anubhavam
ഓർമയിൽ ഗയ്ഷ
കൈവിട്ടു പോകുന്ന പുസ്തകങ്ങളുടെ ഓർമകൾ! തിരിച്ചുവരാത്ത കുട്ടിക്കാല, യൗവനോർമകൾ പോലെ പഴയ അനുഭവങ്ങൾ സ്മരണകൾ എന്നിവക്കൊപ്പം അവ മനസ്സിൽ തുടിച്ചു നിൽക്കട്ടെയെന്നു കരുതി.
ബെംഗളുരൂ ചർച്ച് റോഡിന് രാത്രിയിലാണ് യൗവനം. സന്ധ്യകഴിഞ്ഞാൽ കുട്ടികെളക്കൊണ്ടവിടം നിറയും. അവരിൽ ഭൂരിഭാഗവും കേരളത്തിൽ നിന്നെന്ന് ഒറ്റ നോട്ടത്തിൽ തോന്നിപ്പിക്കുന്ന വിധത്തിലാണ് ആ സാന്നിധ്യം വിന്യസിക്കപ്പെട്ടിരിക്കുന്നത്. യുവതക്കിടയിലൂടെ പൂച്ചെണ്ട് വിൽപ്പനക്കാരികൾ! രാത്രിയിലും പൂച്ചെണ്ട്! ഇഷ്ടക്കാർക്ക് സമ്മാനിക്കാൻ വിരൽ വണ്ണത്തിൽ സുതാര്യമായ ചെറിയ പ്ലാസ്റ്റിക് ചുരുളിൽ പൊതിഞ്ഞ, നീണ്ട ചെറുചെണ്ടുകൾ. അതും മലയാളിക്കുട്ടികൾക്കിടയിൽ വിതരണത്തിന്! നാട്ടിലാരാണ് പൂവിനു പുറകെ പോകുന്നത്? നമ്മുടെ കുട്ടികളും പുതിയ സംസ്‌കാരത്തിന്റെ പാതയിലൂടെയാണ്. അതങ്ങനെയും തോന്നിപ്പിച്ചു.
മലയാളനാട് വാർധക്യ കേരളമായി പരിണമിച്ചിരിക്കുന്നു. നാട്ടിലെമ്പാടും കാണാനാകുന്നത് പ്രായം ചെന്നവരെ. കല്യാണപ്പുരകൾ, മരണവീടുകൾ അവിടെ നിന്നെല്ലാം യൗവനം കടന്നു കളഞ്ഞിരിക്കുന്നു. അവരെല്ലാം ഒരുമിച്ച് പൊങ്ങിയത് ഈ ഉദ്യാനനഗരിയിലോ? അതൊരു സംശയം മാത്രം. എന്തായാലും മനോഹരമായ വാഹനഗതാഗതമില്ലാത്ത ആ നിരത്തു നിറയെ കുട്ടികൾ. അവർ മനസ്സിൽ ഉത്സാഹം നിറച്ചു. അക്കാര്യത്തിൽ തർക്കമില്ല.
നവംബർ മാസത്തിലെ ആദ്യവാരത്തിലൊരു ദിവസമാണ് ആ ചർച്ച് റോഡിലെ ബുക്ക്‌ഹൈവ് എന്ന സെക്കന്റ്ഹാൻഡ് പുസ്തകങ്ങളുടെ കച്ചവടശാലയിലേക്ക് കയറിയത്. ജീവിത കാലം മുഴുവൻ പുസ്തകങ്ങൾക്കിടയിൽ ജോലിചെയ്തു കഴിഞ്ഞ ഞാെനന്തിന് ഒന്പത് മണി നേരത്തവിടെ? അവിടെ പുസ്തകങ്ങൾ തിരയുന്ന വായനപ്രേമികളായ വിദേശികളുണ്ടായിരുന്നു. ഉള്ളത് പറയണമല്ലോ. അവിടെ മുന്പ് വിസ്തരിച്ചുവന്ന കുട്ടികളുടെ സാന്നിധ്യമില്ല കേട്ടോ. ആ രണ്ട് വിദേശീയരും ഒരു ചുമട് പുസ്തകം വാങ്ങി. ഇന്ത്യൻ രൂപയുടെമൂല്യക്കുറവിന് അവർ അന്നേരത്തു തന്നെ സ്തൂതി പറഞ്ഞിരിക്കും. തീർച്ച. അവിടെ, ഞാനിതാ കാണുന്നു എന്ന തോന്നൽ മനസ്സിൽ ഇരച്ചു. നിരനിരെ അടുക്കടുക്ക് വൻപുസ്തക ശേഖരങ്ങൾക്കിടയിൽ അതെങ്ങനെ ആദ്യ കാഴ്ചയായി? അതിശയം. കണ്ണിൽ മാത്രമല്ല. ഓർമയിലാകെ വന്നുടക്കിയത് മെമ്മറീസ് ഓഫ് ഗയ്ഷ എന്ന ഗോൾഡ്മാന്റെ നോവലാണ്. എങ്ങനെ കൈയിലെടുക്കാതിരിക്കും? ഇത് വിന്റെജ് കണ്ടംപററീസ് സീരിസിലെ പേപ്പർബാക്ക് എഡിഷനാണ്.
