Ongoing News
ഗില്ലിന് സെഞ്ച്വറി, രോഹിതിന് 17,000, കോലിക്ക് നാട്ടില്‍ 4,000; അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ പ്രതിരോധം ശക്തം
ഇന്നത്തെ കളി അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ
അഹ്മദാബാദ് | ബോര്‍ഡര്‍- ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരത്തിന്റെ മൂന്നാം ദിനം ഇന്ത്യന്‍ പ്രതിരോധം ശക്തം. ഇന്നത്തെ കളി അവസാനിച്ചപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സ് എന്ന മികച്ച നിലയിലാണ് ഇന്ത്യ. സ്കോർ ബോർഡ്; ഓസ്‌ട്രേലിയ 480. ഇന്ത്യ: 289/3
ഓപണര്‍ ശുഭ്മാന്‍ ഗില്ലിന്റെ മനോഹര ഇന്നിംഗ്‌സാണ് ഇന്ത്യന്‍ ചെറുത്തുനില്‍പ്പിന് ബലമേകിയത്. 235 ബോളിലാണ് ശുഭ്മാന്‍ ഗില്‍ 128 റണ്‍സ് നേടിയത്. ഒരു സിക്‌സറിന്റെയും 12 ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ഗില്ലിന്റെ സെഞ്ച്വറി.
രണ്ട് റെക്കോര്‍ഡുകളുടെ പിറവിക്കും മൂന്നാം ദിവസം സാക്ഷ്യം വഹിച്ചു. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 17,000 റണ്‍സ് നേടിയവരുടെ പട്ടികയില്‍ ഇടംപിടിച്ചു. 17,000 റണ്‍സ് ക്ലബിലെത്തുന്ന ഇന്ത്യന്‍ ബാറ്റര്‍മാരിലെ ആറാമനാണ് രോഹിത്. സച്ചിന്‍, കോലി, ദ്രാവിഡ്, ഗാംഗുലി, ധോണി എന്നിവരാണ് നേരത്തെ 17,000 റണ്‍സ് സ്‌കോര്‍ ചെയ്തത്. എന്നാല്‍, മത്സരത്തിന് 35 റണ്‍സ് മാത്രമാണ് രോഹിതിന് സംഭാവന ചെയ്യാന്‍ കഴിഞ്ഞുള്ളു.
നാട്ടില്‍ നടന്ന ടെസ്റ്റ് മത്സരങ്ങളില്‍ 4,000 റണ്‍സ് എന്ന നാഴികക്കല്ലാണ് വിരാട് കോലി ഇന്ന് താണ്ടിയിരിക്കുന്നത്. 94 ഇന്നിംഗ്‌സില്‍ 7216 റണ്‍സ് നേടിയ സച്ചിനാണ് നാട്ടില്‍ ഏറ്റവുമധികം റണ്‍സ് നേടിയത്. രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവസ്‌കര്‍, വിരേന്ദ്രര്‍ സെവാഗ് എന്നിവരാണ് നേരത്തെ നാട്ടില്‍ 4,000 റണ്‍സ് അടിച്ചുകൂട്ടിയ മുന്‍ഗാമികള്‍. 128 ബോളില്‍ 59 റണ്‍സ് നേടി പുറത്താകാതെ നില്‍ക്കുകയാണ് കോലി. 16 റണ്‍സുമായി രവീന്ദ്ര ജഡേജയാണ് മറുവശത്ത്.
നേരത്തെ, ഓസിസ് ബാറ്റിംഗില്‍ ഉസ്മാന്‍ ഖവാജ (180), കാമറൂണ്‍ ഗ്രീന്‍ (114) എന്നിവര്‍ സെഞ്ചറി നേടിയിരുന്നു.