Kerala
വീണ്ടും വിദ്വേഷം പരത്തി ജോര്‍ജ്; ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലൗ ജിഹാദില്‍ നഷ്ടപ്പെടുന്നുവെന്ന്
25 വയസ്സുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. ആ പെണ്‍കുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നുമെന്നും ജോര്‍ജ്

കോട്ടയം | മതവിദ്വേഷക്കേസില്‍ ജാമ്യത്തിലിറങ്ങിയിട്ടും വിദ്വേഷ പ്രസംഗം നിര്‍ത്താതെ ബി ജെ പി നേതാവ് പി സി ജോര്‍ജ്. ക്രിസ്ത്യന്‍ സമുദായത്തിലെ പെണ്‍കുട്ടികളെ ലൗജിഹാദില്‍ നഷ്ടപ്പെടുന്നുവെന്നാണ് പുതിയ ആരോപണം. യാഥാര്‍ഥ്യം മനസ്സിലാക്കി രക്ഷിതാക്കള്‍ 24 വയസ്സിന് മുമ്പ് ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ വിവാഹം ചെയ്തയക്കണമെന്നും ജോര്‍ജ് ആവശ്യപ്പെട്ടു. മീനച്ചില്‍ താലൂക്കില്‍ മാത്രം നാനൂറോളം കുഞ്ഞുങ്ങളെ ലൗജിഹാദില്‍ നഷ്ടപ്പെട്ടുവെന്നാണ് ജോര്‍ജിന്റെ ഗുരുതര ആരോപണം. ഇതില്‍ 41 പേരെ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും ജോര്‍ജ് പറയുന്നു. പാലായില്‍ നടന്ന ലഹരി വിരുദ്ധ സമ്മേളനത്തിലായിരുന്നു വിവാദ പരാമര്‍ശങ്ങള്‍.
ഇന്നലെയും 25 വയസ്സുള്ള ഒരു കൊച്ചിനെ കാണാതായി. 25 വയസ്സ് വരെ ആ പെണ്‍കുട്ടിയെ കെട്ടിച്ചുവിടാത്ത അപ്പനിട്ടാണ് അടികൊടുക്കേണ്ടത്. ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എന്തിനാണ് 25ഉം 30ഉം വയസ്സ് വരെ പെണ്‍കുട്ടികളെ കെട്ടിക്കാതെ വെക്കുന്നത്. 24 വയസ്സാകുമ്പോഴേക്കും പെണ്‍കൊച്ചുങ്ങളെ കെട്ടിച്ചുവിടാനുള്ള മര്യാദ കാണിക്കണം. 25 വയസ്സുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ എനിക്ക് സന്തോഷം തോന്നും. ആ പെണ്‍കുട്ടിക്ക് ആണുങ്ങളെ കാണുമ്പോഴും സന്തോഷം തോന്നും. ഇത് റിയാലിറ്റിയാണ്. മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളാണ്. ഇതറിയാതെ പോയിട്ട് കാര്യമൊന്നുമില്ലെന്നും ജോര്‍ജ് പറഞ്ഞു.