Editors Pick
ചെര്‍ണോബിലിലെ നായകളില്‍ ജനിതകവ്യതിയാനം; ശാസ്ത്രത്തെ അമ്പരപ്പിച്ച് പഠന റിപ്പോർട്ട്
യു.എസ്, പോളണ്ട്, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ചെർണോബിൽ ആണവനിലയത്തിൽ നിന്ന് വിവിധ അകലങ്ങളിൽ താമസിക്കുന്ന 302 നായ്ക്കളുടെ ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്തതിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ അതിശയകരമാണ്.
ലോകത്തിലെ ഏറ്റവും വിനാശകരമായ ആണവ സംഭവമായ ചെർണോബിൽ ആണവ ദുരന്തം 1986 ഏപ്രിലിലാണ് നടന്നത്. ആണവചോര്‍ച്ചയും റിയാക്ടറിലെ സ്ഫോടനവും, തുടർന്നുള്ള തീപിടുത്തവും ചേര്‍ന്ന് ഹിരോഷിമയിൽ വര്‍ഷിച്ച അണുബോംബിനേക്കാൾ ഏകദേശം 400 മടങ്ങ് റേഡിയോ ആക്ടീവ് സംയുക്തങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് കണക്ക്. റേഡിയേഷനോടൊപ്പം തന്നെ ദുരന്തത്തെ തുടർന്ന് വൻതോതിൽ വിഷലിപ്തമായ കനത്ത ലോഹങ്ങളും കീടനാശിനികളും മറ്റ് ദോഷകരമായ സംയുക്തങ്ങളും പുറന്തള്ളപ്പെട്ടിട്ടുണ്ട്.
ഏകദേശം 150,000 ചതുരശ്ര കിലോമീറ്റർ ഭൂമി ഇന്നും മലിനമായി തുടരുന്നു. റിയാക്ടറിന് ചുറ്റുമുള്ള 30 മൈൽ ചുറ്റളവിൽ “എക്‌സ്‌ക്ലൂഷൻ സോൺ” ആയി മാറ്റിനിര്‍ത്തിയിരിക്കയാണ്. ഈ സ്ഥലത്ത് താമസിച്ചിരുന്ന, 187 കുടുംബങ്ങള്‍ ഇവിടം ഉപേക്ഷിച്ചു പോയതിനാല്‍ ഇന്നും ജനവാസമില്ലാതെ തുടരുകയാണ് ഈ മേഖല. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലൂടെ ചെര്‍ണോവില്‍ വീണ്ടും ശാസ്ത്രലോകത്തിന്‍റെ ശ്രദ്ധയിലേക്ക് വന്നിരിക്കുന്നു.
യു.എസ്, പോളണ്ട്, ഉക്രെയ്ൻ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ ചെർണോബിൽ ആണവനിലയത്തിൽ നിന്ന് വിവിധ അകലങ്ങളിൽ താമസിക്കുന്ന 302 നായ്ക്കളുടെ ഡിഎൻഎ സാമ്പിളുകൾ വിശകലനം ചെയ്തതിലൂടെ കണ്ടെത്തിയ വിവരങ്ങള്‍ അതിശയകരമാണ്. ഇക്കൂട്ടത്തില്‍ ചിലത് റിയാക്റ്റർ സൈറ്റിൽ തന്നെ ജീവിക്കുന്നവയായിരുന്നു. സയൻസ് അഡ്വാൻസസിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ, ഈ നായ്ക്കളും ലോകമെമ്പാടുമുള്ള മറ്റ് നായകളും തമ്മിലുള്ള ജനിതക വ്യത്യാസങ്ങൾ കണ്ടെത്തി അവതരിപ്പിച്ചിരുന്നു.
പഠനത്തില്‍ _കണ്ടെത്തിയത്, ഈ നായ്ക്കൾ 1986-ലെ ദുരന്തത്തിന് മുമ്പും ശേഷവുമുള്ള വളര്‍ത്തുനായ്ക്കളുടെ പിൻഗാമികളാകാമെന്നാണ്. 80-കളിൽ കുടിയൊഴിപ്പിക്കപ്പെട്ട മനുഷ്യര്‍ ഉപേക്ഷിച്ച വളർത്തുമൃഗങ്ങളായിരിക്കാം ഇതെന്ന് കരുതുന്നു.
“ചെർണോബിൽ പരിസരത്തെ ഈ നായ്ക്കളിലും അവയുടെ സങ്കീർണ്ണമായ കുടുംബ ഘടനകളിലും നടത്തിയ നിരീക്ഷണത്തിലൂടെ കണ്ടെത്തിയ പെരുമാറ്റ വ്യതിയാനങ്ങൾ സൂചിപ്പിക്കുന്നത്, ചെർണോബിൽ നായ്ക്കളുടെ എണ്ണത്തിലെ പാറ്റേൺ ലോകത്തെങ്ങുമുള്ള നായകളുടേതല്ലാത്ത സവിശേഷമായ ഒന്നാണെന്നാണ്. പല ജനിതക വിഭാഗങ്ങളുമുള്ളവയും ശുദ്ധമായ, സ്വതന്ത്രപ്രജനനം നടത്തുന്നവയുമായ മറ്റു പല ജനുസ്സുകളില്‍പെട്ട നായ്ക്കളുമായി താരതമ്യം ചെയ്തശേഷം കണ്ടെത്തിയിരിക്കുന്നത് ചെർണോബിൽ ദുരന്ത പ്രദേശത്തെ നായ്ക്കള്‍ക്ക് മാത്രമായി സവിശേഷമായ ഒരു ജനിതക പാറ്റേണ്‍ ഉണ്ടെന്നാണ്.” – പഠനം പറയുന്നു.
മറ്റ് നായ്ക്കളില്‍ നിന്നും പൂര്‍വികരായ ചെന്നായ്ക്കളില്‍ നിന്നും വിഭിന്നമായി ഇവയുടെ ഐക്യം ശ്രദ്ധേയമാണ്. ഇവ മനുഷ്യരെപോലെ ഭക്ഷണത്തിനായി സ്ഥിരമായ ചില ഏരിയകള്‍ നിലനിർത്തുന്നു. പരസ്പരം കലഹിക്കാതെ ഗോത്രമായി ജീവിക്കുന്നു. ഇവയുടെ ജനിതക ഘടന തന്നെ വ്യത്യസ്തമാണെന്ന് പഠനം പറയുന്നു. ഈ പഠനത്തിലൂടെ വെളിപ്പെട്ട വസ്തുതകൾ ശാസ്ത്രലോകം ഗൗരവമായാണ് കാണുന്നത്.