International
ഗസ്സക്കാര്‍ ശുദ്ധജലം കിട്ടാതെ വലയുന്നു: ഐക്യരാഷ്ട്രസഭ
കുടിവെള്ളത്തിനായി ഗസ്സക്കാര്‍ കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗസ്സ സിറ്റി| ഗസ്സയിലെ ആശുപത്രിയില്‍ ഇസ്‌റാഈല്‍ ആക്രമണം നടത്തിയതിന്റെ പ്രതിഷേധത്തിലാണ് ലോകം മുഴുവന്‍. സ്‌ഫോടനത്തില്‍ 500ഓളം ഫലസ്തീനികള്‍ കൊല്ലപ്പെട്ട സംഭവം ഏറെ നടുക്കുന്നതാണ്. ഇസ്‌റാഈല്‍-ഹമാസ് സംഘര്‍ഷം ഗസ്സയിലെ സാധാരണക്കാരുടെ ജീവിതം ദുരിത പൂര്‍ണമാക്കിയിരിക്കുകയാണ്. ഗസ്സയില്‍ ആളുകള്‍ അതി രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടുകയാണെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നുണ്ട്. ഗസ്സയെ പൂര്‍ണ്ണമായും ഒറ്റപ്പെടുത്തി കൊണ്ടുള്ള ഇസ്‌റാഈല്‍ ഉപരോധത്തിന്റെ ഫലമായി പ്രദേശം രൂക്ഷമായ ജലക്ഷാമം നേരിടുന്നു എന്നാണ് ഐക്യരാഷ്ട്രസഭ വ്യക്തമാക്കുന്നത്.
ഒക്ടോബര്‍ ഏഴിന് ആരംഭിച്ച സംഘര്‍ഷത്തില്‍ ഇസ്‌റാഈല്‍ നടത്തിയ ആദ്യ നീക്കം ഗസ്സ മുനമ്പിലേക്കുള്ള ജലവിതരണം വിച്ഛേദിക്കുക എന്നുള്ളതായിരുന്നു. ആക്രമണം കഴിഞ്ഞ് രണ്ടാഴ്ച പൂര്‍ത്തിയാകുന്ന അവസരത്തില്‍ കുടിക്കാനോ ഭക്ഷണം പാകം ചെയ്യാനോ ശുദ്ധജലമില്ലാതെ വലയുകയാണ് ഗസ്സക്കാര്‍ എന്നാണ്റിപ്പോര്‍ട്ടുകള്‍. കുടിവെള്ളത്തിനായി ഗസ്സക്കാര്‍ കടലിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ കിണര്‍ കുഴിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
നിലവില്‍ മലിനജലവും കടല്‍ വെള്ളവും കൊണ്ട് നിറഞ്ഞ ഗസ്സയിലെ ഒരേയൊരു ജലാശയത്തില്‍ നിന്നും ശുദ്ധീകരിക്കാതെ വിതരണം ചെയ്യുന്ന ഉപ്പുവെള്ളമാണ് ഗസ്സ നിവാസികള്‍ ഉപയോഗിക്കുന്നത്. ഫലസ്തീനികളെ ദുരിതാശ്വാസ കേന്ദ്രത്തില്‍ എത്തിക്കുന്ന യുഎന്‍ ദുരിതാശ്വാസ ഏജന്‍സി തിങ്കളാഴ്ച കാല്‍ ലക്ഷത്തോളം പേരെയാണ് അഭയ കേന്ദ്രത്തിലേക്ക് മാറ്റിയത്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ ശുദ്ധജലം കിട്ടാതെ അവര്‍ വലയുന്നു എന്നാണ് ഐക്യരാഷ്ട്രസഭയും വ്യക്തമാക്കുന്നത്.
അതേസമയം തെക്കന്‍ ഗസ്സയിലെ ചില ഭാഗങ്ങളില്‍ ജലവിതരണം പുനസ്ഥാപിക്കാനുള്ള തീരുമാനം ഇസ്‌റാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ചയില്‍ തീരുമാനിച്ചുവെന്ന് ഇസ്‌റാഈല്‍ ഊര്‍ജ്ജ മന്ത്രി വ്യക്തമാക്കി. എന്നാല്‍ ചൊവ്വാഴ്ചയും ഗസ്സ മുമ്പിലേക്കുള്ള ജലവിതരണം ഇസ്‌റാഈല്‍ പുനരാരംഭിച്ചിട്ടില്ലെന്നാണ് ഹമാസ് പറയുന്നത്.
ഈജിപ്തിലെ വടക്കന്‍ സിനായ് പെനിന്‍സുലയില്‍ നിന്ന് ഉത്ഭവിച്ച് കിഴക്കന്‍ മെഡിറ്ററേനിയന്‍ തീരം കടന്ന് ഗസ്സയിലൂടെ ഇസ്‌റാഈലിലേക്ക് ഒഴുകുന്ന അക്വിഫര്‍ ബേസിന്‍ന്ത ആണ് ഗസ്സ മുനമ്പിലെ ഏക പ്രകൃതിദത്ത ജലസ്രോതസ്സ്. അക്വിഫറിലെ ഭൂഗര്‍ഭ ജലത്തിന്റെ ഗുണനിലവാരം വളരെ മോശമാണെന്ന് 2020 ല്‍ ഭവാട്ടര്‍ന്ത എന്ന ജേണല്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. ഗസ്സയിലെ ഭൂരിഭാഗം പേരും ഉപയോഗിക്കുന്നത് ഈ ജലമാണ്. ജല ഉപഭോഗം കൂടുന്നതു കൊണ്ടുതന്നെ ജലശേഖരം പെട്ടെന്ന് തീരുന്നതായും വാര്‍ത്തകളുണ്ട്. ഗസ്സയില്‍ ഉപയോഗിച്ചു കഴിഞ്ഞ മലിനജലം ശുദ്ധീകരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതിനാല്‍ അത് അക്വിഫറിലേക്ക് തിരിച്ചു പോകുന്ന സാഹചര്യവുമാണ് നിലവിലുള്ളത്. ഈ മലിന ജലത്താല്‍ അക്വിഫര്‍ പൂര്‍ണ്ണമായും മലിനപ്പെട്ടു കഴിഞ്ഞു.