Articles
വേരറുത്തുകളയേണ്ട ആഗോള അസമത്വം
സമഗ്ര വളര്‍ച്ചാ നയങ്ങള്‍ പ്രോത്സാഹിപ്പിച്ച്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന സമീപനം പിന്തുടര്‍ന്ന് മാത്രമേ മനുഷ്യ വിഭവശേഷി വികസനം യാഥാര്‍ഥ്യമാകുകയുള്ളൂ. വരുമാനത്തില്‍ അസമത്വം കുറക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം അളുകള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, സമ്പത്ത്, അവസരങ്ങള്‍, സാമൂഹിക സുരക്ഷ എന്നിവ എത്തിക്കാനുമുള്ള നയങ്ങളും പരിപാടികളുമാണ് സര്‍ക്കാറുകള്‍ ഏറ്റെടുക്കേണ്ടത്.

ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള യു എന്‍ ഡി പി (ഐക്യരാഷ്ട്ര വികസന പരിപാടി)യുടെ 2023-24ലെ മനുഷ്യ വിഭവശേഷി റിപോര്‍ട്ട് പുറത്ത് വന്നിരിക്കുന്നു. ശാസ്ത്ര സാങ്കേതിക രംഗത്ത് വലിയ കുതിപ്പുണ്ടായെങ്കിലും ഇതിന്റെ ഫലം എല്ലാ ജനങ്ങളിലും തുല്യമായി എത്തുന്നില്ലെന്നും ലോകത്ത് അസമത്വം കൊടിക്കുത്തി വാഴുന്നു എന്നും റിപോര്‍ട്ട് സൂചിപ്പിക്കുന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതല്‍ യുദ്ധം, പാലായനം എന്നിവ നടന്ന വര്‍ഷമാണ് 2023. 1880ന് ശേഷം ലോകത്തെ ഏറ്റവും ചൂട് കൂടിയ വര്‍ഷവുമായിരുന്നു ഇത്. 2022ല്‍ ബലപ്രയോഗത്തിലൂടെ 108 ദശലക്ഷം പേര്‍ ജനിച്ച നാട്ടില്‍ നിന്ന് നിഷ്‌കാസിതരായി എന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രശ്‌നബാധിത ലോകത്ത് സമാധാനം കെട്ടിപ്പടുക്കുക എന്നത് മനുഷ്യ സമൂഹത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്വമാണ് എന്ന് യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് പ്രസ്താവിച്ചിരുന്നു. ഇന്ന് സമാധാനം ഒരു മരീചികയായി മാറി. ഗസ്സ, യുക്രൈന്‍, സുഡാന്‍, യമന്‍ എന്നിവിടങ്ങളില്‍ മനുഷ്യര്‍ തുല്യതയില്ലാത്തവിധം ദുരിതങ്ങളിലാണ്. ലോകത്ത് ഏഴില്‍ ആറ് പേരും ഭാവിയെ കുറിച്ച് ആശങ്കയിലാണെന്ന് റിപോര്‍ട്ട് അര്‍ഥശങ്കക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുന്നു. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാനും വിദ്യാഭ്യാസം നേടാനും മാന്യമായ ജീവിത നിലവാരം ആസ്വദിക്കാനും എല്ലാ മനുഷ്യര്‍ക്കും അവകാശമുണ്ടെങ്കിലും രാജ്യങ്ങള്‍ തമ്മില്‍ ഈ കാര്യത്തില്‍ വലിയ തോതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകുന്നുണ്ടെന്ന് റിപോര്‍ട്ട് ഉദാഹരണ സഹിതം വിവരിക്കുന്നു.
