Connect with us

samastha

ജെൻഡർ ന്യൂട്രൽ ആശയങ്ങൾ മനുഷ്യവിരുദ്ധം: സമസ്ത

ലിംഗ സമത്വം എന്ന പേരിൽ ക്യാമ്പസുകളിൽ ഉദാര ലൈംഗികതയും മതനിരാസവും പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു.

Published

|

Last Updated

കോഴിക്കോട് | ജെൻഡർ ന്യൂട്രൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുന്നത് മനുഷ്യവിരുദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വ്യക്തമാക്കി. ആണിനും പെണ്ണിനും അവരുടേതായ ശാരീരിക, മാനസിക പ്രത്യേകതകൾ ഉണ്ട്. അതനുസരിച്ചാണ് നാളിതുവരെയുള്ള നമ്മുടെ സംസ്‌കാരവും കുടുംബ ഘടനയും വസ്ത്ര സംസ്‌കാരവുമെല്ലാം രൂപപ്പെട്ടത്. ലിംഗവൈവിധ്യം ഉൾക്കൊള്ളാതെയും പാരമ്പര്യ മൂല്യങ്ങളും ധാർമികതയും പാടെ നിരസിച്ചും ലിംഗ വിവേചനം അവസാനിപ്പിക്കാനെന്ന പേരിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ പുതുതലമുറയിൽ നടപ്പാക്കുന്നത് സാമൂഹിക അരക്ഷിതാവസ്ഥക്കും അരാജകത്വത്തിനും വഴിവെക്കുമെന്നും കാരന്തൂർ മർകസിൽ സംഘടിപ്പിച്ച സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഏകദിന പണ്ഡിത ക്യാമ്പ് പ്രമേയത്തിൽ വ്യക്തമാക്കി.

വ്യത്യസ്ത മതങ്ങളിലും മൂല്യങ്ങളിലും വിശ്വസിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം. എന്നാൽ, അതിനെതിരായി കലാലയങ്ങളിൽ ഏകപക്ഷീയമായി ലിബറൽ ആശയങ്ങൾ നടപ്പാക്കുന്നത് പുരോഗമന സമൂഹത്തിന് ചേർന്നതല്ല. പാഠപുസ്തകത്തിലൂടെയും യൂനിഫോമിലൂടെയും നടപ്പാക്കുന്ന ഇത്തരം ആശയങ്ങൾ കേരളീയ സംസ്‌കാരത്തിനും ധാർമിക മൂല്യങ്ങൾക്കും എതിരാണ്. ലിംഗ സമത്വം എന്ന പേരിൽ ക്യാമ്പസുകളിൽ ഉദാര ലൈംഗികതയും മതനിരാസവും പ്രോത്സാഹിപ്പിക്കുന്ന നടപടികളിൽ നിന്ന് ഉത്തരവാദപ്പെട്ടവർ പിന്മാറണമെന്ന് ക്യാമ്പ് ആവശ്യപ്പെട്ടു. മതം, തീവ്രവാദം, ലിംഗമാറ്റം തുടങ്ങിയ വിഷയങ്ങളിൽ പഠനങ്ങളും സംവാദങ്ങളും ക്യാമ്പിന്റെ ഭാഗമായി നടന്നു.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, എ പി മുഹമ്മദ് മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്‌മാൻ സഖാഫി, അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല , അബ്ദുന്നാസിർ അഹ്‌സനി ഒളവട്ടൂർ, ഇസ്സുദ്ദീൻ സഖാഫി കൊല്ലം, മുഹമ്മദലി സഖാഫി തൃക്കരിപ്പൂർ, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കാട് സെഷനുകൾക്ക് നേതൃത്വം നൽകി. അലവി സഖാഫി കൊളത്തൂർ സ്വാഗതവും അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ നന്ദിയും പറഞ്ഞു.