Connect with us

Ongoing News

ഗില്ലും ശ്രേയസും അക്‌സറും ജ്വലിച്ചു; ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് നാലുവിക്കറ്റ് ജയം

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ 38.4 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി.

Published

|

Last Updated

നാഗ്പുര്‍ | ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. 68 പന്തുകള്‍ ശേഷിക്കേ നാല് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 47.4 ഓവറില്‍ 248 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ 38.4 ഓവറില്‍ നാല് വിക്കറ്റ് ശേഷിക്കേ ഇന്ത്യ ലക്ഷ്യത്തിലെത്തി. നേരത്തെ അഞ്ച് മത്സര ടി20 പരമ്പര ഇന്ത്യ 4-1ന് സ്വന്തമാക്കിയിരുന്നു.

ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 96 പന്തില്‍ 87 റണ്‍സെടുത്താണ് ഗില്‍ പുറത്തായത്. സാഖിബ് മഹമൂദിന്റെ പന്തില്‍ ജോസ് ബട്‌ലര്‍ പിടിച്ചാണ് ഗില്‍ പുറത്തായത്. ശ്രേയസ് അയ്യര്‍ 36 പന്തില്‍ 59 റണ്‍സെടുത്തു. ജേക്കബ് ബെഥേലിന്റെ പന്തില്‍ എല്‍ ബി ഡബ്ല്യു ആയിട്ടായിരുന്നു ശ്രേയസിന്റെ മടക്കം. 47 പന്തില്‍ 52 റണ്‍സെടുത്ത അക്‌സര്‍ പട്ടേല്‍ ആദില്‍ റഷീദിന്റെ പന്തില്‍ ബൗള്‍ഡായി.

യശസ്വി ജയ്‌സ്വാള്‍ (22 പന്തില്‍ 15), രോഹിത് ശര്‍മ (രണ്ട്), കെ എല്‍ രാഹുല്‍ (രണ്ട്), ഹാര്‍ദിക് പാണ്ഡ്യ (ഒമ്പത്), രവീന്ദ്ര ജഡേജ (12) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോര്‍. സാഖിബ് മഹമൂദും ആദില്‍ റഷീദും ഇംഗ്ലണ്ടിനായി രണ്ട് വീതം വിക്കറ്റ് നേടി. ജോഫ്ര ആര്‍ച്ചറും ജേക്കബ് ബെഥേലും ഓരോ വിക്കറ്റ് സ്വന്തമാക്കി.

നേരത്തെ ജോസ് ബട്‌ലറുടെയും (67 പന്തില്‍ 52), ജേക്കബ് ബെഥേലിന്റെയും (64 പന്തില്‍ 51) അര്‍ധ ശതകങ്ങളുടെ പിന്‍ബലത്തിലാണ് ഇംഗ്ലണ്ട് 248ല്‍ എത്തിയത്. ഫില്‍ സാള്‍ട്ട് 26 പന്തില്‍ 43ഉം ബെന്‍ ഡക്കറ്റ് 29ല്‍ 32ഉം റണ്‍സെടുത്തു. ജോ റൂട്ട് 19 റണ്‍സ് നേടി. ജോഫ്ര ആര്‍ച്ചര്‍ 21 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്നു വീതം വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Latest