First Gear
ഗിഗാഫാക്ടറി; ഓരോ 40 സെക്കന്റിലും ഒരു ടെസ്ല കാര്‍ പുറത്തിറക്കും
ഷാങ്ഹായിലുള്ള ഗിഗാഫാക്ടറി ഓരോ 40 സെക്കന്റിലും ഒരു ടെസ്ല കാര്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതാണെന്നാണ് പ്രത്യേകത.
ന്യൂഡല്‍ഹി| ഇലക്ട്രിക്ക് കാര്‍ വിപണിയിലെ മികച്ച ബ്രാന്റാണ് ടെസ്ല. ഏറ്റവും പുതിയ സാങ്കേതികവിദ്യകളുമായാണ് ടെസ്ലയുടെ കാറുകള്‍ ആഗോള വാഹനവിപണിയില്‍ എത്തുന്നതും. എന്നാല്‍ ഇപ്പോള്‍ ടെസ്ലയുടെ ഒരു കാര്‍ ഫാക്ടറിയെക്കുറിച്ചാണ് ചര്‍ച്ചകള്‍ നടക്കുന്നത്. അതിവേഗം കാറുകള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള ചൈനയിലെ ഷാങ്ഹായിലുള്ള ടെസ്ല ഫാക്ടറിയാണ് താരം.
ഷാങ്ഹായിലുള്ള ഗിഗാഫാക്ടറി ഓരോ 40 സെക്കന്റിലും ഒരു ടെസ്ല കാര്‍ പുറത്തിറക്കാന്‍ ശേഷിയുള്ളതാണെന്നാണ് പ്രത്യേകത. ടെസ്ല മോഡല്‍ 3, ടെസ്ല വൈ കാര്‍ എന്നിവയാണ് ഈ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്നത്. ഏഷ്യന്‍ വിപണികളിലേക്കായി കാറുകള്‍ നിര്‍മ്മിക്കുന്ന ഫാക്ടറിയാണ് ഗിഗാഫാക്ടറി. ഇതേപൊലെ ഗിഗാഫാക്ടറി അമേരിക്കയിലെ നെവാഡയിലുമുണ്ട്. ഈ ഫാക്ടറിയില്‍ കമ്പനി ബാറ്ററി സെല്ലുകളും പാക്കുകളും അതിവേഗമാണ് നിര്‍മ്മിക്കുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ഗിഗാഫാക്ടറി, ജര്‍മ്മനിയിലെ ബെര്‍ലിനിലും പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കമ്പനി പുറത്ത് വിട്ട ട്വിറ്റര്‍ വീഡിയോയില്‍ ഈ ഫാക്ടറിയില്‍ ഓരോ 40 സെക്കന്‍ഡിലും ഒരു പുതിയ മോഡല്‍ 3, മോഡല്‍ വൈ കാര്‍ നിര്‍മ്മിക്കുന്നത് കാണിക്കുന്നുണ്ട്. ഷാങ്ഹായ്യിലുള്ള ഗിഗാഫാക്ടറിയില്‍ ഓരോ 40 സെക്കന്‍ഡിലും ഒരു കാര്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചതോടെ നേരത്തെ ഏറ്റവും വേഗത്തില്‍ കാറുകള്‍ നിര്‍മ്മിച്ചിരുന്ന ഫോര്‍ഡിനെ പോലും ടെസ്ല പിന്നിലാക്കിയിരിക്കുകയാണ്. ഫോര്‍ഡിന്റെ മിഷിഗണിലെ ഡിയര്‍ബോണ്‍ ട്രക്ക് പ്ലാന്റിന് ഓരോ 49 സെക്കന്‍ഡിലും ഒരു എഫ്-150 പിക്കപ്പ് ട്രക്ക് പുറത്തിറക്കാന്‍ കഴിയുമെന്ന് ഫോര്‍ഡ് വെളിപ്പെടുത്തിയിരുന്നു. ഫോര്‍ഡിന്റെ ഈ നിര്‍മ്മാണ വേഗതയെയൊണ് ടെസ്ല പിന്നിലാക്കിയിരിക്കുന്നത്.