Kerala
സ്ത്രീ പുരുഷ സങ്കലനം: കാന്തപുരത്തെ പിന്തുണച്ചാല്‍ പോരാ, മതവിധി നടപ്പാക്കണമെന്ന് ജിഫ്രി തങ്ങള്‍
മതവിധി പണ്ഡിതർ പറയും. അപ്പോൾ കൊഞ്ഞനം കാട്ടുകയല്ല വേണ്ടതെന്ന് ലീഗിന് പരോക്ഷ വിമർശം
കോഴിക്കോട് | സ്ത്രീ പുരുഷ സങ്കലനത്തെ എതിര്‍ത്തുള്ള കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവനയെ പിന്തുണച്ചാല്‍ മാത്രം പോരെന്നും പരിപാടികളില്‍ എല്ലാവരും അത് നടപ്പാക്കണമെന്നും ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള ഏത് പദ്ധതി കൊണ്ടുവന്നാലും എതിര്‍ക്കുമെന്ന ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി ഗോവിന്ദനെതിരെ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് ജന. സെക്രട്ടറി പി എം എ സലാം രംഗത്തെത്തിയിരുന്നു. ഈ സംഭവങ്ങളുടെയെല്ലാം പശ്ചാത്തലത്തിലാണ് ജിഫ്രി തങ്ങളുടെ പ്രതികരണം.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്ത്രീകളെ സംബന്ധിച്ച് മതവിധി പറഞ്ഞപ്പോള്‍ അതിനെ ചിലരൊക്കെ പിന്തുണച്ചുവെന്ന് പറഞ്ഞു. പിന്തുണച്ചാല്‍ പോരെന്നാണ് എനിക്ക് പറയാനുള്ളത്. അത് നടപ്പില്‍ വരുത്താന്‍ കൂടി ശ്രമിക്കണമെന്ന് ഇ കെ വിഭാഗം കൊണ്ടോട്ടി താലൂക്ക് പണ്ഡിത സമ്മേളനോദ്ഘാടന പ്രസംഗത്തില്‍ ജിഫ്രി തങ്ങള്‍ പറഞ്ഞു.
മതവിധി പണ്ഡിതർ പറയും. അത് പറയുമ്പോള്‍ കൊഞ്ഞനം കാട്ടുകയല്ല വേണ്ടത്. സമസ്ത (ഇ കെ വിഭാഗം) പല മതവിധിയും പറഞ്ഞിട്ടുണ്ട്. അതിനെയൊക്കെ പരിഹസിക്കുകയും എതിര്‍ക്കുകയും ചെയ്യുന്ന ആളുകള്‍ തന്നെ ഇവര്‍ക്കുള്ള സ്വാര്‍ഥ താത്പര്യങ്ങള്‍ ഒത്തുവരുമ്പോള്‍ എതിര്‍ക്കപ്പെടേണ്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ഉപയോഗിക്കാമെന്ന ആയുധമെന്ന നിലയില്‍ അതിനെ പിന്തുണക്കുകയാണ്. അവരോട് പറയാനുള്ളത് പിന്തുണച്ചാല്‍ പോരെന്നും നിങ്ങളുടെ സമ്മേളനങ്ങളിലും മറ്റുള്ള കാര്യങ്ങളിലുമൊക്കെ മത പണ്ഡിതര്‍ പറയുന്ന വിധികള്‍ പൂര്‍ണമായി അംഗീകരിക്കണമെന്നുമാണ്. പ്രത്യേകിച്ച് ഇതുപോലെയുള്ള മതവിധികളൊക്കെ നടപ്പാക്കാന്‍ കൂടി ശ്രമിക്കണമെന്നാണ് എല്ലാവരോട് പറയാനുള്ളതെന്നും ലീഗിനെ പരോക്ഷമായി വിമര്‍ശിച്ച് ജിഫ്രി തങ്ങള്‍ പറഞ്ഞു.
നേരത്തേ ഖാളിയുടെ വിവരം, ക്രിസ്മസ് കേക്ക് വിവാദം തുടങ്ങിയ മത വിഷയങ്ങള്‍ പ്രസംഗിച്ച ഇ കെ വിഭാഗം മത പണ്ഡിതര്‍ക്കെതിരെ ലീഗ് പരസ്യമായി രംഗത്തെത്തിയിരുന്നു. ലീഗ് വിട്ടുവീഴ്ചക്ക് തയ്യാറാകാതാതോടെ ലീഗ് പ്രസിഡന്റ് സ്വാദിഖലി തങ്ങളെ വീട്ടിലെത്തി കണ്ട് ഇ കെ വിഭാഗം പണ്ഡിതര്‍ ഖേദ പ്രകടനം നടത്തി. ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പരസ്യമാക്കിയില്ലെന്ന് പറഞ്ഞ് ലീഗ് നേതൃത്വം വീണ്ടും രംഗത്തെത്തിയതോടെ എന്ത് വിട്ടുവീഴ്ചക്കും തയ്യാറാണെന്ന ക്ഷമാപണത്തോടെ ഇ കെ വിഭാഗത്തിന് വാര്‍ത്താ കുറിപ്പും ഇറക്കേണ്ടിവന്നിരുന്നു.
