Connect with us

gender neutrality

ജെന്‍ഡര്‍ ന്യൂട്രല്‍: ഇരകളാരാണ്?

വിവാഹ പ്രായം 21 ആക്കാനുള്ള നീക്കവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമും സ്ത്രീകള്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ഒരടിസ്ഥാന പ്രശ്‌നത്തെയും അഭിമുഖീകരിക്കുന്നില്ല. ലിംഗപദവിയെ മുന്‍നിര്‍ത്തി സമൂഹത്തില്‍ ശക്തിപ്രാപിച്ച വിവിധങ്ങളായ അതിക്രമങ്ങളെ മറച്ചുപിടിക്കാനേ ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയത്തിന് സാധിക്കൂ.

Published

|

Last Updated

സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് സമീപകാലത്ത് നടന്ന രണ്ട് ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയായിരുന്നു. ഒന്ന്, ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചകള്‍. രണ്ട്, രാജ്യത്ത് സ്ത്രീകളുടെ വിവാഹപ്രായം 21 ആയി നിശ്ചയിക്കാനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനവുമായി ബന്ധപ്പെട്ട് വന്ന ചര്‍ച്ചകള്‍. ആദ്യത്തെ തീരുമാനത്തെ അനുകൂലിച്ചവരില്‍ പലരും രണ്ടാമത്തെ നീക്കത്തെ എതിര്‍ത്തതായി കണ്ടു. അവരുടെ വിയോജിപ്പുകള്‍ സ്ത്രീശാക്തീകരണത്തെ കുറിച്ചുള്ള ശ്രദ്ധേയമായ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടു വെക്കുന്നുണ്ട്. അതേസമയം തന്നെ സ്ത്രീശാക്തീകരണവുമായി ബന്ധപ്പെട്ട് നാം സ്വീകരിക്കുന്ന നിലപാടുകളിലെ വൈരുധ്യത്തെയും അത് തുറന്നുകാണിക്കുന്നുണ്ട്.

ഒരു പെണ്‍കുട്ടിയെ സംബന്ധിച്ചിടത്തോളം ഇഷ്ടപ്പെട്ട വ്യക്തിയെ വിവാഹം ചെയ്യുക എന്നതുതന്നെ വലിയ വെല്ലുവിളിയായിരിക്കുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് വിവാഹപ്രായം 21 ആയി നിശ്ചയിക്കുന്നത് ക്രമേണ പെണ്‍കുട്ടികളുടെ ലൈംഗികതയെ തന്നെ നിയന്ത്രിക്കാനുള്ള മാര്‍ഗമായിത്തീരുമെന്നും, സ്ത്രീകളുടെ സ്വകാര്യതക്കും സ്വയം നിര്‍ണയാവകാശത്തിനുമുള്ള അടിസ്ഥാന ഭരണഘടനാ അവകാശങ്ങളെ ഈ നീക്കം ബാധിക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ എതിര്‍ക്കുന്നവരുടെ വാദം. പല രാഷ്ട്രീയ നേതൃത്വങ്ങളും സംഘടനകളും സമാനമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചു കഴിഞ്ഞു. വിവാഹപ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുള്ള ഇണയെ വിവാഹത്തിനായി തിരഞ്ഞെടുക്കാനുള്ള പെണ്‍കുട്ടികളുടെ അവകാശത്തെ തടയും, അതുവഴി സ്ത്രീകളുടെ വ്യക്തി സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമായിത്തീരും, ഒരു മുതിര്‍ന്ന സ്ത്രീയുടെ വിവാഹത്തെ കുറ്റകൃത്യമാക്കി മാറ്റും എന്നിങ്ങനെ വാദങ്ങള്‍ തുടരുന്നു. ജനങ്ങളുടെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളായ പോഷകാഹാരം, വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെടുമ്പോഴാണ് 21 വയസ്സ് പോലുള്ള പൊടിക്കൈകളുമായി സര്‍ക്കാര്‍ രംഗത്ത് വരുന്നതെന്നും സ്ത്രീശാക്തീകരണത്തിനുള്ള നീക്കമല്ല ഇതെന്നും അവര്‍ പറയുന്നു. ലിംഗസമത്വം കൊണ്ടുവരാന്‍ സ്ത്രീകളുടെ വിവാഹപ്രായം ഉയര്‍ത്തണമെന്ന സര്‍ക്കാറിന്റെ വാദത്തെ പ്രതിരോധിക്കാന്‍ പുരുഷന്മാരുടെ വിവാഹ പ്രായവും 18 ആക്കി കുറക്കുകയാണ് വേണ്ടതെന്ന ദേശീയ ലോ കമ്മീഷന്റെ നിര്‍ദേശവും ഇതിനോട് ചേര്‍ത്തുവായിക്കണം.

