Connect with us

Kerala

എസ് എം എക്കുള്ള ജനറിക് ഡ്രഗ് വേരിയന്റ് തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കണം; കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്തയച്ച് ഹാരിസ് ബീരാന്‍ എം പി

റിസ്ഡിപ്ലാം എന്ന മരുന്ന് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി വേണമെന്നും രാജ്യസഭാംഗം അഡ്വ ഹാരിസ് ബീരാന്‍ എം പി ആവശ്യപ്പെട്ടു.

Published

|

Last Updated

ന്യൂഡല്‍ഹി |  എസ് എം എയ്ക്ക് അംഗീകാരം നല്‍കുന്ന മരുന്നുകളുടെ നിലവിലെ വില കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും ജനങ്ങള്‍ക്കും താങ്ങാനാവുന്നതിലും അപ്പുറമാണെന്നും റിസ്ഡിപ്ലാം എന്ന മരുന്ന് പ്രാദേശികമായി ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി വേണമെന്നും രാജ്യസഭാംഗം അഡ്വ ഹാരിസ് ബീരാന്‍ എം പി ആവശ്യപ്പെട്ടു.

സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫിക്കുള്ള (എസ്എംഎ) മരുന്നിന്റെ വിലകുറഞ്ഞ ജനറിക് പതിപ്പുകള്‍ തദ്ദേശീയമായി ഉല്‍പ്പാദിപ്പിക്കുന്നതിന് ഇന്ത്യന്‍ പേറ്റന്റ് നിയമങ്ങളില്‍ സൗകര്യപ്രദമായ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തണമെനാണ് ഹാരിസ് ബീരാന്‍ എം പി കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയോടും ആരോഗ്യ മന്ത്രാലയത്തോടുമായി അഭ്യര്‍ത്ഥിച്ചത്.

തുടര്‍ച്ചയായ പേശി ബലഹീനത, ചലന നിയന്ത്രണം നഷ്ടപ്പെടല്‍, പേശി ക്ഷയം എന്നീ ലക്ഷണങ്ങള്‍ ശരീരത്തില്‍ കാണിക്കുന്ന ന്യൂറോ മസ്‌കുലര്‍ ഡിസോര്‍ഡറായ എസ്എംഎ എന്ന അപൂര്‍വയിനം രോഗത്തിനുള്ള നിലവില്‍ കണ്ടെത്തിയിട്ടുള്ള മരുന്നാണ് റിസ്ഡിപ്ലാം. സ്വിസ് ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമായ റോച്ചിന് 2035 വരെ ഇന്ത്യയില്‍ റിസ്ഡിപ്ലാമിന് പേറ്റന്റ് ഉണ്ട്. ഇന്ത്യയില്‍ ഒരു കുപ്പി റിസ്ഡിപ്ലാമിന്റെ പരമാവധി വില 6,20,835 രൂപയാണെന്നും റിസ്ഡിപ്ലാം ഉപയോഗിക്കുന്നതിന് കുട്ടികള്‍ക്ക് 72 ലക്ഷം രൂപ മുതല്‍ മുതിര്‍ന്നവര്‍ക്ക് 1.8 കോടി രൂപ വരെ ചിലവ് വരുമെന്നും എന്നിരുന്നാലും, യുഎസിലെ യേല്‍ യൂണിവേഴ്‌സിറ്റിയിലെ പബ്ലിക് ഹെല്‍ത്ത് ഗവേഷകയായ മെലിസ ബാര്‍ബര്‍, റിസ്ഡിപ്ലാമിന്റെ ജനറിക് പതിപ്പിന് ഒരു രോഗിക്ക് പ്രതിവര്‍ഷം 3,024 രൂപ വില നല്‍കാമെന്ന് കണക്കാക്കിയിട്ടുണ്ടെന്നും ബീരാന്‍ ചൂണ്ടി കാട്ടി.ഇത്തരം അവശ്യ മരുന്നുകള്‍ ഉയര്‍ന്ന ലാഭത്തില്‍വില്‍ക്കുന്നത്തോടുകൂടി എസ്എംഎ രോഗികള്‍ക്ക് മാന്യമായ ജീവിതം നിഷേധിക്കുന്നതായും അതിനാല്‍ തന്നെ മാനുഷികമായ പരിഹാരം ആവശ്യമാണെന്നും ഹാരിസ് ബീരാന്‍ എംപി കേന്ദ്ര ആരോഗ്യമന്ത്രി ജെ പി നദ്ദയ്ക്ക് അയച്ച കത്തില്‍ പറയുന്നു.

 

Latest