Connect with us

jifri thangal against league

ജിഫ്‌രി തങ്ങൾക്കെതിരെ നീക്കം; ഇ കെ സമസ്തയിൽ ധ്രുവീകരണത്തിന് ലീഗ്

ജിഫ്‌രി തങ്ങളെ ഒരു ചേരിയിലും ലീഗ് അനുകൂല സമസ്ത നേതാക്കളെ മറുചേരിയിലും നിർത്തി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ലീഗ് നീക്കമാരംഭിച്ചു

Published

|

Last Updated

കോഴിക്കോട് | വഖ്ഫ് ബോർഡ് വിഷയത്തിൽ പള്ളികളിൽ സർക്കാറിനെതിരെ പ്രതിഷേധിക്കാനുള്ള നീക്കം പാളിയതോടെ ഇ കെ സമസ്തയിൽ ധ്രുവീകരണമുണ്ടാക്കാൻ ലീഗ് നീക്കം. ഇ കെ സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളാണ് കഴിഞ്ഞ ദിവസം ലീഗ് നീക്കത്തിന് തടയിട്ടത്. ഈ സാഹചര്യത്തിൽ ജിഫ്‌രി തങ്ങളെ ഒരു ചേരിയിലും ലീഗ് അനുകൂല സമസ്ത നേതാക്കളെ മറുചേരിയിലും നിർത്തി പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകാൻ ലീഗ് നീക്കമാരംഭിച്ചു.

ലീഗിനോട് അനുഭാവമുള്ള നേതാക്കളുടെ പിന്തുണയോടെയാണ് സമസ്തയിൽ തന്നെ പിടിമുറുക്കാൻ മുസ്‌ലിം ലീഗ് ശ്രമം ആരംഭിച്ചിരിക്കുന്നത്. സാധാരണ ഗതിയിൽ മുസ്‌ലിം സംബന്ധമായ വിഷയം വരുമ്പോൾ ലീഗ് വിവിധ മുസ്‌ലിം സംഘടനകളുടെ യോഗം വിളിച്ചുചേർക്കാറായിരുന്നു പതിവ്. തീരുമാനമെന്തായാലും അത് ഇ കെ സമസ്തയുൾപ്പെടെ അംഗീകരിച്ച് ശിരസ്സാവഹിക്കുമായിരുന്നു. എന്നാൽ, ഏതാനും വർഷമായി ലീഗിന്റെ നിയന്ത്രണത്തിൽ ഇ കെ സമസ്തയെ കിട്ടുന്നില്ല. മാത്രവുമല്ല മതപരമായ വിഷയത്തിൽ ലീഗ് അഭിപ്രായം പറയേണ്ടതില്ലെന്ന നിലപാട് കൂടി ഇ കെ വിഭാഗം സമസ്തയുടെ ഭാഗത്ത് നിന്നുണ്ടാകുന്നു.

പള്ളികളിൽ പ്രതിഷേധം പാടില്ലെന്ന് കഴിഞ്ഞ ദിവസം ജിഫ്‌രി മുത്തുക്കോയ തങ്ങൾ പറയുകയും ചെയ്തു. ഇതിന് പുറമെ ജിഫ്‌രി മുത്തുക്കോയ തങ്ങളെ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുകയുമുണ്ടായി. മന്ത്രി വി അബ്ദുർറഹ്‌മാൻ ജിഫ്‌രി തങ്ങളെ നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തു. നേരത്തേ മുഖ്യമന്ത്രിയുമായുൾപ്പെടെയുള്ള ചർച്ചകൾ ലീഗ് മുഖേനയായിരുന്നു ഇ കെ വിഭാഗം സമസ്ത നടത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ സ്വന്തം നിലയിൽ തന്നെ ചർച്ചയുൾപ്പെടെയുള്ള കാര്യങ്ങൾ നടത്താൻ ഇ കെ സമസ്ത പ്രാപ്തിയിലെത്തിയെന്നതാണ് ലീഗ് കേന്ദ്രങ്ങളിൽ അസ്വസ്ഥത വർധിപ്പിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നീക്കങ്ങൾ ദൂരവ്യാപക രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്ന് തിരിച്ചറിഞ്ഞ ലീഗ് നേതാക്കളാണ് ഇപ്പോൾ ഇ കെ സമസ്തയെ തങ്ങളുടെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം ജിഫ്‌രി തങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത് പാർട്ടിക്ക്് കടുത്ത രാഷ്ട്രീയ തിരിച്ചടി നൽകിയ തീരുമാനമെന്നാണ് ലീഗ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പാർട്ടിയിൽ അദ്ദേഹത്തിനെതിരെ നീക്കം ആരംഭിച്ചിട്ടുണ്ട്. ജിഫ്‌രി തങ്ങൾ കഴിഞ്ഞ ദിവസം പറഞ്ഞ അഭിപ്രായം സമസ്ത യോഗത്തിൽ ആലോചിച്ചെടുത്ത തീരുമാനമല്ലെന്ന് കൂടി മലപ്പുറത്ത് ചേർന്ന ലീഗ് യോഗത്തിൽ ചില നേതാക്കൾ വ്യക്തമാക്കുകയുണ്ടായി. അത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായമാണെന്നും യോഗം വിലയിരുത്തി.

ജിഫ്‌രി മുത്തുക്കോയ തങ്ങൾക്കെതിരായ നീക്കത്തിന് മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി പിന്തുണ കൂടിയുണ്ട്. അദ്ദേഹം കഴിഞ്ഞ ദിവസമെടുത്ത നിലപാടിനെ ഔദ്യോഗിക മുജാഹിദ് വിഭാഗം പോലും കടുത്ത ഭാഷയിലാണ് വിമർശിക്കുന്നത്. മുഖ്യമന്ത്രി വിളിക്കുമ്പോഴേക്ക് തീരുമാനം മാറ്റാൻ ഇദ്ദേഹത്തിനെന്താ എന്നാണ് ഔദ്യോഗിക വിഭാഗം മുജാഹിദ് നേതാവ് പ്രതികരിച്ചത്.

ജിഫ്‌രി തങ്ങളുടെ ആഹ്വാനം മുഖവിലക്കെടുക്കാതെ മുജാഹിദ്, ജമാഅത്ത് പള്ളികളിൽ വഖ്ഫ് ബോർഡ് വിഷയത്തിൽ പ്രതിഷേധം നടത്തുകയും ചെയ്തു. ഇത് ഫലത്തിൽ ലീഗ് വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്ത മുസ്‌ലിം സംഘടനകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നതിന് കാരണായി.

ഈ സാഹചര്യത്തിൽ മുസ്‌ലിം സംഘടനകളുടേതെന്ന പേരിൽ ഇനിയൊരു യോഗം വിളിച്ചു ചേർക്കാൻ ലീഗിന് കഴിയില്ലെന്ന വിമർശം ശക്തമാകുകയും ചെയ്തു. ഇതോടെ മുസ്‌ലിം സംഘടനകളുടെ നിയന്ത്രണം കൂടി നഷ്ടപ്പെട്ട സാഹചര്യത്തിലാണ് ലീഗ് ഇപ്പോഴുള്ളത്. ഇപ്പോഴത്തെ ഈ അവസ്ഥക്കെല്ലാം കാരണം സയ്യിദ് ജിഫ്‌രി തങ്ങളാണെന്നാണ് ലീഗിൽ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest