gender neutrality
ജെൻഡർ ന്യൂട്രൽ: പ്രതിഷേധിച്ച് മുസ്‌ലിം സംഘടനകളുടെ യോഗം
ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്.
കോഴിക്കോട് | കലാലയങ്ങളിൽ ജെൻഡർ ന്യൂട്രൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നതിനെതിരെ മുസ്‌ലിം സംഘടനകളുടെ യോഗം. ഈ ആവശ്യമുന്നയിച്ച് കൂട്ടായും സംഘടനകൾ ഒറ്റക്കും സർക്കാറിനെ സമീപിക്കുമെന്ന് യോഗ ശേഷം പാണക്കാട് റശീദലി ശിഹാബ് തങ്ങൾ അറിയിച്ചു.
വ്യത്യസ്ത ആശയങ്ങളും മൂല്യങ്ങളും മുറുകെ പിടിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യം നൽകലാണ് ജനാധിപത്യം. മതവിശ്വാസികൾക്ക് അവരുടേതായ ജീവിത മര്യാദകളും വിശ്വാസങ്ങളുമുണ്ട്. അതിനെയെല്ലാം റദ്ദ് ചെയ്ത് ഏകപക്ഷീയമായി കേരളത്തിലെ കലാലയങ്ങളിൽ ലിബറൽ ആശയങ്ങൾ നടപ്പാക്കാൻ ശ്രമിക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണ്.
ലിംഗ വിവേചനം അവസാനിപ്പിക്കാൻ ജെൻഡർ ന്യൂട്രാലിറ്റിയാണ് വേണ്ടത് എന്ന വാദം സമൂഹത്തെ തികഞ്ഞ അരാജകത്വത്തിലേക്കാണ് നയിക്കുക. പാഠ്യപദ്ധതിയിലൂടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ജെൻഡർ ന്യൂട്രൽ ആശയങ്ങളെയാണ് ഞങ്ങൾ ചോദ്യം ചെയ്യുന്നത്. ഇത് കേവലം വസ്ത്രത്തിന്റെ മാത്രം വിഷയമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരളീയ സമൂഹം കുടുംബ ഘടനക്കും ധാർമിക മൂല്യങ്ങൾക്കും വിലകൽപ്പിക്കുന്നവരാണെന്ന കാര്യം ഭരണകൂടം മനസ്സിലാക്കണം. നിർബന്ധപൂർവം ലിബറൽ ആശയങ്ങൾ അടിച്ചേൽപ്പിക്കുന്നത് പ്രതിഷേധാർഹമാണ്. ഈ ശ്രമത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നും യോഗം അഭിപ്രായപ്പെട്ടു.
പത്തിലധികം സംഘടനകളാണ് യോഗത്തിൽ പങ്കെടുത്തത്. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ വിളിച്ച യോഗത്തിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ പാണക്കാട് റശീദലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ലീഗ് നേതാക്കളായ പി എം എ സലാം, ഡോ. എം കെ മുനീർ എം എൽ എ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് പ്രൊഫ. എ കെ അബ്ദുൽഹമീദ്, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, ശൈഖ് മുഹമ്മദ് കാരക്കുന്ന്, പി എൻ അബ്ദുൽ ലത്വീഫ് മൗലവി, ടി കെ അശ്റഫ്, അഡ്വ. പി എം ഹനീഫ്, സി മരക്കാരുട്ടി, അബ്ദുൽ സലാം വളപ്പിൽ, ഇ പി അശ്റഫ് ബാഖവി, ശിഹാബ് പൂക്കോട്ടൂർ, പ്രൊഫ. കടവനാട് മുഹമ്മദ്, എൻജിനീയർ പി മമ്മദ് കോയ പങ്കെടുത്തു.