അതെന്നെ തൊണ്ണൂറുകളുടെ അവസാന വർഷങ്ങളിലേക്ക് ഓടിച്ചുവിട്ടു. അക്കാലത്ത് എം ജി യൂനിവേഴ്‌സിറ്റിയിലെ ഒരു അസി. ലൈബ്രേറിയനായിരുന്നു. കുറച്ചു കാലങ്ങളായി വായന, ഇനിയും കിട്ടാത്തവ, വീണ്ടുമൊരു പുനർവായനക്ക് അവസരം ലഭ്യമല്ലാതെ പോയ പുസ്തകങ്ങൾ എന്നിവകൾ മനസ്സിൽ നിരക്കുന്ന സമയങ്ങളിൽ ഞാൻ അന്നു വായിച്ച അവസാനത്തെ ഗയ്ഷയുടെ ജീവിതത്തെ കുറിച്ച് പല തവണ ചിന്തിച്ചിട്ടുണ്ടായിരുന്നു. അടുത്തിടെ ദി ലാസ്റ്റ് കോർട്ടിസാനെ കുറിച്ചുള്ള റിവ്യൂ ദി ഹിന്ദു ലിറ്റററി സർവേയിൽ കണ്ടപ്പോഴും മനസ്സിലേക്ക് ഈ ഗയ്ഷ പുസ്തകം കടന്നുവന്നിരുന്നു. അയ്‌നോ സുക്മി എന്ന കുട്ടികളുടെ നോവൽ എഴുതുന്ന നേരത്ത് ചില ജപ്പാൻ അനുഭവങ്ങൾ സമാഹരിക്കാൻ ഉഷ്ണപ്പെടുമ്പോഴും ഞാൻ ഗയ്ഷ ജീവിതത്തെ കുറിച്ച് ഓർത്തുപോയി.
കൈവിട്ടു പോകുന്ന പുസ്തകങ്ങളുടെ ഓർമകൾ! തിരിച്ചുവരാത്ത കുട്ടിക്കാല, യൗവനോർമകൾ പോലെ പഴയ അനുഭവങ്ങൾ സ്മരണകൾ എന്നിവക്കൊപ്പം അവ മനസ്സിൽ തുടിച്ചു നിൽക്കട്ടെയെന്നു കരുതി.
ജീവിതത്തിലെ പ്രൗഢമായ കാലമായിരുന്നു എം ജി യൂനിവേഴ്‌സിറ്റിയിൽ ജോലി ചെയ്തിരുന്ന കാലം. ഞങ്ങൾ ഭൂരിഭാഗം യുവജനങ്ങളായ ജീവനക്കാരെ മാതിരി എല്ലാം പുതിയ പുസ്തകങ്ങൾ! ലൈബ്രറി േസ്റ്റാക്ക് റൂമിലേക്ക് അവയിങ്ങനെ വന്നുകൊണ്ടിരുന്ന കാലം. ദിനം തോറും ലിറ്ററേച്ചർ വിഭാഗത്തിലെ ഷെൽഫുകൾ നിറഞ്ഞുകൊണ്ടിരുന്നു. ഒന്നു തൊടുന്ന മാത്രയിൽ ആ ഗ്രന്ഥങ്ങളിലെ വായനാനുഭവം മനസ്സിൽ നിറഞ്ഞിരുന്നെങ്കിൽ! അതിനായി നിർമിക്കേണ്ടതായ ഒരു സങ്കേതികതക്ക് വേണ്ടി കൊതിച്ച നാളുകൾ.
യൂനിവേഴ്‌സിറ്റിയിലെ അസിസ്റ്റന്റുമാരുടെ കൂട്ടത്തിലെ അതിപരിചിതരായ തീവ്ര വായനക്കാർ കൗണ്ടറിൽ മടക്കുന്ന ഗ്രന്ഥങ്ങളിൽ കണ്ണുവെച്ചു നടന്നു. അവ എടുക്കുക, വായിക്കുക എന്നതായി അക്കാലത്തെ ഒഴിവുനേരങ്ങളിലെ മുഖ്യപരിപാടി. അങ്ങനെ തീവണ്ടി, വാടക മുറികളിൽ വെച്ചു നടത്തിയ ഒരുപിടി വായനകൾ.
