Connect with us

Uae

പൊതുമാപ്പ്;താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴ കൂടാതെ നാട്ടിലേക്ക് പോകാന്‍ അവസരം നല്‍കി യു എ ഇ

സെപ്‌തംബര്‍ ഒന്ന് മുതൽ രണ്ട് മാസത്തേക്ക് പൊതുമാപ്പ്

Published

|

Last Updated

ദുബൈ | താമസ രേഖകളില്ലാതെ രാജ്യത്ത് താമസിക്കുന്ന പ്രവാസികള്‍ക്ക് പിഴയൊന്നും കൂടാതെ സ്വന്തം നാട്ടിലേക്ക് പോകാന്‍ യു എ ഇ അവസരം നല്‍കുന്നു. രണ്ട് മാസത്തെ കാലയളവിലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട് സെക്യുരിറ്റി(ഐ സി പി)യാണ് സെപ്തംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് രാജ്യത്തെ അനധികൃത താമസക്കാര്‍ക്ക് ഗ്രേസ് പിരിയഡ് പ്രഖ്യാപിച്ചത്.

താമസ വിസ ലംഘനം നടത്തിയവര്‍ക്ക് ഈ കാലയളവില്‍ രേഖകള്‍ നിയമപരമാക്കുകയോ പിഴ കൂടാതെ സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോവുകയോ ചെയ്യാമെന്ന് അധികാരികള്‍ വ്യക്തമാക്കി. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐ സി പി അറിയിച്ചു.

യു എ ഇ കെട്ടിപ്പടുത്തിരിക്കുന്ന അനുകമ്പയുടെയും സഹിഷ്ണുതാ മൂല്യങ്ങളുടെയും പ്രതിഫലനമെന്ന നിലയില്‍ നിയമലംഘകര്‍ക്ക് അവരുടെ പദവി ക്രമപ്പെടുത്തുന്നതിന് പുതിയ അവസരം നല്‍കാനാണ് തീരുമാനമെന്ന് ഐ സി പി പ്രസ്താവനയില്‍ പറഞ്ഞു.

ഇത്തരത്തില്‍ നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് വീണ്ടും യു എ ഇയിലേക്ക് വരാതിരിക്കാന്‍ ആജീവനാന്ത വിലക്ക് (നോ എന്‍ട്രി) ഏര്‍പ്പെടുത്തുമോ എന്ന കാര്യമടക്കം കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുവരുന്ന അറിയിപ്പുകളില്‍ ഉണ്ടാവും. മുന്‍വര്‍ഷങ്ങളില്‍ അപൂര്‍വം കേസുകളിലേ ഇത്തരത്തില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളൂ എന്നത് ശ്രദ്ധേയമാണ്. രാജ്യത്തെ ഏറ്റവും വലിയ ജനസംഖ്യയായ പ്രവാസി സമൂഹത്തിന് ലഭിക്കുന്ന അപൂര്‍വ അവസരമാണ് പൊതുമാപ്പ്. 1996ലായിരുന്നു ആദ്യത്തെ പൊതുമാപ്പ്. ഏറ്റവും അവസാനമായി 2018ലും അധികൃതര്‍ പൊതുമാപ്പ് പ്രഖ്യാപിച്ചു.

ഔദ്യോഗിക രേഖകളില്ലാത്തതിനാല്‍ രാജ്യം വിടാന്‍ പ്രയാസപ്പെടുന്നവരെ സഹായിക്കുന്ന പൊതുമാപ്പ് പ്രക്രിയകള്‍ കഴിഞ്ഞ പൊതുമാപ്പില്‍ വളരെ ലളിതമായിരുന്നു. അപേക്ഷകന്റെ നേത്ര, കൈവിരല്‍ രേഖകള്‍ പകര്‍ത്തുകയാണ് ആദ്യപടി. ക്രിമിനല്‍ കുറ്റങ്ങളില്‍ പിടികിട്ടേണ്ട വ്യക്തിയല്ല ആളെന്ന് ഉറപ്പ് വരുത്താനാണ് ബയോപരിശോധനകള്‍ നടത്തുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ഔട്പാസ് ലഭിക്കാനായി അപേക്ഷകരുടെ ഫയല്‍ അതത് കൗണ്‍സുലേറ്റുകള്‍ക്ക് കൈമാറുന്നു. ഔട്ട്പാസ് കിട്ടി ഏഴ്, പത്ത് ദിവസത്തിനകം നാടുവിടണമെന്നതാണ് നേരത്തെ അധികൃതര്‍ സ്വീകരിച്ച നിലപാട്.

താമസ കാലാവധി കഴിഞ്ഞ് നിയമവിധേനയല്ലാതെ യു എ ഇയില്‍ തുടരുന്നവര്‍ക്ക് മറ്റൊന്നും ചിന്തിക്കാതെ പൊതുമാപ്പിലൂടെ സ്വന്തം രാജ്യത്തേക്ക് പോകാനുള്ള അവസരം വിനിയോഗിക്കാന്‍ അത്തരത്തിലുള്ളവര്‍ ശ്രദ്ധിക്കണം. പൊതുമാപ്പ് കാലാവധിക്ക് ശേഷം വ്യാപകമായ പരിശോധന നടക്കാറുള്ളതും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതും പതിവാണ്.

 

Latest