Connect with us

gender neutrality

ജെൻഡർ ന്യൂട്രാലിറ്റിയും ലിംഗ സമത്വവും

കേരളീയ സംസ്‌കാരത്തിനും പൊതുമര്യാദക്കും നിരക്കാത്ത ഇത്തരം പരിഷ്‌കരണങ്ങൾക്ക് സർക്കാർ തുനിയരുത്. എസ് സി ഇ ആർ ടി നിർദേശങ്ങൾക്കെതിരെ കേരളീയ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കെ ഈ നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയേണ്ടിയിരിക്കുന്നു.

Published

|

Last Updated

ദേശീയ തലത്തിൽ ബി ജെ പി വർഗീയ ഫാസിസം അടിച്ചേൽപ്പിക്കുമ്പോൾ, സംസ്ഥാനത്ത് ലിബറലിസം അടിച്ചേൽപ്പിക്കാനുള്ള നീക്കത്തിലാണോ ഇടതുപക്ഷമെന്ന് ബലമായി സന്ദേഹിപ്പിക്കുന്നു ലിംഗസമത്വ യൂനിഫോമിന്റെ (ജെൻഡർ ന്യൂട്രാലിറ്റി) യുടെ കാര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നിലപാട്. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൗൺസിൽ ഓഫ് എജ്യുക്കേഷനൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എസ് സി ഇ ആർ ടി) തയ്യാറാക്കിയ പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണ സമിതിയുടെ കരട് റിപോർട്ടിലാണ് ലിംഗസമത്വ യൂനിഫോം, ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരേ ബഞ്ചിൽ ഇരുത്തൽ തുടങ്ങിയ പരിഷ്‌കരണങ്ങൾ നടപ്പാക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചത്. ലിംഗനീതി, ലിംഗതുല്യത എന്നിവ സംബന്ധിച്ച കേരളീയ സമൂഹത്തിന്റെ പൊതുബോധം പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കുറിപ്പിൽ പറയുന്നു.

വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും സി പി എം വിദ്യാർഥി സംഘടനയും ഇടതു സാംസ്‌കാരിക നേതാക്കളും സമിതി നിർദേശത്തെ അനുകൂലിച്ചു രംഗത്ത് വന്നിരിക്കയാണ്. എസ് എഫ് ഐ ഒരു പടികൂടി കടന്നു ലൈംഗിക സ്വാതന്ത്ര്യമെന്ന ആവശ്യവുമായി ക്യാമ്പസുകളിൽ ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തു.

സംസ്ഥാനത്ത് ബോയ്‌സ്, ഗേൾസ് സ്‌കൂളുകൾ എന്നീ വിഭജനം ഒഴിവാക്കുകയും മുഴുവൻ സ്‌കൂളുകളും മിക്‌സഡാക്കുകയും വേണമെന്ന നിർദേശവുമായി ബാലാവകാശ കമ്മീഷനും രംഗത്തു വന്നിട്ടുണ്ട്. ഇതിനായി കർമ പദ്ധതി തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനും എസ് ഇ ആർ ടിക്കും നിർദേശം നൽകിയിരിക്കയാണ് കമ്മീഷൻ. ലിംഗസമത്വം ശരിയായ രീതിയിൽ മനസ്സിലാക്കി പരസ്പരം അംഗീകരിക്കുന്നതിനും ബഹുമാനിക്കുന്നതിനും നല്ല വ്യക്തിത്വം രൂപവത്കരിക്കുന്നതിനും ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചു പഠിക്കണമെന്നാണ് കമ്മീഷന്റെ പക്ഷം. തുല്യതയിലേക്കുള്ള നിർണായക ചുവടുവെപ്പാണത്രെ ഇത്.
ആകർഷകമായ വാക്കുകളാണ് ലിംഗ നീതി, ലിംഗസമത്വം, സ്ത്രീ പുരുഷ തുല്യത തുടങ്ങിയവ. പുരുഷനെ പോലെ സ്ത്രീക്കും അവരർഹിക്കുന്നത് പൂർണ തോതിൽ ലഭ്യമാക്കുക എന്ന അർഥത്തിൽ പരിഗണന അർഹിക്കുകയും ചെയ്യുന്നു ലിംഗനീതി വാദം. മൗലികാവകാശങ്ങളിലും ജീവിത വ്യവഹാരങ്ങളിലും അവർക്ക് തുല്യപരിഗണനയും പ്രവർത്തന സ്വാതന്ത്ര്യവും നൽകേണ്ടതു തന്നെ.

