Connect with us

International

ആഗോള സമ്പദ് വ്യവസ്ഥകള്‍ ഉള്‍പ്പെടെ ചര്‍ച്ചയായി; 45-ാം ജി സി സി ഉച്ചകോടിക്ക് കുവൈത്തില്‍ ഉജ്ജ്വല സമാപനം

കുവൈത്തിലെ ബയാന്‍ പാലസില്‍ നടന്ന ഉച്ചകോടി കുവൈത്ത് അമീര്‍ ശൈഖ് മിഷഅല്‍ അല്‍ അഹ്മദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

കുവൈത്ത് സിറ്റി | സാമ്പത്തികമായും വികസനപരമായും വിവിധങ്ങളായ മേഖലകളിലെ സഹകരണം ശക്തിപ്പൈടുത്താന്‍ ആഹ്വാനം ചെയ്തുകൊണ്ട് 45-ാമത് ജി സി സി ഉച്ചകോടി കുവൈത്തില്‍ സമാപിച്ചു. കുവൈത്തിലെ ബയാന്‍ പാലസില്‍ നടന്ന ഉച്ചകോടി കുവൈത്ത് അമീര്‍ ശൈഖ് മിഷഅല്‍ അല്‍ അഹ്മദ് അല്‍ സബാഹ് ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് രാജ്യങ്ങള്‍ സാമ്പത്തിക സമന്വയം കൈവരിക്കാന്‍ ലക്ഷ്യമാക്കി നടത്തുന്ന ശ്രമങ്ങള്‍ വേഗത്തിലാക്കാന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യം ആവശ്യപ്പെടുന്നുണ്ടെന്നും ആഗോള സമ്പദ് വ്യവസ്ഥയില്‍ കരിനിഴല്‍ വീഴ്ത്തി കൊണ്ട് വികസനത്തിനും പുരോഗതിക്കും ഭീഷണി സൃഷ്ടിക്കുന്ന അതീവ ഗുരുതര സാഹചര്യത്തിലാണ് ഈ ഉച്ചകോടി നടക്കുന്നതെന്നും അമീര്‍ ഓര്‍മിപ്പിച്ചു.

ഏകീകൃത നയരൂപവത്കരണം, പാരമ്പര്യേതര വരുമാന സ്രോതസ്സുകള്‍ വൈവിധ്യവത്കരിക്കല്‍, പ്രാദേശിക വ്യവസായിക മേഖലകള്‍ ശക്തമാക്കല്‍ മുതലായ മാര്‍ഗങ്ങളിലൂടെ ഇത് സാധ്യമാകുമെന്നും ശൈഖ് മിഷ്അല്‍ അഭിപ്രായപ്പെട്ടു. അന്തര്‍ ദേശീയ രംഗത്ത് അംഗരാജ്യങ്ങളിലെ സമ്പദ് വ്യവസ്ഥയുടെ മത്സരക്ഷമത വര്‍ധിപ്പിക്കാന്‍ ഒരുമിച്ച് മുന്നേറേണ്ടതിന്റെ ആവശ്യകതയും അമീര്‍ ഓര്‍മ്മിപ്പിച്ചു.

ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശത്തെയും ഫലസ്തീന്‍ ജനതക്കു മേല്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യയെയും അമീര്‍ അതിശക്തമായ ഭാഷയില്‍ അപലപിച്ചു. ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ അന്താരാഷ്ട്ര സമൂഹത്തോടും സെക്യൂരിറ്റി കൗണ്‍സിലിനോടും ഉച്ചകോടി ആവശ്യപ്പെട്ടു.

അന്താരാഷ്ട്ര നിയമങ്ങളും പ്രമേങ്ങളും പ്രയോഗിക്കുന്നതിലെ ഇരട്ടത്താപ്പ് ഇസ്‌റാഈല്‍ അധിനിവേശത്തിന്റെ വ്യാപനത്തിനും പ്രദേശത്തിന്റെ സുരക്ഷയും സമാധാനവും അസ്ഥിരപ്പെടുത്തുന്നതിനും കാരണമായെന്നും ഉച്ചകോടി വിലയിരുത്തി.

ഫലസ്തീനില്‍ ദ്വിരാഷ്ട്ര ഫോര്‍മുല ഉടന്‍ നടപ്പിലാക്കണമെന്നും ഉച്ചകോടി ആഹ്വനം ചെയ്തു. എന്നാല്‍ ലബനാനിലെ വെടിനിര്‍ത്തല്‍ പ്രഖ്യാപനം മേഖലയില്‍ സംഘര്‍ഷം കുറയ്ക്കാന്‍ സഹായിക്കുമെന്നും സമ്മേളനം വിലയിരുത്തി. ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങളോട് ഇറാന്‍ പ്രകടിപ്പിച്ച അനൂകൂലവും ക്രിയാത്മകവുമായ നിലപാടുകള്‍ അഭിനന്ദനാര്‍ഹമാണെന്നും സമ്മേളനം വിലയിരുത്തി.

ഉച്ചകോടിയില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, ഖത്വര്‍ അമീര്‍ തമീം ബിന്‍ അഹ്മദ് അല്‍ത്താനി, യു എ ഇ വൈസ് പ്രസിഡന്റ് ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്റൈന്‍ കിരീടാവകാശി സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ, ഒമാന്‍ ഉപ പ്രധാന മന്ത്രി സയ്യിദ് ഫഹദ് ബിന്‍ മുഹമ്മദ് മുഹമ്മദ് അല്‍ സയ്യിദ് എന്നീ രാഷ്ട്രത്തലവന്മാര്‍ സംബന്ധിച്ചു.

Latest