Connect with us

Travelogue

ചെങ്കിസ്ഖാന്റെ വംശപരമ്പര

Published

|

Last Updated

തണുത്ത അന്തരീക്ഷത്തിനിടയിലൂടെ പകൽച്ചൂട് അരിച്ചിറങ്ങി വരുന്നുണ്ടായിരുന്നു. അത് നമ്മളിൽ പലർക്കും ആശ്വാസദായകമായിരുന്നു. ബുഖാറയിലെ നിരവധി കാഴ്ചകൾ കണ്ടതിനു ശേഷം ഇന്ന് തന്നെ ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാന നഗരിയായ താഷ്കെന്റിലേക്ക് മടങ്ങേണ്ടതാണ്. യാത്രാഭാണ്ഡങ്ങളൊക്കെയും വാഹനത്തിൽ നിറച്ചിട്ടുണ്ട്. യാത്ര ആരംഭിച്ച് ഒരു മണിക്കൂറിനകം ഞങ്ങളുടെ വാഹനം വിശാലമായ ഒരു പാതക്ക് അരികിലായി നിന്നു. സൈഫുദീൻ ബഖാറാസി എന്ന ഖുറാസാനി ശൈഖിന്റെ മൗസോളിയത്തിന്റെ അരികിലാണ് എത്തിച്ചേർന്നത്. അവിടെയിറങ്ങി രണ്ട് റക്അത്ത് ളുഹാ നിസ്കരിച്ചു. പലപ്പോഴും യാത്രയിലാണ് ഇത്തരം സുന്നത്തുകൾ ചെയ്യാൻ കഴിയുന്നത്. സൈഫുദീൻ ബഖാറാസി കുബ്റാവിയ്യ ത്വരീഖത്തിന്റെ ശൈഖായതിനാൽ അവരുടെ ശിഷ്യന്മാരായിരുന്നു ഇവിടെ കാലങ്ങളോളം പരിപാലിച്ചു പോന്നത്. കുബ്റാവിയ്യ മുരീദുമാരുടെ ഖാൻഗാഹുകളാലും (പർണശാല) സത്രങ്ങളാലും സമ്പന്നമായ ഇടമാണിത്. ചില ഭാഗങ്ങളിൽ കെട്ടിപ്പൊക്കിയ പർണശാലകളും ഉണ്ടായിരുന്നത്രെ. സൈഫുദീൻ ബഖാറാസിയുടെ മരണശേഷം കുബ്റാവിയ്യ ത്വരീഖത്തിന്റെ ആളുകൾ നാനാഭാഗത്ത് നിന്നും ഇവിടേക്ക് ഒഴുകുകയും ആ കൂട്ടത്തിൽ ധനികരായ ആളുകൾ പാവപ്പെട്ട ജനങ്ങൾക്ക് ഭക്ഷണം കഴിക്കാനും താമസിക്കാനും ഉടുക്കാനുമുള്ള ആവശ്യങ്ങളിലേക്ക് അവരുടെ സമ്പത്തുകൾ ചെലവഴിച്ചതിനാൽ ആയിരക്കണക്കിന് ദരിദ്രർക്ക് അത്താണിയായി ഈ ഇടം മാറി. ഒരേ സമയം നൂറോളം ദർവേഷുകൾ ഇവിടെ താമസിക്കുന്നു. കൃഷികളിലും പഠനങ്ങളിലും ആരാധനകളിലും അവർ വ്യാപൃതരായി. ഇപ്പോഴും ഈ ത്വരീഖത്തിന്റെ കീഴിൽ ബുഖാറയിൽ മാത്രം നൂറ് കിലോമീറ്ററിലധികം ചുറ്റളവിൽ വ്യാപിച്ച കൃഷി ഭൂമി ഉണ്ടത്രേ.