അതേസമയം അശാസ്ത്രീയവും തത്വാധിഷ്ഠിതമല്ലാത്തതുമാണ് ലിംഗസമത്വ വാദം. മനുഷ്യരിൽ ശാരീരികമായി വ്യത്യസ്തരാണ് ആണും പെണ്ണുമെന്നതു പോലെ മാനസികമായും ഇവർ തമ്മിൽ പ്രകടമായ അന്തരമുണ്ടെന്നാണ് സാമൂഹിക വിദഗ്ധരുടെ കണ്ടെത്തൽ. കമ്മ്യൂണിസ്റ്റ് ആചാര്യനും സോവിയറ്റ് സാമൂഹിക ശാസ്ത്രജ്ഞനുമായ ആന്റൺ നെമിലോവ് തന്റെ ബയോളജിക്കൽ ട്രാജഡി ഓഫ് വുമൺ എന്ന ഗ്രന്ഥത്തിൽ രേ ഖപ്പെടുത്തിയത് “ജീവശാസ്ത്രപരമായി സ്ത്രീയും പുരുഷനും തുല്യരല്ലെന്നും അവർക്ക് എല്ലാ അർഥത്തിലും തുല്യഭാരവും തുല്യദൗത്യവും നിർവഹിക്കാൻ കഴിയില്ലെന്നുമാണ്. തുല്യ വയസ്സുള്ള സ്ത്രീ പുരുഷന്മാർക്ക് തൂക്കം, പൊക്കം, അവയവങ്ങളുടെ പ്രവർത്തനക്ഷമത, തുടങ്ങിയവയിലെല്ലാം കാര്യമായ അന്തരമുള്ളതായും പഠനങ്ങൾ കാണിക്കുന്നു. രണ്ട് വിഭാഗത്തിന്റെയും ദൗത്യതലങ്ങളും വ്യത്യസ്തമാണ്. ഓരോ വിഭാഗവും അവരുടേതായ ദൗത്യങ്ങളും കടമകളും നിർവഹിക്കുമ്പോഴാണ് മനുഷ്യജീവിതം ലക്ഷ്യം കൈവരിക്കുന്നതും കെട്ടുറപ്പുള്ള കുടുംബങ്ങളും സമൂഹവും നിലവിൽ വരുന്നതും.
സ്‌കൂളുകളിൽ പെൺകുട്ടികൾക്കും ആൺവേഷം ധരിപ്പിക്കുകയും ഇരുവിഭാഗത്തെയും ഒരേ ബഞ്ചിൽ ഇടകലർത്തി ഇരുത്തുകയും ബോയ്‌സ്- ഗേൾസ് വേർതിരിവ് ഒഴിവാക്കി എല്ലാം മിക്‌സഡ് സ്‌കൂളുകൾ ആക്കുകയും ചെയ്യുന്നതിലൂടെ കൈവരുന്നതല്ല ലിംഗസമത്വവും തുല്യതയും. പെൺകുട്ടികൾ പാന്റ് ധരിക്കണമെന്ന് നിർദേശിക്കുന്നതും അത് താത്പര്യപ്പെടാത്തവരെ നിർബന്ധിക്കുന്നതും യഥാർഥത്തിൽ പുരുഷമേധാവിത്വം അടിച്ചേൽപ്പിക്കലും വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കൈയേറ്റവുമാണ്.

വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചു ഗീർവാണം നടത്തുന്നവർ ജെൻഡർ ന്യൂട്രാലിറ്റി വാദവുമായി രംഗത്തു വരുന്നത് ശുദ്ധ വിരോധാഭാസവും. എന്തേ സ്‌കൂളുകളിൽ ലിംഗസമത്വ യൂനിഫോമിന് വേണ്ടി ശക്തിയായി രംഗത്തു വരുന്ന ഇടതുപ്രസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് സ്ഥാനാർഥി പട്ടിക തയ്യാറാകുമ്പോൾ ലിംഗസമത്വ ചിന്ത മനഃപൂർവം വിസ്മരിക്കുന്നത്? നിയമസഭയിലെ ഇടതുപക്ഷ സാമാജികരുടെ എണ്ണം ഇത്തവണ 99 വരുമെങ്കിലും വനിതകളുടെ എണ്ണം പത്തിൽ ഒതുങ്ങുന്നു. സംസ്ഥാനത്ത് പതിനൊന്ന് തവണ ഇടതുമുന്നണി അധികാരത്തിലേറിയിട്ടും ഒറ്റത്തവണ പോലും ഒരു വനിതാമുഖ്യമന്ത്രി വരാതെ പോയതെന്തു കൊണ്ടാണ്? 1987-ലെ തിരഞ്ഞെടുപ്പിൽ ഗൗരിയമ്മയെ മുന്നിൽ നിർത്തിയായിരുന്നു ഇടതുപക്ഷത്തിന്റെ പ്രചാരണം. പക്ഷേ മുഖ്യമന്ത്രി നിർണയത്തിലെത്തിയപ്പോൾ അവർ തഴയപ്പെട്ടു. പുരുഷ മേധാവിത്വ രാഷ്ട്രീയം അവരെ തട്ടിമാറ്റുകയായിരുന്നു.

ലിബറലിസമെന്ന തലതിരിഞ്ഞ സ്വാതന്ത്ര്യ സിദ്ധാന്തത്തിന്റെ ഭാഗമാണ് ജെൻഡർ ന്യൂട്രാലിറ്റിയും ക്ലാസ്സ് റൂമുകളിലെ മിശ്രിത ഇരിപ്പുമെല്ലാം. സ്ത്രീയെ വിൽപ്പനച്ചരക്കായി കാണുന്ന മുതലാളിത്ത സിദ്ധാന്തമാണിതെല്ലാം. കേരളീയ സംസ്‌കാ രത്തിനും പൊതുമര്യാദക്കും നിരക്കാത്ത ഇത്തരം പരിഷ്‌കരണങ്ങൾക്ക് സർക്കാർ തുനിയരുത്.

എസ് സി ഇ ആർ ടി നിർദേശങ്ങൾക്കെതിരെ കേരളീയ സമൂഹത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നിരിക്കെ ഈ നീക്കത്തിൽ നിന്ന് ബന്ധപ്പെട്ടവർ പിന്തിരിയേണ്ടിയിരിക്കുന്നു.