Connect with us

Featured

മാലിന്യക്കുന്നുകളില്‍ മരിക്കുന്ന ഗസ്സ

"തൻ്റെ കൊച്ചുമക്കൾക്ക് അസുഖവും ചൊറിയും ഉണ്ടായാൽ മറ്റേതൊരു മുത്തശ്ശിയും കരയുന്നതുപോലെ ഞാനും കരയുന്നു. ഇത് സാവധാനത്തിലുള്ള മരണം പോലെയാണ്. ബോംബുകള്‍ മനുഷ്യരെ എളുപ്പം‌ കൊല്ലുന്നു,..

ഇസ്റാഈലിന്‍റെ ആക്രമണത്തില്‍ പലസ്തീൻ ജനത അനുഭവിച്ച ജീവനഷ്ടത്തിനും ധനനഷ്ടങ്ങള്‍ക്കും ദുരന്തങ്ങള്‍ക്കു ശേഷം പുതിയൊരു ഭീഷണി നേരിടുകയാണ് ഗസ്സ മുനമ്പ്. മുനമ്പിലുടനീളം, യുദ്ധാവശിഷ്ട മാലിന്യങ്ങൾ കുന്നുകൂടി പ്രദേശത്തിന്‍റെ ഭൂപ്രകൃതി തന്നെ മാറിപ്പോയിരിക്കുന്നു. ദുർഗന്ധം വമിക്കുന്ന മാലിന്യങ്ങളുടെ പർവതങ്ങൾ അവശേഷിച്ച ജനങ്ങളുടെ ആരോഗ്യത്തിനും ആ പ്രദേശത്തിന്‍റെ പരിസ്ഥിതിക്കും ഗുരുതരമായ ആഘാതമേല്‍പിക്കുന്നുണ്ട്.

യുദ്ധത്തില്‍ പ്രിയപ്പെട്ടവരടക്കം സകലതും നഷ്ടപ്പെട്ട് തകര്‍ന്ന സ്വന്തം വീടുകള്‍ ഉപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയ മനുഷ്യര്‍ക്ക് പുതിയ ഭീഷണി സൃഷ്ടിക്കുകയാണ് ഈ മാലിന്യക്കൂമ്പാരങ്ങള്‍. പല ക്യാമ്പുകള്‍ക്കരികിലും ഇത്തരം കൂമ്പാരങ്ങളാണ്. ബോംബിന്‍റേയും മിസൈലുകളുടേയും മറ്റും ലോഹാവശിഷ്ടങ്ങളും ചപ്പുചവറുകളും പരിസരമെങ്ങും ദുര്‍ഗന്ധം പരത്തുകയാണ്. ക്യാമ്പ് നിവാസികളാണ് ഇതിന്‍റെ ദുരിതം പേറുന്നത്.

“ഞങ്ങൾ മുമ്പ് ഒരിക്കലും ചപ്പുചവറുകൾക്ക് അരികിൽ താമസിച്ചിട്ടില്ല,” കുടിയൊഴിപ്പിക്കപ്പെട്ട ഒരു സ്ത്രീ പറയുന്നു. യഥാർത്ഥത്തിൽ വടക്ക് ബെയ്റ്റ് ഹനൂനിൽ നിന്നുള്ള, അവരുടെ വീട് ഇസ്റാഈല്‍ ആക്രമണത്തില്‍ തകര്‍ന്നുപയതാണ്. ഇപ്പോൾ അത് ഖാൻ യൂനിസിലെ ഒരു തരിശുഭൂമി മാത്രമാണ്.

അസ്മഹൻ അൽ മസ്‌രി കുട്ടികൾക്കൊപ്പം

അസ്മഹൻ അൽ മസ്‌രിയും 15 ബന്ധുക്കളും മാലിന്യക്കൂമ്പാരത്തിൽ നിന്ന് ഏതാനും‌ അടി അകലെ ഖാൻ യൂനിസിലെ ഒരു ക്യാമ്പിലാണ് താമസിക്കുന്നത്. “ദുർഗന്ധം അസഹനീയമാണ്. അതിനാല്‍ ഞാൻ എൻ്റെ കൂടാരത്തിൻ്റെ വാതിൽ തുറന്നിട്ടിരിക്കുന്നു. അതുകൊണ്ട് എനിക്ക് കുറച്ച് വായു ലഭിക്കും, പക്ഷേ ശുദ്ധവായു കിട്ടാനേ ഇല്ല. “ചവറിൻ്റെ മണം മാത്രമാണ് ജനാല വഴി വരുന്നത് ” – അസ്മഹൻ പറയുന്നു.

കുടുംബാംഗങ്ങള്‍ക്ക് ഒരുമിച്ച് ഒരിടത്ത് കഴിയാനാവുന്നു എന്നതിനാല്‍ മാത്രം മസ്ഹരിയുടെ കുടുംബം എല്ലാം സഹിച്ചു അല്‍ അഖ്സ യൂണിവേഴ്സിറ്റിക്കടുത്തുള്ള ഈ ക്യാമ്പില്‍ കഴിയുകയാണ്. അസംഖ്യം ഈച്ചകളും എലികളും ചിലപ്പോഴൊക്കെ പാമ്പുകളും മസ്ഹരിയുടെ കുടുംബത്തിനൊപ്പം ഈ സങ്കേതം പങ്കിടുന്നു.