മനുഷ്യ വിഭവ വികസനം അളക്കുന്നതിന് ഐക്യരാഷ്ട്ര സഭ വികസിപ്പിച്ചെടുത്ത സൂചികയാണ് എച്ച് ഡി ഐ (ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡക്‌സ്). 1990 മുതല്‍ ഓരോ രാജ്യത്തെയും ആയുര്‍ദൈര്‍ഘ്യം, സ്‌കൂള്‍ വിദ്യാഭ്യാസം, പ്രതിശീര്‍ഷ വരുമാനം എന്നീ ഘടകങ്ങള്‍ പരിശോധിച്ച് രാജ്യങ്ങളുടെ മനുഷ്യ വിഭവ വികസന സൂചിക പട്ടിക തയ്യാറാക്കി വരുന്നുണ്ട്. 2023-24 വര്‍ഷത്തെ മനുഷ്യ വിഭവ വികസന സൂചികയില്‍ മികച്ച മൂന്ന് രാജ്യങ്ങള്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, നോര്‍വെ, ഐസ്‌ലാന്‍ഡ് എന്നിവയും ഏറ്റവും താഴെയുള്ള രാജ്യങ്ങള്‍ സോമാലിയ, സൗത്ത് സുഡാന്‍, സെന്‍ട്രല്‍ ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവയുമാണ്. 193 രാജ്യങ്ങളില്‍ 134ാം സ്ഥാനമാണ് മനുഷ്യ വിഭവ വികസന സൂചികയില്‍ ഇന്ത്യയുടേത്. ഇന്ത്യക്ക് മുകളിലായി ശ്രീലങ്ക 78ാം സ്ഥാനത്തും ചൈന 75, ഭൂട്ടാന്‍ 125, ബംഗ്ലാദേശ് 129 എന്നീ സ്ഥാനങ്ങളിലും ഉണ്ട്. നേപ്പാള്‍ 146ാം സ്ഥാനത്തും പാകിസ്താന്‍ 164ാം സ്ഥാനവുമായി ഇന്ത്യക്ക് പിറകിലാണ്. 540 കോടി ഇന്റര്‍നെറ്റ് ഗുണഭോക്താക്കള്‍ ലോകത്തുണ്ട്. ലോകത്ത് 64 ശതമാനം പേരും നെറ്റ് ഉപയോഗിക്കുമ്പോള്‍, ആഫ്രിക്കയില്‍ ഇത് 37 ശതമാനം മാത്രം. സമ്പന്ന രാജ്യങ്ങള്‍ സാങ്കേതിക മികവില്‍ അഭൂതപൂര്‍വമായ വികസനമുണ്ടാക്കി മനുഷ്യ വിഭവ വികസന സൂചികയില്‍ മുന്നേറുമ്പോള്‍ മറ്റു രാജ്യങ്ങളില്‍ സമ്പന്നരും ദരിദ്രരും തമ്മിലുള്ള അസമത്വം കൂടുന്നു. സാമ്പത്തിക ഏകാഗ്രത പല രാജ്യങ്ങള്‍ക്കും നഷ്ടപ്പെടുന്നു. ലോകത്ത് നടക്കുന്ന വന്‍കിട അന്താരാഷ്ട്ര ചരക്കുകളുടെ വ്യാപാര മേഖലയില്‍ 40 ശതമാനവും ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ മാത്രമായി ചുരുങ്ങി.
എന്താണ് വികസനം?
