Kerala
ജിഫ്രി തങ്ങളെ വിമർശിച്ച് പ്രസംഗം: മുസ്തഫല്‍ ഫൈസിയെ സസ്‌പെന്‍ഡ് ചെയ്ത് ഇ കെ വിഭാഗം മുശാവറ
വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടതെന്ന പരാമർശം വിവാദമായിരുന്നു

കോഴിക്കോട് | ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളെ വിമര്‍ശിച്ച് പ്രസംഗിച്ച ഇ കെ വിഭാഗം മുശാവറ അംഗം എം പി മുസ്തഫല്‍ ഫൈസിക്ക് സസ്‌പെന്‍ഷന്‍. ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ക്കെതിരെ ഉയര്‍ത്തിയ ആരോപണത്തിന്റെയും കൂടി പശ്ചാത്തലത്തിലാണ് നടപടിയെന്നാണ് വിവരം. ഇന്ന് കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിൻ്റേതാണ് നടപടി. തീരുമാനത്തിൽ പ്രതിഷേധിച്ച് ലീഗ് അനുകൂല മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വി ഉൾപ്പെടെയുള്ളവർ യോഗം ബഹിഷ്‌കരിച്ചു. പിന്നീട് നടന്ന “സമസ്ത’ വാർഷിക സമ്മേളന സ്വാഗത സംഘം യോഗത്തിലും ഇവർ പങ്കെടുത്തില്ല. മുശാവറയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഒരു വിഭാഗം കോഴിക്കോട്ട് രഹസ്യയോഗം ചേർന്നതായും വിവരമുണ്ട്.
കഴിഞ്ഞ ദിവസം മലപ്പുറത്ത് ഇ കെ വിഭാഗത്തിലെ ലീഗ് അനുകൂല പോഷക സംഘടനയായ എസ് എം എഫ് സംഘടിപ്പിച്ച നവോത്ഥാന സമ്മേളനത്തിലായിരുന്നു ജിഫ്രി തങ്ങളെയും ഇ കെ വിഭാഗം പണ്ഡിത സഭയെയും വിമര്‍ശിച്ച് മുസ്തഫല്‍ ഫൈസി പ്രസംഗിച്ചത്. വണ്ടിയിൽ വൈകിക്കയറിയവരല്ല ദിശ നിർണയിക്കേണ്ടതെന്നായിരുന്നു ഇ കെ വിഭാഗം പ്രസിഡൻ്റ് ജിഫ്രി തങ്ങളെ പരോക്ഷമായി വിമർശിച്ച് മുസ്തഫൽ ഫൈസിയുടെ പരാമർശം. ആദ്യം വണ്ടിയിൽ കയറിയവരുണ്ടാകും. അവർ പറയുന്നിടത്തേക്കാണ് വണ്ടി വിടേണ്ടതെന്ന് പറഞ്ഞ മുസ്തഫൽ ഫൈസി, ലീഗിനെ പിന്തുണച്ചില്ലെങ്കിൽ ഇ കെ സമസ്തക്ക് ഒന്നും ചെയ്യാനാകില്ലെന്ന വിധമാണ് തുടർന്ന് പ്രസംഗിച്ചത്. ഇതിനെതിരെ ഇ കെ വിഭാഗത്തിലെ ഒരു വിഭാഗം ശക്തമായ പ്രതിഷേധത്തിലായിരുന്നു.
ഇതിനുപുറമെ, തബ്ലീഗ് പ്രവർത്തകന് ജിഫ്രി തങ്ങൾ മയ്യിത്ത് നിസ്കരിച്ചു, വനിതാ മാധ്യമ പ്രവര്‍ത്തകക്ക് അഭിമുഖം അനുവദിച്ചു തുടങ്ങിയ ആരോപണങ്ങൾ മുസ്തഫൽ ഫൈസി വാട്സാപ്പ് ഗ്രൂപ്പ് വഴി പ്രചരിപ്പിക്കുകയും ചെയ്തു. പലിശ ഇടപാടുമായി ബന്ധപ്പെട്ട തെറ്റായ പരാമര്‍ശങ്ങളടങ്ങിയ പുസ്തകം പുറത്തിറക്കിയ പശ്ചാത്തലത്തില്‍ മുസ്തഫല്‍ ഫൈസി നേരത്തെയും നടപടിക്ക് വിധേയനായിട്ടുണ്ട്.
മുശാവറ യോഗത്തിൽ മുസ്തഫൽ ഫൈസി പങ്കെടുത്തിരുന്നുവെങ്കിലും അൽപ്പസമയത്തിന് ശേഷം ഇറങ്ങിപ്പോയി. നടപടിക്കെതിരെ ബഹാഉദ്ദീൻ നദ്‌വിയടക്കമുള്ളവർ രംഗത്തുവന്നെങ്കിലും ഫലം കണ്ടില്ല. ഹകീം ഫൈസി ആദൃശ്ശേരിയുടെ നേതൃത്വത്തിലുള്ള സി ഐ സിയെ ബഹിഷ്‌കരിച്ചുകൊണ്ടുള്ള നിലപാട് തുടരാനും മുശാവറ യോഗം തീരുമാനമെടുത്തു.
മുശാവറക്ക് ശേഷം നടന്ന നൂറാം വാർഷിക സ്വാഗതസംഘം യോഗത്തിൽ പോഷക സംഘടനാ നേതാക്കളായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ, എം സി മായിൻ ഹാജി അടക്കമുള്ളവർ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും എല്ലാവരും ബഹിഷ്‌കരിച്ചു. സയ്യിദ് ജിഫ്‌രി തങ്ങൾ ചെയർമാനും ആലിക്കുട്ടി മുസ്‌ലിയാർ ജന. കൺവീനറുമായാണ് സ്വാഗതസംഘം രൂപവത്കരിച്ചത്.