ഒരിക്കൽ അജ്മീർ ശരീഫിൽ പോയപ്പോൾ തിരൂരിൽ നിന്നുള്ള ഒരു സ്ത്രീയെ കണ്ടുമുട്ടി. ഇരുപത് വർഷങ്ങൾക്ക് മുന്നേ അജ്മീർ ഖ്വാജയെ സ്വപ്നത്തിൽ ദർശിക്കുകയും ഇസ്്ലാം സ്വീകരിക്കുകയും ചെയ്തു. അന്ന് ട്രെയിൻ കയറി അജ്മീറിൽ എത്തിയതാണ്. ഈ കാലയളവിനിടയിൽ ഒന്നോ രണ്ടോ തവണയല്ലാതെ ആ വനിത അജ്മീർ ദർഗയുടെ വെളിയിലേക്കിറങ്ങിയിട്ടില്ല. താമസവും ഭക്ഷണവും എല്ലാം അവിടെ തന്നെ സൗജന്യമായി ലഭിക്കുന്നു. ഇങ്ങനെ മഹാന്മാരുടെ ഓരങ്ങൾ ഒരുപാട് ദരിദ്രർക്കും നിരാലംബർക്കും അത്താണിയായി മാറുന്നത് യാത്രകളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്.
സൈഫുദീൻ ബഖാറാസിയുടെ മൗസോളിയത്തിന്റെ അരികിൽ തന്നെ കെട്ടിപ്പൊക്കിയ മറ്റൊരു വലിയ ഖബർ കാണാൻ കഴിഞ്ഞു. ചെങ്കിസ്ഖാൻ എന്ന ഭരണാധികാരിയുടെ ഏഴാം തലമുറയിൽപ്പെട്ട പേരക്കുട്ടി ബയാൻ ഖുലി ഖാന്റെ ഖബറാണത്. ചാഗ്ത്തായി ഭരണാധികാരിയായിരുന്ന ബയാൻ ഖുലി ഖാൻ തന്റെ അന്ത്യാഭിലാഷമായി ആവശ്യപ്പെട്ടത് മരണപ്പെട്ടാൽ സൈഫുദീൻ ബഖാറാസിയെന്ന മഹാന്റെ അരികിൽ തന്നെ മറമാടണമെന്നാണ്. ഒരുപാട് ദർവേഷുകളും സന്ദർശകരും വരുന്നതിനാൽ എപ്പോഴും തനിക്കുമൊരു ദുആ ലഭിക്കുകയും അതിലൂടെ പരലോകമോക്ഷം സാധ്യമാകുമെന്ന ശുഭപ്രതീക്ഷയിലാണത് ആവശ്യപ്പെട്ടത്. ചെങ്കിസ്ഖാന്റെ മക്കളിൽ ഇസ്‌ലാം സ്വീകരിച്ചവർ ഉണ്ടെന്നു കേട്ടപ്പോൾ നമ്മളേവർക്കും അത്ഭുതം തോന്നി. ചരിത്ര പഠിതാക്കൾക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ കഴിയാത്ത ഭരണാധികാരിയാണല്ലോ ചെങ്കിസ്ഖാൻ എന്ന തെമുജിൻ. മധ്യേഷ്യക്ക് പുറമേ കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ഭാഗങ്ങൾ, ചൈന, മധ്യ പൗരസ്ത്യ ദേശങ്ങൾ വരെയും പടർന്നു കിടന്ന മംഗോൾ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. ആക്രമണോത്സുകമായ അധിനിവേശം നടത്തിക്കൊണ്ട് തന്റെ സാമ്രാജ്യം വിസ്തീർണപ്പെടുത്തിയ ചക്രവർത്തിയായിരുന്നു. ഇദ്ദേഹത്തിന്റെ സ്ഥാനപതിയെ സെൽജ്യൂക്കുകൾ വകവരുത്തുകയും മംഗോളിയരുമായി കച്ചവടം നടത്തിയതിന് 450 കച്ചവടക്കാരുടെ തല വെട്ടുകയും ചെയ്തപ്പോൾ രണ്ട് വർഷത്തിനുള്ളിൽ ചെങ്കിസ്ഖാൻ ബുഖാറയിലെത്തുകയും 30,000 ത്തോളം പേരെ കൊന്നൊടുക്കി തന്റെ ദൂതന്റെ കൊലക്ക് പകവീട്ടുകയും ചെയ്‌തെന്ന് ചരിത്രം പറയുന്നു. പക്ഷേ, ചെങ്കിസ്ഖാന്റെ മകൻ ചാഗ്ത്തായിഖാന്റെ പേരക്കുട്ടി മുബാറക് ഷാ ഇസ്‌ലാം സ്വീകരിക്കുകയും അതിലൂടെ മംഗോൾ ഭരണാധികാരികളിൽപ്പെട്ട പലയാളുകൾക്കും ഇസ്‌ലാം പുൽകാൻ പ്രചോദനമൊരുക്കുകയും ചെയ്തു. അങ്ങനെയാണ് ചാഗത്തായി ഖാനറ്റിൽ മുസ്്ലിമായ ഭരണാധികാരികൾ ഉണ്ടായത്. ചെങ്കിസ്ഖാനും മക്കളും മറ്റനേകം ഭരണാധികാരികളും “തെൻഗ്റിയസം’ എന്ന മതത്തിൽ വിശ്വാസം പുലർത്തിയവരായിരുന്നു.