എന്നാല്‍ ലിംഗസമത്വം, സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യം, ശിശു മരണനിരക്ക് കുറക്കല്‍, തൊഴില്‍-വിദ്യാഭ്യാസാവസരം, ജനസംഖ്യാ നിയന്ത്രണം എന്നിവയെ മുന്‍നിര്‍ത്തിയാണ് പുതിയ നീക്കം എന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ ഇവയില്‍ ഒന്നു പോലും വിവാഹപ്രായവുമായി ബന്ധപ്പെട്ടുകിടക്കുന്ന കാര്യങ്ങള്‍ അല്ല എന്നാണ് വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ തന്നെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശിശുമരണ നിരക്ക് ഉയരാന്‍ കാരണം രാജ്യത്തെ ദാരിദ്ര്യമാണ്. മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങള്‍ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ സ്വാഭാവികമായും ഉയര്‍ത്തിയിട്ടുണ്ട് എന്നതാണ് നമ്മുടെ അനുഭവം. അല്ലാതെ വിവാഹ പ്രായം ഉയര്‍ത്തുന്നതിലൂടെ ഉണ്ടാകുന്നതല്ല വിദ്യാഭ്യാസ നിലവാരം. നാഷനല്‍ ഹെല്‍ത്ത് സര്‍വേ പ്രകാരം, വിദ്യാഭ്യാസത്തിന്റെ വര്‍ധിച്ച ചെലവും വീട്ടു ജോലികളുടെ ഭാരവുമാണ് സ്‌കൂളിലെ കൊഴിഞ്ഞുപോക്കിനു പ്രധാന കാരണമായി പെണ്‍കുട്ടികള്‍ ചൂണ്ടിക്കാണിച്ചത്. സമീപ പ്രദേശങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പോലും പലയിടത്തും ലഭ്യമല്ല എന്നതാണ് വസ്തുത. വിവാഹ പ്രായം ഉയര്‍ത്തുക എന്ന ഒറ്റമൂലി ഇത്തരം പ്രശ്‌നങ്ങളൊന്നും പരിഹരിക്കാന്‍ പോകുന്നില്ല എന്നു സാരം.