ഐക്യരാഷ്ട്രസഭയുടേയും ശുചീകരണപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സാമൂഹ്യ സംഘടനകളുടേയും കണക്ക് പ്രകാരം
ഈ കഴിഞ്ഞ എട്ട് മാസത്തിനുള്ളിൽ, 3,30,400 ടണ്ണിലധികം ഖരമാലിന്യങ്ങൾ പലസ്തീൻ പ്രദേശത്ത് കെട്ടിക്കിടന്നതായി കണക്കാക്കപ്പെടുന്നു. അടുത്തിടെ തെക്കൻ നഗരമായ റഫയിൽ ഇസ്റാഈലിന്റെ സൈനിക ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി പലായനം ചെയ്ത ഒരു ദശലക്ഷത്തിലധികം ആളുകളിൽ ഏറെപേരും മാലിന്യക്കുന്നുകളായി മാറിയ തുറന്ന പ്രദേശങ്ങളിൽ താമസിക്കാൻ നിർബന്ധിതരായിട്ടുണ്ട്. തങ്ങളുടെ കുടുംബാംഗങ്ങള്‍ ചിന്നിച്ചിതറിപ്പോകാതിരിക്കാനായി അവര്‍ ഈ ദുര്‍ഗന്ധം സഹിച്ചു ജീവിക്കുന്നു.

“അനുയോജ്യമായ സ്ഥലത്തിനായി ഞങ്ങൾ എല്ലായിടത്തും തിരഞ്ഞു. പക്ഷേ ഞങ്ങൾ 18 ആളുകളുണ്ട്. ഞങ്ങളുടെ കുട്ടികളും പേരക്കുട്ടികളുമടക്കം. ഞങ്ങൾക്ക് ഒരുമിച്ച് താമസിക്കാൻ മറ്റെവിടെയും ഒരിടം കണ്ടെത്താൻ കഴിഞ്ഞില്ല” – അടുത്തിടെ അൽ-അഖ്സ യൂണിവേഴ്സിറ്റി ക്യാമ്പ് സൈറ്റിലേക്ക് മാറിയ അലി നാസർ പറയുന്നു. റഫയിലായിരുന്നു അലി നാസറിന്‍റെ വീട്.

“ഇവിടെയെത്താനുള്ള യാത്രയ്ക്കായി ഞങ്ങൾക്ക് 1,000 ഷെക്കലിലധികം ചിലവായി. ഇപ്പോൾ ഞങ്ങളുടെ സാമ്പത്തികവും താറുമാറായി. ഞങ്ങൾക്കാകട്ടെ ജോലിയും വരുമാനവുമില്ല. അതിനാൽ ഈ ഭയാനകമായ അവസ്ഥയിൽ ജീവിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നു. ഛർദ്ദി, വയറിളക്കം, ചർമ്മത്തിൽ നിരന്തരം ചൊറിച്ചിൽ എന്നിവയാൽ ഞങ്ങൾ വല്ലാതെ കഷ്ടപ്പെടുകയാണ് , എങ്കിലും ഞങ്ങള്‍ക്ക് എന്തു ചെയ്യാനാവും” – അലി നാസറിന്റെ ചോദ്യത്തിന് മറുപടിയില്ല. അലി നാസറിന്‍റെ കണ്ണീര്‍ മറ്റുള്ള ആയിരങ്ങളുടേത് കൂടിയാണ്.

എല്ലാ യുദ്ധങ്ങള്‍ക്കും ശേഷം പകര്‍ച്ചവ്യാധികള്‍ താണ്ഡവമാടുന്നത് പതിവാണ്. ബോംബാക്രമണത്തില്‍ മനുഷ്യര്‍ മാത്രമല്ല പരിസ്ഥിതിയും ദുരിതമനുഭവിക്കുന്നതിനാലാണിത്. ഈ മാലിന്യക്കുന്നിന്‍റെ പരിസരങ്ങളില്‍ ക്ഷുദ്രജീവികളും തെരുവ് നായ്ക്കളും‌ താമസിക്കുന്നു. ഛര്‍ദ്ദിയും ചര്‍മ്മരോഗങ്ങളും കൊണ്ട് മനുഷ്യര്‍ വലയുന്നു.

ഇത്തരമൊരു ക്യാമ്പിലുള്ള ഒരു വൃദ്ധയുടെ നെഞ്ചുരുകിയുള്ള വാക്കുകള്‍ തന്നെയാണ് ഇതിന്‍റെ അന്തസത്ത.

“തൻ്റെ കൊച്ചുമക്കൾക്ക് അസുഖവും ചൊറിയും ഉണ്ടായാൽ മറ്റേതൊരു മുത്തശ്ശിയും കരയുന്നതുപോലെ ഞാനും കരയുന്നു. ഇത് സാവധാനത്തിലുള്ള മരണം പോലെയാണ്. ബോംബുകള്‍ മനുഷ്യരെ എളുപ്പം‌ കൊല്ലുന്നു, ഈ ദുരിതങ്ങള്‍ സാവധാനത്തിലും”

വിവരങ്ങള്‍ക്ക് കടപ്പാട്: ബി ബി സി

Latest