Kerala
ദേശീയപാത ബൈപാസ് മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു
പില്ലര്‍ 13,14,15,16 എന്നിവയാണ് വലിയ ശബ്ദത്തോടുകൂടി നിലംപതിച്ചത്.

ആലപ്പുഴ | ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മാണത്തിലിരുന്ന ബൈപാസ് മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണു. അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. പില്ലര്‍ 13,14,15,16 എന്നിവയാണ് വലിയ ശബ്ദത്തോടുകൂടി നിലംപതിച്ചത്.
നിര്‍മ്മാണത്തൊഴിലാളികള്‍ താമസിച്ചിരുന്ന ഒരു ഷെഡിന്റെ മുകളിലായി ഗര്‍ഡര്‍ വീണിട്ടുണ്ട്. തൊഴിലാളികള്‍ ഇല്ലാത്തതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേല്‍പ്പാലത്തിന്റെ നാലു കൂറ്റന്‍ ഗര്‍ഡറാണ് ഇന്നു രാവിലെ 11മണിയോടെ തകര്‍ന്നു വീണത്. അപകടത്തില്‍ സമീപത്തുള്ള വീടുകളില്‍ വിള്ളല്‍ വീണിട്ടുണ്ട്. ആലപ്പുഴ ബീച്ചില്‍ വിജയ പാര്‍ക്കിന്റെ വടക്കുവശം നിര്‍മ്മാണത്തിലിരുന്ന പുതിയ ബൈപ്പാസ് പാലത്തിന്റെ ഗര്‍ഡറുകളാണ് പൊളിഞ്ഞുവീണത്. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ഇവ സ്ഥാപിച്ചിരുന്നത്.
പോലീസും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. എപ്പോഴും ആളുകള്‍ സഞ്ചരിക്കുന്ന ആലപ്പുഴ നഗരത്തിലെ തിരക്കേറിയ ബീച്ച് പാത കൂടിയാണിത്. ആലപ്പുഴ കളര്‍കോട് മുതല്‍ കൊമ്മാടി വരെയുള്ള ഭാഗത്താണ് നിലവിലുള്ള ബൈപ്പാസിന് സമാന്തരമായി പുതിയ മേല്‍പ്പാലം നിര്‍മ്മിക്കുന്നത്. സംഭവശേഷം ദേശീയപാത അതോറിറ്റി പ്രോജക്ട് മാനേജര്‍ സ്ഥലം സന്ദര്‍ശിച്ചു. വിദഗ്ധ സമിതിയെ കൊണ്ട് പരിശോധിപ്പിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രോജക്ട് മാനേജര്‍ അറിയിച്ചു.