ആരോഗ്യം, ശിശു മരണനിരക്ക് കുറക്കല്‍, തൊഴില്‍-വിദ്യാഭ്യാസാവസരം, ജനസംഖ്യാ നിയന്ത്രണം, വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളില്‍ ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാര്‍ പൊതുവെ തുടരുന്ന സമീപനങ്ങള്‍ വിശാലമായ നിരവധി രാഷ്ട്രീയലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതാണെന്നും അതിന്റെ തുടര്‍ച്ചയാണ് വിവാഹപ്രായത്തിന്റെ വിഷയത്തിലും ഉള്ളതെന്ന വിമര്‍ശനവും ഉയര്‍ന്നു കഴിഞ്ഞു. കേന്ദ്ര സര്‍ക്കാറിന്റെ ഇത്തരം ഹിന്ദുത്വ താത്പര്യങ്ങളെയും അതിനോടുള്ള ന്യൂനപക്ഷ ആശങ്കകളെയും തത്കാലം മാറ്റി നിര്‍ത്തി, സ്ത്രീശാക്തീകരണം എന്ന ഫ്രെയിം വര്‍ക്കിലൂടെ ഈ വിഷയത്തെ സമീപിച്ചാല്‍ എങ്ങനെ ഉണ്ടാകും? ആ സമീപനമാണ് മേല്‍ സൂചിപ്പിച്ച, സി പി എം പോളിറ്റ് ബ്യൂറോ മെമ്പര്‍ വൃന്ദാ കാരാട്ട് മുതല്‍ ജനാധിപത്യ മഹിളാ അസ്സോസിയേഷന്‍ വരെയുള്ള പല വ്യക്തികളും സംഘടനകളും പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ പ്രതിഫലിച്ചു കാണുന്നത്. ആത്യന്തികമായി ഇത്തരം വാചോടാപങ്ങള്‍ ചില പ്രത്യേകതരം പുരോഗമന ജനപ്രിയതയെ തൃപ്തിപ്പെടുത്താന്‍ മാത്രമേ ഉപകരിക്കൂവെന്നും സ്ത്രീശാക്തീകരണത്തിലേക്ക് ഒന്നും സംഭാവന ചെയ്യില്ലെന്നും പ്രായോഗിക തലത്തില്‍ സ്ത്രീകളുടെ ജീവിതത്തെ കുറേക്കൂടി ദുരിത പൂര്‍ണമാക്കുകയേ ചെയ്യുകയുള്ളൂവെന്നും സാമൂഹിക ശാസ്ത്രപരമായ പഠന അനുഭവങ്ങളുടെ വെളിച്ചത്തില്‍ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യ പോലെ, പല തരത്തിലും വിധത്തിലുമുള്ള അസമത്വങ്ങള്‍ നിറഞ്ഞ ഒരിടത്ത് ഈ നിരീക്ഷണങ്ങള്‍ പ്രധാനമാണ്. വിവാഹം എന്നത് പ്രായവുമായി മാത്രം ബന്ധപ്പെട്ട ഒന്നല്ല. സ്ത്രീയുമായി ബന്ധപ്പെട്ട ഏക കാര്യവുമല്ല അത്. വ്യക്തിപരവും സാമൂഹികവുമായ ഒട്ടനവധി അനുഭവങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ് വിവാഹം. അതില്‍ നിന്ന് പ്രായത്തെ മാത്രം ഊരിയെടുത്ത് വിവാഹത്തെ കുറിച്ചുള്ള ഒരു പൊതു നിയമം കൊണ്ടുവരുന്നത് അസമത്വത്തെ ഇല്ലാതാക്കാനല്ല, പുതിയ അസമത്വങ്ങളെ കൊണ്ടുവരാനാണ് സഹായിക്കുക.
ഈ വാദങ്ങളിലൂടെ നോക്കിക്കണ്ടാല്‍, എന്തായിരിക്കും ബാലുശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ഏര്‍പ്പെടുത്താനുള്ള അധികൃതരുടെ തീരുമാനത്തില്‍ പ്രതിഫലിച്ചു കാണുന്നത്? ലിംഗപദവിയുടെ പേരില്‍ വലിയ തോതില്‍ അനീതികളും അതിക്രമങ്ങളും ഏറ്റുവാങ്ങേണ്ടി വരുന്നവരാണ് നമ്മുടെ സമൂഹത്തിലെ സ്ത്രീകള്‍. സമീപകാലത്ത് കേരളത്തില്‍ തന്നെ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ കണക്കും സ്വഭാവവും വിലയിരുത്തിയാല്‍ മനസ്സിലാകുന്ന ഒട്ടനവധി നിരീക്ഷണങ്ങള്‍ ഉണ്ട്. വിദ്യാഭ്യാസം, തൊഴില്‍, ജീവിത നിലവാരം തുടങ്ങി സാമ്പ്രദായികമായ രീതിയില്‍ ശാക്തീകരണത്തിനു മുതല്‍ കൂട്ടാകുന്നത് എന്നു നാം കരുതിപ്പോന്ന ഘടകങ്ങള്‍ വേണ്ടുവോളമുള്ള ജീവിത സാഹചര്യങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്. ഈ പ്രശ്‌നങ്ങളെ, സവിശേഷമായി തന്നെ അഡ്ഡ്രസ് ചെയ്യപ്പെടണം എന്നതാണ് സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള കുറേക്കൂടി സൂക്ഷ്മവും സംവേദന ക്ഷമതയും ഉള്ള നിലപാടായി പൊതുവെ ഈ രംഗത്തെ വിദഗ്ധര്‍ പരിഗണിച്ചു പോരുന്നത്. ഈ അര്‍ഥത്തില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം ഏതെങ്കിലും തരത്തില്‍ സ്ത്രീ ശാക്തീകരണം എന്ന അടിസ്ഥാന പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നുണ്ടോ?

