്നെനിക്ക് റമസാൻ വേളയിൽ വേദനകളുടെ ഭാരമാണ്’- മുത്തശ്ശി സഊദ് അൽ ബറായിക്കൊപ്പമിരുന്ന് ഹയ കണ്ണ് തുടക്കുന്നു.
ഇസ്റാഈൽ വ്യോമാക്രമണത്തിൽ ഇടതുകണ്ണും വലതുകൈയും നഷ്ടമായവളാണ് 12കാരി ഹംസുൽ റഖ്ബ്. രണ്ട് വർഷം മുന്പ് വരെ ഗസ്സയിൽ റമസാനിൽ സന്തോഷത്തോടെ കഴിഞ്ഞതിന്റെ ഓർമകൾ മാത്രമാണവൾക്കുള്ളത്. ഗസ്സയിൽ ഇസ്റാഈൽ ആക്രമണം ആരംഭിച്ച ശേഷം കുടുംബം റമസാൻ വേളയിലും പ്രയാസങ്ങൾക്ക് നടുവിലാണെന്ന് അവളുടെ പിതാവ് മഹർ പറഞ്ഞു. “കഴിഞ്ഞ റമസാനിൽ, ദിവസം മുഴുവൻ ടി വിയിൽ ആക്രമണത്തിന്റെ ഭീകരത നോക്കിയിരിക്കുകയും ഗസ്സയിലുള്ള കുടുംബത്തെ കുറിച്ച് ആകുലപ്പെടുകയുമായിരുന്നു ഞങ്ങൾ. അവർ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻ എന്നും വാർത്തകൾ കാണുകയായിരുന്നു. ഈ റമസാനും അതിൽ എന്തെങ്കിലും മാറ്റമുണ്ടാക്കുമെന്ന് കരുതുന്നില്ല. കാരണം, എന്റെ ഭാര്യയും മൂന്ന് കുട്ടികളും ഇപ്പോഴും ഗസ്സയിലാണുള്ളത്’- മഹർ കണ്ണീരോടെ പറയുന്നു.
2023 ഒക്‌ടോബർ മുതൽ ഗസ്സയിൽ ഇസ്റാഈൽ നടത്തിയ ആക്രമണങ്ങളിൽ 38,000ത്തിലധികം ഫലസ്തീനികളാണ് അനാഥമാക്കപ്പെട്ടത്. അവരിൽ 1,400ഓളം പേർ ഖത്വറിലുണ്ട്. ഇവരിൽ അഞ്ഞൂറോളം പേർ പരുക്കിന്റെ പിടിയിലാണ്. ദോഹയുടെ തെക്കൻ പ്രാന്തപ്രദേശത്തെ തുമാമയിലാണ് ഇവരിലേറെയും കഴിയുന്നത്. ഇവിടെയുള്ള ഫലസ്തീനികൾക്ക് കുടുംബത്തിൽ നിന്നുള്ള വേർപാടിന്റെ മറ്റൊരു വർഷം കൂടിയാണ് റമസാനിൽ അടയാളപ്പെടുത്തപ്പെടുന്നത്.