Connect with us

Kerala

ഫലസ്തീനില്‍ നടക്കുന്നത് സമാനതകളില്ലാത്ത വംശഹത്യ: ഖലീലുല്‍ ബുഖാരി തങ്ങള്‍

'ആരും അഭയം നല്‍കാത്ത സന്ദര്‍ഭത്തില്‍ ഫലസ്തീനികളാണ് ഇസ്റാഈല്‍ ജനതക്ക് അഭയം നല്‍കിയത്. പാല്‍ കൊടുത്ത കൈയിനു തന്നെ കൊത്തുന്ന വിരോധാഭാസമാണ് ഇസ്റാഈല്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.'

Published

|

Last Updated

മലപ്പുറം | ഫലസ്തീനില്‍ നടക്കുന്നത് അതിക്രൂരമായ വംശഹത്യയാണെന്നും ഇസ്റാഈലിന് പിന്തുണ നല്‍കുന്ന സാമ്രാജ്യത്വ ശക്തികള്‍ അതില്‍ നിന്നും പിന്തിരിയണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മഅ്ദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി. മലപ്പുറത്ത് സി പി എം സംഘടിപ്പിച്ച ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഫലസ്തീനിലേത് ഒരു മതത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല. വിവധ മതക്കാര്‍ സൗഹാര്‍ദത്തോടെയും സാഹോദര്യത്തോടെയും ജീവിക്കുന്ന മണ്ണാണത്. ആരും അഭയം നല്‍കാത്ത സന്ദര്‍ഭത്തില്‍ ഫലസ്തീനികളാണ് ഇസ്റാഈല്‍ ജനതക്ക് അഭയം നല്‍കിയത്. പാല്‍ കൊടുത്ത കൈയിനു തന്നെ കൊത്തുന്ന വിരോധാഭാസമാണ് ഇസ്റാഈല്‍ ഭരണകൂടം ഫലസ്തീനികള്‍ക്കു മേല്‍ നടപ്പാക്കി കൊണ്ടിരിക്കുന്നത്.

യു എന്‍ അടക്കമുള്ള അന്താരാഷ്ട്ര സംഘടനകള്‍ ആവശ്യപ്പെട്ടിട്ടും ഒരു വില പോലും കല്‍പിക്കാതെ ആശുപത്രികളിലടക്കം കൂട്ടക്കുരുതി നടത്തി സമാനതകളില്ലാത്ത നരഹത്യയാണ് ഫലസ്തീനില്‍ നടക്കുന്നത്. കുരുന്നുകളടക്കം ആയിരങ്ങളും 102 യു എന്‍ സന്നദ്ധ പ്രവര്‍ത്തകരും 42 മാധ്യമ പ്രവര്‍ത്തകരും ഇതിനകം കൊല്ലപ്പെട്ടു കഴിഞ്ഞു. രണ്ട് ലക്ഷത്തി ഇരുപതിനായിരം പാര്‍പ്പിടങ്ങള്‍ തകര്‍ക്കപ്പെട്ടു. ഇരുപത്തിയയ്യായിരം ടണ്‍ സ്ഫോടക വസ്തുക്കള്‍ ഇസ്റാഈല്‍ ഗാസയില്‍ മാത്രം വര്‍ഷിച്ചു. ഇന്റര്‍നെറ്റ് സംവിധാനങ്ങളും ചികിത്സ-ഭക്ഷണ സൗകര്യങ്ങളും നിഷേധിക്കപ്പെട്ടു. ഇങ്ങനെ ലോകം ഇതുവരെയും കണ്ടില്ലാത്ത വിധം മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന കൊടും ക്രൂരതയാണ് ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനെതിരെ മത ജാതി ഭേദമന്യേ എല്ലാവരും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഫലസ്തീനില്‍ സമാധാനം പുലരാന്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest