Uae
ദുബൈയില്‍ ആഗോള ഫോട്ടോഗ്രാഫി മ്യൂസിയം വരുന്നു
ദുബൈ കള്‍ച്ചറും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തോടെയാണ് സംരംഭം
ദുബൈ| ഫോട്ടോഗ്രാഫിക്ക് ദുബൈയില്‍ ആഗോള മ്യൂസിയം വരുന്നു. ഈ പദ്ധതി ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി (ദുബൈ കള്‍ച്ചര്‍) ചെയര്‍പേഴ്‌സണ്‍ ശൈഖ ലത്തീഫ ബിന്‍ത് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ബുധനാഴ്ച ഉദ്ഘാടനം ചെയ്തു. ദുബൈ കള്‍ച്ചറും സ്വകാര്യ മേഖലയും തമ്മിലുള്ള സഹകരണത്തോടെയാണ് സംരംഭം. ദൃശ്യകലയുടെ ആഗോള കേന്ദ്രമെന്ന നിലയില്‍ എമിറേറ്റിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയാണ് മ്യൂസിയം ലക്ഷ്യമിടുന്നത്.
‘മ്യൂസിയം ആഗോള തലത്തില്‍ എമിറേറ്റിന്റെ സ്ഥാനം ഉറപ്പിക്കുന്ന ശ്രദ്ധേയമായ നാഴികക്കല്ലാണ്. ലോകമെമ്പാടുമുള്ള ഫോട്ടോഗ്രാഫര്‍മാരുടെ പ്രധാന ലക്ഷ്യസ്ഥാനമായി ദുബൈ മാറും. പ്രമുഖ സാംസ്‌കാരിക സ്ഥാപനങ്ങളുമായി അറിവും വൈദഗ്ധ്യവും കൈമാറ്റം ചെയ്യുന്നതിനും നവീകരണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഉള്‍ക്കൊള്ളുന്നതിനും സാധ്യമാകും. ദുബൈയുടെ സമ്പന്നമായ സാംസ്‌കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്നതിനും സന്ദര്‍ശകര്‍ക്ക് അതുല്യമായ വിദ്യാഭ്യാസ അനുഭവങ്ങള്‍ നല്‍കുന്നതിനും ഫോട്ടോഗ്രാഫിയുടെ കൂട്ടായ ഓര്‍മ നിലനിര്‍ത്തുന്നതിനുമുള്ള ഒരു വേദിയായി ഇത് പ്രവര്‍ത്തിക്കും-‘ ശൈഖ ലത്തീഫ പറഞ്ഞു. ദുബൈ അര്‍ബന്‍ മാസ്റ്റര്‍ പ്ലാന്‍ 2040യുമായി യോജിക്കും.
2027-ഓടെ ആഗോള ഫോട്ടോഗ്രാഫി വിപണി 6240 കോടി ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. 1.5 ദശലക്ഷത്തിലധികം ആളുകള്‍ ജോലി ചെയ്യുന്നു. ലോകമെമ്പാടുമുള്ള അനുബന്ധ വ്യവസായങ്ങളില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ മ്യൂസിയം ഉത്തേജനം നല്‍കും.