Connect with us

From the print

ജർമൻ ക്രിസ്മസ് മാർക്കറ്റ് ആക്രമണം: അക്രമി കടുത്ത മുസ്‌ലിംവിരുദ്ധൻ; സഊദി പലതവണ മുന്നറിയിപ്പ് നൽകി

പരുക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും

Published

|

Last Updated

ബെർലിൻ | ജർമനിയിലെ മഗ്‌ഡെബർഗ് നഗരത്തിൽ ക്രിസ്മസ് മാർക്കറ്റിലേക്ക് കാറിടിച്ച് കയറ്റി അഞ്ച് പേരെ കൊലപ്പെടുത്തിയ ഭീകരവാദി ഭീഷണി സന്ദേശവുമായി സാമൂഹിക മാധ്യമമായ എക്‌സിൽ സജീവമായിരുന്നുവെന്ന് അന്വേഷണ സംഘം. ഇസ്‌ലാംവിരുദ്ധ സന്ദേശങ്ങളാണ് അക്രമിയുടെ പോസ്റ്റുകളിലുടനീളം നിറഞ്ഞിരുന്നത്. ഇസ്‌ലാം ഉപേക്ഷിച്ച് യുക്തിവാദത്തിലേക്ക് വരുന്നവർക്ക് അഭയമൊരുക്കുമെന്ന വാഗ്ദാനവും ഇയാൾ നൽകിയിരുന്നു. സഊദി അറേബ്യ ഇയാളെ പോലുള്ള മതനിഷേധികളെ കുറിച്ച് ജർമൻ അധികൃതർക്ക് നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ബി ബി സി റിപോർട്ട് ചെയ്തു.

സഊദി അറേബ്യയിൽ നിന്നുള്ള ഡോക്ടറാണ് ഭീകരാക്രമണം നടത്തിയ താലിബ് അൽ അബ്ദുൽ മുഹ്‌സിനെന്ന് പോലീസിനെ ഉദ്ധരിച്ച് ബി ബി സി റിപോർട്ട് ചെയ്തു. 2006ലാണ് ജർമനിയിലെത്തിയത്. 2016ൽ അഭയാർഥി പദവി നേടിയെടുത്തു. തന്നെപ്പോലെ ഇസ്‌ലാം ഉപേക്ഷിച്ച് ഗൾഫ് നാടുകളിൽ നിന്ന് വരുന്നവർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതിനായി ഇയാൾ വെബ്‌സൈറ്റ് നടത്തുന്നുണ്ട്. ഇസ്‌ലാംവിരുദ്ധതയും ഗൂഢാലോചനാ സിദ്ധാന്തങ്ങളുമാണ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുള്ളത്. ജർമനയിലെ തീവ്രവലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എ എഫ് ഡി)യുടെ പ്രവർത്തകനായിരുന്നു. അക്രമിയുടെ മുൻകാല നിലപാടുകളും പ്രവൃത്തികളും പരിശോധിച്ചു വരികയാണെന്നും വിശദാംശങ്ങൾ തത്കാലം വെളിപ്പെടുത്താനാകില്ലെന്നും മഗ്‌ഡെബർഗ് പോലീസ് മേധാവി ടോം ഒലിവർ പറഞ്ഞു.
അതിനിടെ, അടിയന്തര ഘട്ടത്തിൽ മാത്രം ഉപയോഗിക്കുന്ന വഴി എങ്ങനെയാണ് അക്രമിക്ക് തുറന്നുകിട്ടിയതെന്ന ചോദ്യമുയരുന്നുണ്ട്. ഇയാൾക്ക് ആരുടെയൊക്കെ സഹായം കിട്ടിയെന്ന് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു. അക്രമിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്ത് വരികയാണ്. മുമ്പ് ലഭിച്ച മുന്നറിയിപ്പുകൾ എന്തുകൊണ്ട് അവഗണിച്ചുവെന്നതും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മതനിഷേധ പ്രചാരണത്തിലേർപ്പെട്ട താലിബ് അപകടകാരിയാണെന്ന് വ്യക്തമാക്കുന്ന നാല് സന്ദേശങ്ങൾ ജർമനിക്ക് കൈമാറിയിരുന്നുവെന്നാണ് സഊദി ഭരണാധികാരികളുമായി അടുത്ത ബന്ധമുള്ളയാൾ ബി ബി സിയോട് പറഞ്ഞത്. വിവരം ലഭിച്ചിരുന്നുവെന്ന് ജർമൻ ഫെഡറൽ ക്രിമിനൽ പോലീസ് ഓഫീസ് സ്ഥിരീകരിച്ചു.
ക്രിസ്മസ് മാർക്കറ്റ് ആക്രമണത്തിന് പിറകേ എക്‌സ് മേധാവി ഇലോൺ മസ്‌ക് നടത്തിയ പ്രതികരണവും വലിയ ചർച്ചയായി. ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് കഴിവുകെട്ട ഭരണാധികാരിയാണെന്നും എ എഫ് ഡിയെ അധികാരത്തിലേറ്റുക മാത്രമാണ് പോംവഴിയെന്നും മസ്‌ക് പറഞ്ഞിരുന്നു. അതേസമയം, കടുത്ത മുസ്‌ലിംവിരുദ്ധതയും വിദ്വേഷവും ഭീഷണിയും വിളമ്പാൻ താലിബിനെപ്പോലുള്ളവർ എക്‌സ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിൽ മസ്‌കിന് എന്തു പറയാനുണ്ടെന്ന ചോദ്യമാണ് ഉയരുന്നത്.

അതേസമയം, സംഭവത്തില്‍ പരുക്കേറ്റവരില്‍ ഏഴ് ഇന്ത്യക്കാരും ഉൾപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവര്‍ക്കും കുടുംബത്തിനും ബര്‍ലിനിലെ ഇന്ത്യന്‍ എംബസി എല്ലാ സഹായവും ചെയ്യുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

Latest