മത പണ്ഡിതന്മാര്‍ മതം പറയുമ്പോള്‍ മറ്റുളവര്‍ അതില്‍ എന്തിനാണ് ഇടപെടുന്നത് എന്നും മതം പറയാനും പ്രചരിപ്പിക്കാനും ഭരണഘടന അവകാശം നല്‍കുന്നുണ്ട് എന്നുമായിരുന്നു കാന്തപുരത്തെ വിമര്‍ശിച്ച സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കുറ്റപ്പെടുത്തി ഇന്നലെ പി എം എ സലാം പ്രതികരിച്ചത്.
അതിനിടെ, കൂടുതൽ വിഭാഗം ഇ കെ നേതാക്കൾ കാന്തപുരത്തിന് പിന്തുണയുമായി രംഗത്തെത്തി. ഇസ്ലാമിലെ സ്ത്രീകളും പുരുഷന്മാരും എങ്ങനെ ജീവിക്കണമെന്ന് ഇസ്ലാമിക പണ്ഡിതന്മാര്‍ പറയുമെന്ന് ഇ കെ വിഭാഗത്തിലെ നാസര്‍ ഫൈസി കൂടത്തായി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. ഭരണഘടന നല്‍കുന്ന അവകാശത്തിനകത്ത് നിന്ന് മതനിര്‍ദേശങ്ങള്‍ പണ്ഡിതന്മാര്‍ പറയുമെന്നും അവ സ്വീകരിക്കുന്നവര്‍ക്ക് മാത്രമേ അത് ബാധകമാകൂവെന്നും നാസര്‍ ഫൈസി പറയുന്നു.
മതകാര്യങ്ങളില്‍ മതപണ്ഡിതന്മാര്‍ മതവിശ്വാസികളെ ഉപദേശിക്കുമെന്നും ആ ഉപദേശത്തെ മോശമായി ചിത്രീകരിക്കുന്നത് ആര്‍ക്കും ഭൂഷണമല്ലെന്നും ഇ കെ വിഭാഗം യുവജന നേതാവ് സത്താര്‍ പന്തല്ലൂരും ഇന്നലെ പ്രതികരിച്ചു. മതപണ്ഡിതന്മാര്‍ വിശ്വാസികളെ ഉപദേശിക്കുമ്പോള്‍ അതിനെ അടച്ചാക്ഷേപിച്ചാല്‍ ഇക്കാര്യത്തില്‍ മുസ്ലിം സമുദായം ഒറ്റക്കെട്ടായിരിക്കുമെന്നും പ്രത്യേകിച്ച് സുന്നി ആശയം പറയുന്ന പണ്ഡിതരെ തടയാന്‍ അനുവദിക്കില്ലെന്നും പന്തല്ലൂര്‍ ഇ കെ വിഭാഗം ആദര്‍ശ സമ്മേളനത്തില്‍ വ്യക്തമാക്കി.
സ്ത്രീകള്‍ പൊതുയിടങ്ങളില്‍ ഇറങ്ങരുതെന്ന് പറയുന്നത് പിന്തിരിപ്പന്‍ നിലപാടാണെന്നും അത്തരക്കാര്‍ക്ക് പിടിച്ചുനില്‍ക്കാനാകില്ലെന്നും പുരോഗമന നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകേണ്ടി വരുമെന്നുമുള്ള സി പി എം സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. യാഥാസ്ഥിതികരെന്ന് വിമര്‍ശിച്ചാലും പ്രശ്‌നമില്ല. ലോകം തിരിയാത്തത് കൊണ്ട് പറയുന്നതുമല്ല. നന്നായി മനസ്സിലാക്കിയാണ് ഇക്കാര്യം പറയുന്നതെന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി.
ഗോവിന്ദന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധം ശക്തമായതോടെ സി പി എം പോളിറ്റ് ബ്യൂറോ അംഗമായ ഡോ. ടി എം തോമസ് ഐസകും കാന്തപുരത്തെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. കാന്തപുരത്തിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ വിശ്വാസമാണെന്നായിരുന്നു തോമസ് ഐസകിന്റെ വിശദീകരണം.