Connect with us

National

മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം; രോഗബാധിതരുടെ എണ്ണം 101 ആയി

രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 16 പേര്‍ വെന്റിലേറ്ററിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയില്‍ ഗില്ലന്‍ബാരി സിന്‍ഡ്രോം പടരുന്നതായി റിപ്പോര്‍ട്ട്. രോഗബാധിതരുടെ എണ്ണം 101 ആയി. 68 പുരുഷന്മാര്‍ക്കും 33 സ്ത്രീകള്‍ക്കുമാണ് രോഗം ബാധിച്ചത്. രോഗം ബാധിച്ച് സോളാപൂരില്‍ ഒരാള്‍ മരിച്ചതായി സംസ്ഥാന ആരോഗ്യവകുപ്പ് അറിയിച്ചു. 16 പേര്‍ വെന്റിലേറ്ററിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൂനെ മുനിസിപ്പാലിറ്റി, പിംപ്രി-ചിഞ്ച് വാഡ് മേഖലകളിലാണ് പ്രധാനമായും രോഗം പടരുന്നത്. 95 കേസുകളാണ് ഈ മേഖലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രോഗം ബാധിച്ചവരില്‍ ഇരുപതോളം പേര്‍ പത്തു വയസ്സില്‍ താഴെയാണ്. 50 നും 80 നും ഇടയില്‍ പ്രായമുള്ള 23 കേസുകളും സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗബാധ രോഗികളുടെ പ്രതിരോധശേഷി ഇല്ലാതാക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. പെട്ടെന്നുള്ള മരവിപ്പ്, പേശി ബലഹീനത, തളര്‍ച്ച, വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ രോഗത്തിന്റെ ചികിത്സയ്ക്ക് ചെലവ് ഏറെയാണ്. രോഗികള്‍ക്ക് സാധാരണയായി ഇമ്യൂണോഗ്ലോബുലിന്‍ (ഐവിഐജി) കുത്തിവയ്പ്പുകള്‍ വേണ്ടി വരും. ഒരു കുത്തിവെപ്പിന് 20,000 രൂപയോളം ആവശ്യമായി വരും. ചികിത്സാ ചെലവ് സംബന്ധിച്ച് അധികൃതരുമായി ചര്‍ച്ച നടത്തിയെന്നും രോഗികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുമെന്നും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ അറിയിച്ചു.