From the print
ജിഫ്രി തങ്ങള്‍ക്ക് ഒളിയമ്പുമായി സലാം
തട്ടം വിവാദത്തില്‍ സി പി എമ്മിനെ വിമര്‍ശിക്കുന്നതിനിടക്കാണ് സലാമിന്റെ ഒളിയമ്പ്.
കോഴിക്കോട് | ഇ കെ വിഭാഗം അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ക്കെതിരെ ഒളിയമ്പുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം. തട്ടം വിവാദത്തില്‍ സി പി എമ്മിനെ വിമര്‍ശിക്കുന്നതിനിടക്കാണ് സലാമിന്റെ ഒളിയമ്പ്.
മുഖ്യമന്ത്രിയുടെ ഒരു ഫോണ്‍കോള്‍ കിട്ടിയാല്‍ എല്ലാമായി എന്ന് വിചാരിക്കുന്ന ആളുകള്‍ സമുദായത്തിനിടയിലുണ്ടെന്നും ഇത്തരമൊരു നയം വെച്ചുപുലര്‍ത്തുന്ന പാര്‍ട്ടിയോടുള്ള സമീപനം എന്താണെന്ന് അത്തരം ആളുകള്‍ (ഫോണ്‍കോള്‍ വരുന്നവര്‍) വ്യക്തമാക്കണമെന്നും മത സംഘടനാ നേതാക്കള്‍ക്ക് ഇതില്‍ വലിയ ഉത്തരവാദിത്വമുണ്ടെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തിനിടയില്‍ സലാം പറഞ്ഞത്.
മുഖ്യമന്ത്രിയുടെ കോള്‍ വരുന്ന ആള്‍ സമീപനം വ്യക്തമാക്കണമെന്ന പരാമര്‍ശത്തിലൂടെ ഇ കെ വിഭാഗത്തിന്റെ പ്രധാന നേതാക്കള്‍ അഭിപ്രായം പറയണമെന്നാണോ ഉദ്ദേശിച്ചതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, താന്‍ ‘സമസ്ത’യെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു സലാമിന്റെ മറുപടി. പരാമര്‍ശത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശം ശക്തമായിട്ടുണ്ട്.