ഇന്നിപ്പോൾ അക്കാലത്തെ കുറിച്ചുള്ള പഴയ രേഖകൾ പരതുമ്പോൾ വായിച്ചതല്ലാതെ പുസ്തകങ്ങളുടെ ഉള്ളടക്ക വിവരണങ്ങൾ അതന്ന് എഴുതി വെക്കാത്തതിൽ ഖിന്നനാകാറുണ്ട്. അന്നത്തെ യൂനിവേഴ്‌സിറ്റി വായനക്കൂട്ടത്തിൽ ചിലർ പ്രബല വായനക്കാരിൽ ഉൾപ്പെടാതെ ഓരംചേർന്നു നടന്നിരുന്ന ഗോപീമോഹൻ സാറ്. മറ്റാരും പറയാത്ത മിലരേപയുടെ പുസ്തങ്ങളെ കുറിച്ച് ദീർഘം സംസാരിച്ച ഗോപിമോഹൻ സാറിനെ കുറിച്ച്. അദ്ദേഹത്തിന്റെ പ്രേരണയിൽ ഞാൻ മിലരേപ- വാങ്ങുകയും ചെയ്തു. സാറിനെ വീണ്ടും ഓർക്കുന്നത് അദ്ദേഹത്തിന് ഈ ലോകത്തിൽ സ്മരിക്കാൻ ആരുമില്ലാഞ്ഞിട്ടു തന്നെയാണ്. അതുപോലെ രാജ് സാറ്. അദ്ദേഹം എന്നും വായിച്ചിരുന്നത് സൈക്കോളജി പുസ്തകങ്ങളായിരുന്നു. എന്തിനാണ് ഈ രാജ് സാറ് സൈക്കോളജി പഠിക്കാതെ എന്നും ഉച്ചയ്ക്ക് മലകയറി വന്ന് ഈ വലിയ ഗ്രന്ഥങ്ങളിൽ നിമഗ്നനാകുന്നു എന്നാരു പാഴ്ചിന്തയും അക്കാലത്ത് ഞാൻ പുലർത്തിയിരുന്നു. ഇവരൊക്കെ മരിച്ചുപോയ വായനക്കാരാണ്. അവരെയൊക്കെ പോലെ ഈ ലോകത്തിലെ സർവ പുസ്തകങ്ങളും വായിക്കണമെന്നു കരുതിയ പ്രായത്തിലായിരുന്നു ഞാനും.
കൈയും മനസ്സിലെയും തരിപ്പ് അവസാനിപ്പിക്കാനായി എന്തായാലും ഞാൻ ഗയ്ഷയെ എടുക്കാൻ തീരുമാനിച്ചു. അതെനിക്കായി കാലം കാത്തുവെച്ച ഗ്രന്ഥമായിരുന്നു. ഞങ്ങൾ തമ്മിലുള്ള സമാഗമത്തിന് വീണ്ടും ഒരു കാൽനൂറ്റാണ്ട് കാലമെടുത്തു. എന്ന തോന്നലൊടെ. ബുക്ക് സ്പൈനിൽ രണ്ട് മടക്കുപാടുകൾ മാത്രമേയുള്ളു. ഒരു പുസ്തകപ്രേമി മാത്രമേ ഇതു വായിച്ചിരിക്കാൻ സാധ്യതയുള്ളൂ. അധിക കൈമാറ്റം നടന്നിട്ടില്ല. ആ പാടുകൾ അങ്ങനെ മന്ത്രിച്ചു.
ഞാനതു തുറന്നു. ” One evening in the sring of 1963, when I was a boy’ അതെ പത്തിരുപത്തിയഞ്ച് വർഷങ്ങൾക്കുശേഷവും എനിക്ക് ആ ഓർമകൾ തിരിച്ചു കിട്ടുന്നു.
ഓർമകളെ പ്രേമിച്ച മാർക്കേസിന്റെ മകനെഴുതിയ പുസ്തകത്തിനോട് ( Farewell to Gabo and Mercedes by Rodrigo Garcia ) ഇതും ചേർത്തുവെക്കട്ടെ! എഴുതുന്നതും വായിക്കുന്നതും ചങ്ങല പോലെയാണ്. സെക്കന്റ് ഹാൻഡ് പുസ്തകങ്ങളെ കുറിച്ചെഴുതുന്ന കൂട്ടത്തിൽ ഇതു കൂടി. “ദി ഹിന്ദു ഞായർ പതിപ്പിൽ (10.12.23) വായിച്ചത്. എഴുതിയത് സെബാസ്റ്റ്യൻ. അദ്ദേഹം പറയുന്നത് സ്‌കോട്ട്‌ലാന്റിലെ ചർച്ച് റോഡിലെ ലീക്കീസ് സെക്കന്റ് ഹാന്റ് ബുക്ക് ഷോപ്പിലെ കൈമറിഞ്ഞു വന്ന പുസ്തങ്ങളുടെ പ്രബലമായ വിൽപ്പന കേന്ദ്രത്തെ കുറിച്ചാണ്. ബിബ്‌ളിയോസ്മിയ എന്ന വാക്കിനെ കുറിച്ച് വാചാലനാകുന്നുമുണ്ട്.