Connect with us

Kozhikode

ശാസ്‌ത്രോത്സവ വേദിയില്‍ ദുരിതബാധിതര്‍ക്കായി കൈകോര്‍ത്ത് മര്‍കസ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും ചേവായൂര്‍ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകള്‍.

Published

|

Last Updated

ജില്ലാ ശാസ്‌ത്രോത്സവ വേദിയില്‍ മര്‍കസ് ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഒരുക്കിയ റീഫ്രഷ്‌മെന്റ് സ്റ്റാള്‍.

കുന്ദമംഗലം | കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിലെ ശാസ്ത്ര മേള, ഗണിത ശാസ്ത്ര മേള മത്സരങ്ങള്‍ നടക്കുന്ന മര്‍കസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദുരിതബാധിതര്‍ക്കായി സ്റ്റാളുകള്‍ ഒരുക്കി വിദ്യാര്‍ഥികള്‍. വയനാട് മുണ്ടക്കൈ-ചൂരല്‍ മല ഉരുള്‍പൊട്ടലില്‍ വീടും ജീവനോപാധികളും നഷ്ടപ്പെട്ടവരുടെ പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും കോഴിക്കോട് ചേവായൂര്‍ ഗവ. കുഷ്ഠരോഗ ആശുപത്രിയിലെ അന്തേവാസികളുടെ ഒരു നേരത്തെ ഭക്ഷണ ചെലവിലേക്കും ഫണ്ട് സ്വരൂപിക്കുന്നതിനായാണ് സ്റ്റാളുകള്‍ ഒരുക്കിയിരിക്കുന്നത്.

വിദ്യാര്‍ഥികള്‍ തങ്ങളുടെ വീടുകളില്‍ തയ്യാര്‍ ചെയ്ത വിഭവങ്ങളാണ് റിഫ്രഷ്‌മെന്റ് സ്റ്റാളുകളില്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. ജില്ലാ ശാസ്ത്രമേളക്ക് എത്തിയ പ്രതിഭകള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുറഞ്ഞ വിലയില്‍ ലഘു ഭക്ഷണവും പാനീയങ്ങളും രുചിക്കാനുള്ള അവസരം കൂടിയാണ് വിദ്യാര്‍ഥികള്‍ ഒരുക്കിയിരിക്കുന്നത്.

എന്‍ എസ് എസ്, സ്‌കൗട്ട്&ഗൈഡ് സമിതികളുടെ മേല്‍നോട്ടത്തിലാണ് സ്റ്റാളുകളുടെ പ്രവര്‍ത്തനം.

 

 

 

Latest