Connect with us

ginger

ഇഞ്ചിവില കുതിക്കുന്നു; കർഷകർ പ്രതീക്ഷയിൽ

വേനൽ കടുത്തതോടെയാണ് ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്.

Published

|

Last Updated

കോഴിക്കോട് | കർഷകർക്ക് പ്രതീക്ഷ നൽകി ഇഞ്ചി വില ഉയരുന്നു. രണ്ട് മാസം മുമ്പ് 70- 80 രൂപയുണ്ടായിരുന്ന ഒരു കിലോ ഇഞ്ചിക്ക് ഇപ്പോൾ മാർക്കറ്റിൽ 180 രൂപയായി. ചാക്കിന് രണ്ടായിരത്തിന് മുകളിലാണ് വിപണിയിലെ വില. വരും മാസങ്ങളിൽ വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

വേനൽ കടുത്തതോടെയാണ് ഇഞ്ചിക്ക് ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയത്. നേരത്തേ വിളവെടുത്ത് സൂക്ഷിച്ച ഇഞ്ചിയാണ് വിപണിയിലെത്തിയിരുന്നത്. കൊവിഡിന് ശേഷം 30 രൂപയിലേക്ക് വില ഇടിഞ്ഞതോടെ മിക്ക കർഷകരും ഈ രംഗം വിട്ടിരുന്നു. നിലവിലെ വിലവർധന കർഷകർക്ക് ആശ്വാസമാകുകയാണ്.

ജില്ലയിലേക്ക് പ്രധാനമായും കർണാടകയിൽ നിന്നാണ് ഇഞ്ചിയെത്തുന്നത്. കേരളത്തിൽ വയനാട്ടിലും ഇടുക്കിയിലുമാണ് പേരിനെങ്കിലും അൽപ്പം കൃഷിയുള്ളത്. ഭൂരിഭാഗം സ്ഥലങ്ങളിലും കുംഭ മാസത്തിലാണ് ഇഞ്ചിയുടെ വിളവെടുപ്പ്. കാലാവസ്ഥാ വ്യതിയാനവും ഇല ചീയൽ, ഇലപ്പുള്ളി, തണ്ടുതുരപ്പൻ തുടങ്ങിയ രോഗങ്ങളും കാരണം വർഷങ്ങളായി ഇഞ്ചി നഷ്ടക്കൃഷിയാണ്. ഇഞ്ചി കൃഷി അവസാനിപ്പിക്കാൻ ചെറുകിട, ഇടത്തരം കർഷകരിൽ പലരും തീരുമാനിച്ചിരിക്കെയാണ് വില ഉയർന്നത്.

വേനൽ മഴ കുറവായതിനാൽ അടുത്ത സീസണിലേക്ക് വേണ്ട ഇഞ്ചി പലരും നട്ടിട്ടില്ല. ഇപ്പോൾ ലഭിക്കുന്ന വില ഉത്പാദനച്ചെലവിന്റെ അയലത്ത് വരില്ലെങ്കിലും നഷ്ടം കുറക്കാൻ ഉതകുമെന്ന് കർഷകനായ അരുൺ പറയുന്നു. വരും ദിവസങ്ങളിലും വില ഉയരുമെന്നാണ് ഇവരുടെ പ്രതീക്ഷ. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഇഞ്ചി കർഷകരിൽ ഭൂരിഭാഗവും കർണാടകയിലാണ് കൃഷി ചെയ്യുന്നത്.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ഇറക്കുന്നത്. കുറഞ്ഞ പാട്ടത്തുകയും നിസ്സാര കൂലിയുമാണ് പ്രധാന ആകർഷണം. കർണാടകയിൽ കൃഷിക്ക് പല ആനുകൂല്യങ്ങളും ലഭിക്കുന്നതിനാൽ വിലയിടിവ് കർഷകരെ വലിയ തോതിൽ ബാധിക്കാറില്ല.

Latest