Connect with us

ginger

ഇഞ്ചി വില മാത്രം ഉയര്‍ന്നില്ല; കര്‍ണാടകത്തില്‍ മുതല്‍ മുടക്കിയ മലയാളി കര്‍ഷകര്‍ പ്രതിസന്ധിയില്‍

കര്‍ണാടകത്തില്‍ ഇഞ്ചി കൃഷി ചെയ്തത് പൂര്‍ണമായും മലയാളികളാണ്. വിലത്തകര്‍ച്ചയെ നേരിടാന്‍ കഴിയാതെ മലയാളി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് കര്‍ണാടക വിടാനും തുടങ്ങിയിട്ടുണ്ട്

Published

|

Last Updated

കാളികാവ് | കര്‍ണാടകത്തില്‍ മുതല്‍ മുടക്കിയ മലയാളി ഇഞ്ചി കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ഇഞ്ചിയുടെ വിലയിടിവാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. തുടര്‍ച്ചയായി രണ്ടാമത്തെ വര്‍ഷവും ഇഞ്ചി വില താഴോട്ടാണ്. മുതല്‍ മുടക്കിന്റെ പകുതിയും തിരിച്ച് പിടിക്കാന്‍ കഴിയാത്ത തരത്തില്‍ വിലത്തകര്‍ച്ച നേരിടുകയാണ് ഇഞ്ചി കര്‍ഷകര്‍.

കൊവിഡിനെ തുടര്‍ന്ന് വിപണി നഷ്ടപ്പെട്ടതാണ് വിലത്തകര്‍ച്ചക്ക് പ്രധാനകാരണമായത്. മലയാളികള്‍ മുതല്‍ മുടക്കിയ വാഴ കൃഷിയിലും വിലത്തകര്‍ച്ച നേരിട്ടു. സ്വദേശികള്‍ മുതല്‍ മുടക്കിയ തക്കാളി കൃഷിയിലടക്കം പത്തിരട്ടി വില വര്‍ധനവാണ് ഉണ്ടായത്.

2020ല്‍ 4500 രൂപ ലഭിച്ച 60 കിലോയുള്ള ഇഞ്ചി ചാക്കിന്റെ വില 600 രൂപയായിലേക്ക് താഴ്ന്നു. കര്‍ണാടകത്തില്‍ ഇഞ്ചി കൃഷി ചെയ്തത് പൂര്‍ണമായും മലയാളികളാണ്. കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ തുടങ്ങിയ ജില്ലകളില്‍ നിന്നാണ് നിരവധി പേര്‍ ഇഞ്ചി കൃഷിയില്‍ മുതല്‍ മുടക്കിയിട്ടുള്ളുത്. തുടര്‍ച്ചയായി വിലയിടിവ് നേരിടേണ്ടി വന്നതിനെ തുടര്‍ന്ന് മലയാളി കര്‍ഷകര്‍ സംഘടിച്ചിട്ടുണ്ട്. ഇടനിലക്കാരുടെ ചൂഷണത്തെ നേരിടുക എന്നതാണ് പ്രധാന ലക്ഷ്യം. വിളവിടുപ്പ് സമയത്ത് ഇഞ്ചിയെ ഒന്നും രണ്ടും തരങ്ങളായി തിരിക്കുന്നതില്‍ വലിയ തട്ടിപ്പുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്. പ്രത്യക്ഷത്തില്‍ തകരാര്‍ കാണാത്ത ഇഞ്ചി പോലും രണ്ടാം തരത്തിലാണ് ഉള്‍പ്പെടുത്തുന്നത്. രണ്ടാം തരമായി മാറ്റുന്ന ഇഞ്ചി വ്യാപാരികള്‍ തുച്ചമായ വിലക്ക് വാങ്ങിച്ചെടുത്ത് പൊതു വിപണിയില്‍ തര വ്യത്യാസമില്ലാതെ വിറ്റഴിക്കുകയാണ് ചെയ്യുന്നത്. വിലത്തകര്‍ച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നാണ് കര്‍ഷകരുടെ വിലയിരുത്തല്‍. വിപണി തകര്‍ക്കുന്നതിനാല്‍ രണ്ടാം തരം ഇഞ്ചി വന്‍കിട വ്യാപാരികള്‍ക്ക് നല്‍കേണ്ടതില്ല എന്നാണ് കര്‍ഷ കൂട്ടായ്മയുടെ തീരുമാനം. തരം തിരിച്ചിടുന്ന ഇഞ്ചി ഉണക്കി ചുക്കാക്കി മാറ്റുകയാണ് ചെയ്യുന്നത്.

മുന്‍ വര്‍ഷങ്ങളില്‍ ഇഞ്ചിക്ക് ലഭിച്ച വിലയാണ് കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിച്ചത്. ഇഞ്ചിയുടെ വിലയിടിവ് കര്‍ഷകരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്. ആകെയുണ്ടായിരുന്ന വരുമാനത്തിന് പുറമെ വയ്പ എടുത്തുമാണ് പ്രവാസികള്‍ അടക്കമുള്ളവര്‍ കൃഷിയിലേക്ക് തിരിഞ്ഞത്. ഒരു ഏക്കറില്‍ ഇഞ്ചി കൃഷി ചെയ്യാന്‍ നാല് ലക്ഷം രുപ ചിലവുണ്ട്. 60 കിലോക്ക് 2000 രൂപ വരെ ലഭിച്ചാല്‍ മാത്രമെ കര്‍ഷകര്‍ക്ക് മുടക്ക് മുതല്‍ മുടക്കെങ്കിലും തിരിച്ച് പിടിക്കാന്‍ കഴിയുകയൊള്ളു.

800 ഹെക്ടറില്‍ കര്‍ണാടകത്തില്‍ മലയാളികള്‍ ഇഞ്ചി കൃഷി ചെയ്തിട്ടുണ്ട്. എച്ച്ഡി കോട്ട, ഗദിക, ഹാന്റ് പോസ്റ്റ്, മാതാപുരം, മടിക്കേരി, ചിക്ക് മംഗ്‌ളൂര്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വന്‍ തോതില്‍ കൃഷി ചെയ്തിട്ടുള്ളത്.

വിലത്തകര്‍ച്ചയെ നേരിടാന്‍ കഴിയാതെ മലയാളി കര്‍ഷകര്‍ കൃഷി ഉപേക്ഷിച്ച് കര്‍ണാടക വിടാനും തുടങ്ങിയിട്ടുണ്ട്.