CHILD MISSING
മൂന്ന് മാസം മുമ്പ് കാണാതായ പെൺകുട്ടി മുംബൈയിൽ
തുമ്പായത് ഫേസ്ബുക്ക് അക്കൗണ്ട്
പാലക്കാട് | ആലത്തൂരിൽ നിന്ന് മൂന്ന് മാസം മുമ്പ് കാണാതായ കോളജ് വിദ്യാർഥിനി സൂര്യകൃഷ്ണയെ (22) മുംബൈ താനെയിൽ കണ്ടെത്തി. പെൺകുട്ടിയെ ആലത്തൂരിലെത്തിച്ച് വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു.
പുതിയങ്കം തെലുങ്കത്തറ ഭരതൻ നിവാസിൽ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകൾ സൂര്യ കൃഷ്ണയെ ആഗസ്റ്റ് 30 ന് രാവിലെ 11ഓടെയാണ് കാണാതായത്. ആലത്തൂരിലെ വീട്ടിൽ നിന്ന് പുസ്തകം വാങ്ങാനായി ടൗണിലേക്ക് പോയ പെൺകുട്ടിയെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. വീടിന് സമീപത്തെ വഴിയിലൂടെ പെൺകുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യം ലഭിച്ചിരുന്നു.
ആലത്തൂരിൽ നിന്ന് വീട് വിട്ടിറങ്ങിയ സൂര്യകൃഷ്ണ പാലക്കാട് നിന്ന് ട്രെയിനിൽ കോയമ്പത്തൂർ വഴി മുംബൈയിലേക്കാണ് പോയതെന്ന് സി ഐ റിയാസ് പറഞ്ഞു. ട്രെയിനിൽ നിന്ന് ഒരാളെ പരിചയപ്പെടുകയും ഇയാൾ വഴി മുംബൈ താനെയിലെ ഒരു തമിഴ് കുടുംബത്തിനൊപ്പം താമസം ആരംഭിക്കുകയും ചെയ്തു. അച്ഛനും അമ്മയും ഇല്ലെന്നും അനാഥയാണെന്നുമാണ് പെൺകുട്ടി ഇവരോട് പറഞ്ഞിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ഈ കുടുംബത്തോടൊപ്പം സുരക്ഷിതമായി താമസിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഫോൺ ഉപയോഗിക്കാത്തത് പോലീസിന് വെല്ലുവിളിയായിരുന്നു. സൂര്യയുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകൾ സൈബർ സെൽ സദാസമയവും നിരീക്ഷിച്ചിരുന്നു. പക്ഷേ മൂന്ന് മാസത്തോളം പെൺകുട്ടി സാമൂഹിക മാധ്യമങ്ങളൊന്നും ഉപയോഗിച്ചില്ല. അടുത്തിടെ, ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടും ലോഗിൻ ചെയ്യാൻ ശ്രമിച്ചതാണ് കേസിൽ നിർണായകമായത്. ഫേസ് ബുക്ക് വഴി കോളജിലെ ഒരു സുഹൃത്തിന് ഫ്രണ്ട് റിക്വസ്റ്റും മെസ്സേജ് അയച്ചതും വിദ്യാർഥിനി പോലീസിനെ അറിയിച്ചു. ഇതുവഴി പോലീസിന്റെ സൈബർ സംഘം ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു.
പത്തിലും പ്ലസ്ടുവിനും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ സൂര്യ കൃഷ്ണ പാലായിലെ കേന്ദ്രത്തിൽ നിന്ന് മെഡിക്കൽ എൻട്രൻസ് പരിശീലനം നേടിയിരുന്നു. നിലവിൽ പാലക്കാട് മെഴ്സി കോളജിൽ രണ്ടാം വർഷ ബി എ ഇംഗ്ലീഷ് വിദ്യാർഥിനിയാണ്. അന്വേഷണത്തിന് സി ഐ റിയാസ് ചാക്കീരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സതീഷ് കുമാർ, സി പിഒ മാരായ മൻസൂർ അലി, സൗമ്യ, സുജിഷ നേതൃത്വം നൽകി.