ശൈഖ് സൈഫുദീൻ ബൊഹാറാസിയുടെ അടുത്ത് നിന്നും നേരെ ഇമാം അബൂ ഹഫ്സ്‌ അൽ കബീർ ബുഖാരിയുടെ അടുക്കലേക്കാണ് ഞങ്ങൾ പോയത്. ഹനഫി കർമശാസ്ത്രത്തിൽ വലിയ അളവ് സംഭാവന നൽകിയ മഹാപണ്ഡിതനാണ്. ഇമാം അബൂ ഹനീഫയുടെ പ്രധാന ശിഷ്യരിലൊരാളായ മുഹമ്മദ് അൽ ശൈബാനിയുടെ പ്രമുഖ ശിഷ്യരിൽ ഒരാളാണ് അബൂ ഹഫ്സ്‌ അൽ കബീർ. ഇമാം ശാഫിയെ പോലുള്ളവരെ സതീർഥ്യരായും മറ്റനവധി ഇമാമുമാരെ ഗുരുനാഥന്മാരായും ലഭിച്ച ഒരു അത്ഭുത പ്രതിഭ കൂടിയാണ് ഇദ്ദേഹം. ട്രാൻസോക്ഷ്യാന (മാ വറാഅ നഹാർ)യുടെ ശൈഖ് എന്നാണ് ഇദ്ദേഹം അറിയപ്പെട്ടത്. അവിടെ ആദ്യത്തെ പാഠശാല സ്ഥാപിച്ചത് ഇമാം അബൂ ഹഫ്സ്‌ ആയിരുന്നു. ശബ്ദ മുഖരിതമായ ബുഖാറ തെരുവിലൂടെ ശൈഖ് നടന്നു പോകുമ്പോൾ ആ തെരുവ് ഒന്നടങ്കം മൗനം ദീക്ഷിക്കുമായിരുന്നത്രെ !.

താൻ സ്ഥാപിച്ച പാഠശാലയിൽ അധ്യാപകരായി മക്കളെയും സ്ത്രീകൾക്ക് അറിവ് നുകരാൻ സ്വന്തം പത്നിയെയും അദ്ദേഹം പ്രാപ്തരാക്കിയിരുന്നു. നിരവധി ഇസ്‌ലാമിക വിഷയങ്ങളിൽ അഗാധ ജ്ഞാനം കരസ്ഥമാക്കി, അത് ക്രോഡീകരിച്ച് തലമുറകളിലേക്ക് പ്രസരണം ചെയ്തതിനാലും ഇമാം അബൂ ഹഫ്സ്‌ കബീറിന്റെ സേവനം ബുഖാറ പട്ടണത്തിനു ഇസ്്ലാമിക വിശ്വാസത്തിന്റെ ഗോപുരം (qubbat ul-islam) എന്ന അപര നാമം നൽകി.