ലിംഗപദവിയെ മറികടക്കുക എന്ന ആശയമാണ് ജെന്‍ഡര്‍ ന്യൂട്രല്‍ മുന്നോട്ടു വെക്കുന്നത്. അങ്ങനെ മറികടക്കണമെങ്കില്‍ സവിശേഷമായ സാഹചര്യങ്ങളില്‍ നിന്ന് ലിംഗപദവിയും അനുബന്ധ പ്രശ്‌നങ്ങളും മോചിക്കപ്പെടണം. അങ്ങനെയൊരു സാഹചര്യത്തില്‍ ജെന്‍ഡറിനെ ന്യൂട്രല്‍ ചെയ്യുക എന്നത് അസാധ്യമായ കാര്യമാണ്. ലിംഗപദവിയോട് ഉത്തരവാദിത്വ ബോധമില്ലാത്ത ഒരു സമൂഹത്തിന്റെ ഉദാസീനമായ നിലപാടാണ് ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയം. ലിംഗപദവിയെ മുന്‍നിര്‍ത്തി സമൂഹത്തില്‍ ശക്തിപ്രാപിച്ച വിവിധങ്ങളായ അതിക്രമങ്ങളെ മറച്ചുപിടിക്കാനേ ജെന്‍ഡര്‍ ന്യൂട്രല്‍ എന്ന ആശയത്തിന് സാധിക്കൂ. അതായത്, വിവാഹപ്രായം ഏകീകരിക്കുന്ന നീക്കത്തിന്റെ തദ്ദേശീയമായ ഒരു വേര്‍ഷന്‍ ആയിത്തീരുകയാണ് ബാലുശ്ശേരി സ്‌കൂളിലെ യൂനിഫോം ഏകീകരണം. മത സമൂഹങ്ങളില്‍ നിന്നും സ്ത്രീകളെ പ്രതിയുള്ള ആശങ്കകള്‍ വിവാഹം, വസ്ത്രം എന്നിവയില്‍ ചുറ്റിത്തിരിയുകയാണ് എന്നാണ് “പുരോഗമന’ക്കാര്‍ പറയാറുള്ളത്. എന്നാല്‍ അതേ കുറ്റിയില്‍ തന്നെ നിന്നുകറങ്ങുകയാണ് സ്ത്രീകളെ പുരോഗമിപ്പിക്കാനുള്ള ഇവരുടെ പരിശ്രമങ്ങളും.

വിവാഹ പ്രായം 21 ആക്കാനുള്ള നീക്കവും ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമും സ്ത്രീകള്‍ സമൂഹത്തില്‍ നേരിടേണ്ടി വരുന്ന ഒരടിസ്ഥാന പ്രശ്‌നത്തെയും അഭിമുഖീകരിക്കുന്നില്ല. ദുഃഖകരം എന്നു പറയട്ടെ, നമ്മുടെ സമൂഹത്തിലെ സ്ത്രീകളും കുട്ടികളും ആണ് പലപ്പോഴും ഇത്തരം ജനപ്രിയ നടപടികളുടെ ഇരകളായിത്തീരുന്നത്. ഒരേ സമയം അവര്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളുടെയും ആ പ്രശ്‌നങ്ങളുടെ പരിഹാരങ്ങളെന്ന പേരില്‍ അവതരിപ്പിക്കപ്പെടുന്ന നിയമങ്ങളുടെയും പീഡന ഭാരം പേറേണ്ടി വരുന്നവരായി ഇവര്‍ ഫലത്തില്‍ മാറുന്നു.
അങ്ങനെ നോക്കുമ്പോള്‍, വിവാഹപ്രായം 21 ആക്കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ നീക്കത്തെ എതിര്‍ക്കുന്നവര്‍ക്ക് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോമിന്റെ കാര്യത്തില്‍ മറുത്തൊരു നിലപാടെടുക്കാന്‍ കഴിയുമോ? ഒരിടത്ത് വസ്ത്രത്തെ ഏകീകരിക്കുന്നതിലൂടെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ലിംഗസമത്വത്തെ, മറ്റൊരിടത്ത് പ്രായത്തെ ഏകീകരിക്കുന്നതിലൂടെ കൊണ്ടുവരുന്നു എന്നല്ലേയുള്ളൂ. ഈ വൈരുധ്യത്തെ അവരെങ്ങനെ വിശദീകരിക്കും?