Kozhikode
ആഗോള ഫത്‌വ കോൺഫറൻസിന് കൈറോയിൽ നാളെ തുടക്കം: സി മുഹമ്മദ് ഫൈസി ഇന്ത്യൻ പ്രതിനിധി
'21-ാം നൂറ്റാണ്ടിലെ ഫത്‌വകളും വെല്ലുവിളികളും' എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാമിന്റെ അധ്യക്ഷതയിൽ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്യും.
കോഴിക്കോട് | ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് സീസിയുടെ നേതൃത്വത്തിൽ കൈറോയിൽ നാളെയും മറ്റന്നാളും (ബുധൻ, വ്യാഴം) നടക്കുന്ന ആഗോള ഫത്‌വ കോൺഫറൻസിൽ ജാമിഅ മർകസ് ചാൻസിലറും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ സി മുഹമ്മദ് ഫൈസി ഇന്ത്യയെ പ്രതിനിധീകരിക്കും. ഈജിപ്ത് മതകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ പ്രതിനിധിയായാണ് സി മുഹമ്മദ് ഫൈസി പങ്കെടുക്കുന്നത്.
’21-ാം നൂറ്റാണ്ടിലെ ഫത്‌വകളും വെല്ലുവിളികളും’ എന്ന ശീർഷകത്തിൽ നടക്കുന്ന സമ്മേളനം ഈജിപ്ഷ്യൻ ഗ്രാൻഡ് മുഫ്തി ശൈഖ് ശൗഖി അല്ലാമിന്റെ അധ്യക്ഷതയിൽ മതകാര്യവകുപ്പ് മന്ത്രി ഡോ. മുഖ്താർ ജുമുഅ ഉദ്ഘാടനം ചെയ്യും. അൾജീരിയൻ മതകാര്യവകുപ്പ് മന്ത്രി യൂസുഫ് മഹ്ദി, ലബനാൻ മുഫ്തി അബ്ദുലത്തീഫ് ദരിയാൻ, ഫലസ്തീൻ ചീഫ് ജസ്റ്റിസ് മഹ്‌മൂദ് സിദ്ദീഖി അൽ ഹുബ്ബാശ്, ടുണീഷ്യൻ മുഫ്‌തി ഹിശാം ബിൻ മഹ്‌മൂദ്, ഐക്യരാഷ്ട്രസഭ കൾച്ചറൽ സമിതി അണ്ടർ സെക്രട്ടറി മിഖായേൽ ഏഞ്ചൽ തുടങ്ങി ലോകപ്രശസ്ത പണ്ഡിതരും ന്യായാധിപരും നയതന്ത്ര പ്രതിനിധികളും സംബന്ധിക്കും. സമകാലികലോകം അഭിമുഖീകരിക്കുന്ന പുതിയ വിഷയങ്ങളുടെയും പ്രശ്നങ്ങളുടെയും ഇസ്‌ലാമിക സമീപന രീതി സമ്മേളനത്തിൽ ചർച്ചചെയ്യപ്പെടും.
മനുഷ്യനിർമിത ബുദ്ധി, ഓൺലൈൻ ഫത്‌വ, നവ സാമ്പത്തിക വ്യവഹാരങ്ങളിലെ മതവീക്ഷണം, തീവ്രവാദ സംഘങ്ങളുടെ ആഹ്വാനങ്ങളോടുള്ള സമീപനം, വിദ്വേഷ പ്രസംഗങ്ങളെ പ്രതിരോധിക്കേണ്ട വിധം, ഫത്‌വകളിലെ ബൗദ്ധികതയും ധാർമികതയും എന്നിങ്ങനെ മൂന്ന് സെഷനുകളിലും മൂന്ന് ശിൽപശാലയിലുമായി പുരോഗമിക്കുന്ന കോൺഫറൻസിൽ 34 രാജ്യങ്ങളിൽ നിന്നുള്ള അതിഥികൾ പങ്കെടുക്കും. ആധുനിക കാലത്ത് ഫത്‌വകളെ സമീപിക്കേണ്ട രീതികൾ എന്ന വിഷയത്തിൽ നാളെ സി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും. ജാമിഅ മർകസ് കുല്ലിയ്യ ശരീഅ അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് സുഹൈൽ സഖാഫി അൽ അസ്‌ഹരിയും സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്. വിവിധ സാംസ്കാരിക പരിപാടികളും പ്രദർശനങ്ങളും കോൺഫറൻസിന്റെ ഭാഗമായി അരങ്ങേറും.