ഹിജ്‌റ 216ൽ ശെയ്ഖ് മരണപ്പെട്ടു. അദ്ദേഹത്തിനോടുള്ള ആദരവെന്നോണം “സമാനീൻ’ ഭരണകൂടം വളരെ മനോഹരമായ വാസ്തു നിർമിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് ഭരണ കാലത്ത് മധ്യേഷ്യയിലെ ആയിരക്കണക്കിന് ചരിത്ര ശേഷിപ്പുകൾ നശിപ്പിക്കപ്പെട്ട കൂട്ടത്തിൽ ഈ നിർമിതിക്കും കോട്ടം തട്ടിയിരുന്നു. പിന്നീട് സോവിയറ്റ് യൂനിയനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ചയുടൻ നടന്ന നവീകരണ പ്രവർത്തനങ്ങളിൽ പഴമ നിലനിർത്തിക്കൊണ്ട് ചെയ്തപ്പോൾ പഴയതിനെ വെല്ലുന്ന സൗന്ദര്യത്തോടെ അത് ഇന്നും നിലകൊള്ളുന്നു. വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഇഷ്ടിക കൊണ്ട് നിർമിച്ച ഈ കെട്ടിടങ്ങൾ. ഒരു നല്ല ഫോട്ടോഗ്രാഫർക്ക് ആ കെട്ടിടങ്ങളുടെ ഓരോ മുക്കും മൂലയും മൂല്യമേറിയതാണ്. കണ്ടു നിന്ന നിമിഷങ്ങൾ നിർമാണത്തിന് നേത്യത്വം നൽകിയ പേരറിയാത്ത ആർകിടെക്റ്റിന് മനസ്സ് കൊണ്ട് സ്തുതി പറഞ്ഞു.

ബുഖാറ നഗരത്തിന്റെ അലങ്കാരമായി ഇപ്പോഴും ഈ കെട്ടിടങ്ങളെ ഗവൺമെന്റുകൾ പരിഗണിക്കുന്നുണ്ട്. മൗസോളിയത്തിന്റെ ആകൃതിയും ലാളിത്യവും ഘടനയും അതിലെ ലിപികളുടെ വ്യക്തതയും ആരെയും പെട്ടെന്ന് ആകർഷിക്കും. താഴികക്കുടങ്ങൾ കാണുമ്പോൾ തന്നെ നാം അത്ഭുതം കൊണ്ട് വാ പൊളിച്ചു നിന്ന് പോയിരുന്നു. എത്ര മനോഹരമായാണ് ഇഷ്ടികകൾ വെച്ചത് ! അതിരുകടന്ന, കൂട്ടിച്ചേർത്ത ഒരു അലങ്കാരവും അവിടെ കാണാൻ കഴിയുന്നില്ല. ആ അലങ്കാരത്തിന്റെ അഭാവമാണ് ഭംഗി വർധിപ്പിക്കുന്നത്.
തുർക്കി, സെൻട്രൽ ഏഷ്യൻ രാജ്യങ്ങളിലെ ജനതക്ക് എഴുത്തും നിർമിതിയും ഒരു റൂഹാനിയായ ആത്മീയ ചൈതന്യത്തിന്റെ ഭാഗമാണ്. അതാണ് അവിടങ്ങളിലെ കാലിഗ്രാഫി എഴുത്തുകളിലും കെട്ടിടങ്ങളുടെ കാഴ്ചകളിലും നമുക്കൊരു ആത്മീയ ഉണർവിന് പ്രേരകമായി മാറുന്നത്. അവിടെ നിന്ന് സിയാറത്ത് ചെയ്യുമ്പോൾ മങ്ങിയ രൂപത്തിൽ ചുറ്റു നിന്നും സൂര്യപ്രകാശം ഉള്ളിൽ കയറാനുള്ള സൗകര്യവും അജ്ഞാതനായ ആ ആർക്കിടെക്റ്റ് ഒരുക്കിയിരുന്നു. വലിയ തിരക്കുകളൊന്നും അവിടെ കാണാൻ കഴിഞ്ഞില്ല. അങ്ങുമിങ്ങുമായി വൃദ്ധരായ കുറച്ചാളുകൾ മാത്രം ഇരിപ്പുണ്ട്. അവരിൽ ചില ആളുകൾ അരികിലേക്ക് വന്നു കരം കവർന്ന് ആലിംഗനം ചെയ്തു. എന്തെന്നില്ലാത്ത സന്തോഷം അവരുടെ മുഖങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ കഴിഞ്ഞു. വീണ്ടെടുപ്പിന്റെ സന്തോഷം, സ്നേഹം, നിഷ്‌കളങ്കത അത് തന്നെയായിരുന്നു.