1990ല്‍ ആദ്യ മനുഷ്യ വിഭവശേഷി വികസന റിപോര്‍ട്ട് പുറത്തിറങ്ങി 34 വര്‍ഷം കഴിഞ്ഞാണ് പുതിയ റിപോര്‍ട്ട് പുറത്തിറങ്ങിയത്. ഒന്നാമത്തെ റിപോര്‍ട്ടില്‍ പ്രഖ്യാപിച്ചത് പോലെ ജനങ്ങളാണ് രാജ്യങ്ങളുടെ യഥാര്‍ഥ സമ്പത്ത് എന്ന ആപ്ത വാക്യം ഈ റിപോര്‍ട്ടിലും മുറുകെ പിടിക്കുന്നുണ്ട്. വികസനം എന്നാല്‍ നിലവില്‍ ഏറ്റവും അടിത്തട്ടിലുള്ള ജനങ്ങള്‍ നേരിടുന്ന വെല്ലുവിളി അതിജീവിക്കാനുള്ള സൗകര്യങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കലാണ്. മനുഷ്യാവകാശം, സുസ്ഥിര വികസനം എന്നിവ മനുഷ്യ വിഭവ വികസനവുമായി അഭേദ്യമായി ബന്ധപ്പെട്ട് കിടക്കുന്നു. ഭയം, അടിച്ചമര്‍ത്തല്‍ എന്നിവയില്‍ നിന്ന് ജനങ്ങള്‍ക്ക് മോചനം ഉണ്ടായാല്‍ മാത്രമേ മനുഷ്യ വിഭവ വികസനം യാഥാര്‍ഥ്യമാകുകയുള്ളൂ. മനുഷ്യാവകാശങ്ങള്‍ മനുഷ്യ വിഭവ വികസനവുമായി ഇഴ ചേര്‍ന്നു നില്‍ക്കുന്നു എന്ന് റിപോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യരെ വേട്ടയാടുന്നത് രാജ്യങ്ങളുടെ പേര് എടുത്ത് പറഞ്ഞ് വിശദീകരിക്കുന്നുണ്ട്. 2023ല്‍ കാനഡ, അമേരിക്ക, ഹവായി എന്നീ രാജ്യങ്ങളില്‍ ഏറ്റവും വലിയ കാട്ടുതീ ഉണ്ടായതും, ലിബിയ, യൂറോപ്പ്, ഏഷ്യയിലെ വിവിധ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം ഉണ്ടായതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുഴലിക്കൊടുങ്കാറ്റ് മനുഷ്യജീവിതം താറുമാറാക്കിയതും വിവരിക്കുന്നുണ്ട്. കടുത്ത ചൂടില്‍ 40 ദശലക്ഷം ജനങ്ങള്‍ മരിച്ചെന്നും അടുത്ത ഭാവിയില്‍ അത് 190 ദശലക്ഷമാകുമെന്നുമുള്ള കണ്ടെത്തലുകള്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നത്. 19ാം നൂറ്റാണ്ടിനു ശേഷം കടല്‍ 23 സെന്റിമീറ്റര്‍ കരയിലേക്ക് കയറി. ഈ നൂറ്റാണ്ട് കഴിയുമ്പോഴേക്കും, ഇത് 40.7 സെന്റിമീറ്റര്‍ ആയി വര്‍ധിക്കും. ഇത് കടലോര മേഖലയില്‍ ജീവിക്കുന്ന മനുഷ്യരെ പ്രതിസന്ധിയിലാക്കുമെന്നത് ഉറപ്പാണ്.
ലോകം ദുരന്തമുഖത്തോ?
2030ല്‍ ലോകം നേടാന്‍ ഉദ്ദേശിക്കുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ ഇന്ന് ലോകം നേരിടുന്ന പ്രശ്‌നങ്ങള്‍ കാരണം സാധിക്കുകയില്ല എന്ന് റിപോര്‍ട്ട് പ്രവചിക്കുന്നു. ലോകത്ത് 51 രാജ്യങ്ങള്‍ കടക്കെണിയിലാണ്. അതില്‍ 24 എണ്ണത്തിന്റെ അവസ്ഥ പരിതാപകരമാണ്. 2019ന് ശേഷം സൈന്യത്തിന്റെ ചെലവ് ക്രമാനുഗതമായി വര്‍ധിക്കുന്നു. യുദ്ധം മൂലമുള്ള മരണം ലോകത്തെ ചുവപ്പിച്ച വര്‍ഷമാണ് 2022 എന്ന് റിപോര്‍ട്ട് വരച്ചു കാട്ടുന്നു. സാധാരണ ജനങ്ങള്‍ ആയുധങ്ങളെടുത്ത് യുദ്ധം നടത്തിയ വര്‍ഷം കൂടിയാണ് 2023. 2022ല്‍ നടന്ന 55 ആഭ്യന്തര യുദ്ധങ്ങളില്‍ 22 എണ്ണവും പല കാരണങ്ങളാല്‍ അന്താരാഷ്ട്രവത്കരിക്കപ്പെട്ടു. 2000ത്തില്‍ 37 ആഭ്യന്തര യുദ്ധമുണ്ടായതില്‍ നാലെണ്ണം മാത്രമേ അന്താരാഷ്ട്രവത്കരിക്കപ്പെട്ടിട്ടുള്ളൂ. ലോകത്ത് ഭൂരിഭാഗം കുട്ടികളും പ്രയാസത്തിലാണ്. 2024ല്‍ 300 ദശലക്ഷം മനുഷ്യര്‍ക്ക് പോഷാകഹാര കുറവ് ഉണ്ടാകുമെന്ന് റിപോര്‍ട്ട് പ്രവചിക്കുന്നു. ലോകത്ത് വിശപ്പ് സഹിക്കുന്നവര്‍ 691 ദശലക്ഷമാണ്.
ആദം സ്മിത്ത്, മഖ്ബൂല്‍ ഹഖ്, അമര്‍ത്യാസെന്‍ എന്നീ സാമ്പത്തിക വിദഗ്ധര്‍, മനുഷ്യരുടെ കഴിവുകളാണ് മനുഷ്യ വിഭവ വികസനത്തിന് നിദാനം എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. സമഗ്ര വളര്‍ച്ചാ നയങ്ങള്‍ പ്രോത്സാഹിപ്പിച്ച്, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസന സമീപനം പിന്തുടര്‍ന്ന് മാത്രമേ മനുഷ്യ വിഭവ ശേഷി വികസനം യാഥാര്‍ഥ്യമാകുകയുള്ളൂ. വരുമാനത്തില്‍ അസമത്വം കുറക്കാനും സമൂഹത്തിലെ എല്ലാ വിഭാഗം അളുകള്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം, സമ്പത്ത്, അവസരങ്ങള്‍, സാമൂഹിക സുരക്ഷ എന്നിവ എത്തിക്കാനുമുള്ള നയങ്ങളും പരിപാടികളുമാണ് സര്‍ക്കാറുകള്‍ ഏറ്റെടുക്കേണ്ടത്. ഇന്ത്യയില്‍ 2022-23ല്‍ ദേശീയ വരുമാനത്തിന്റെ 22.66 ശതമാനവും രാജ്യത്തെ ഒരു ശതമാനം അതി സന്പന്നര്‍ക്കാണ് ലഭിച്ചത്. ബ്രസീല്‍, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും വരുമാനത്തില്‍ അസമത്വം വളരെ ഉയര്‍ന്ന നിലയിലാണ്. അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായിട്ടും മനുഷ്യ വിഭവ സൂചികയില്‍ ശ്രീലങ്ക, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്ക് പിറകിലാണ് ഇന്ത്യയുടെ സ്ഥാനം. രാജ്യം നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല പദ്ധതികളും എല്ലാ വിഭാഗം ജനങ്ങളിലും എത്തിയിട്ടില്ല എന്നതിന്റെ തെളിവാണിത്. സാമ്പത്തിക വളര്‍ച്ച മനുഷ്യ വിഭവശേഷി വികസനത്തിലെ വളര്‍ച്ചയായി പരിവര്‍ത്തനം ചെയ്തിട്ടില്ല എന്ന് വരുമാനത്തിലെ അസമത്വത്തിന്റെ തോത് വിളിച്ചറിയിക്കുന്നു. വിദ്യാഭ്യാസത്തില്‍ കൂടുതല്‍ നിക്ഷേപം നടത്തി, ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തി, ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് ഭരണകൂടങ്ങള്‍ മുന്നോട്ട് പോയാല്‍ മാത്രമേ മനുഷ്യ വിഭവശേഷി പൂര്‍ണമായും രാജ്യങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ പരിവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.