Editors Pick
ആഗോള മാന്ദ്യം: ഈ വർഷം 332 കമ്പനികൾ പിരിച്ചുവിട്ടത് ഒരു ലക്ഷത്തിലധികം ജീവനക്കാരെ
ആഗോള ടെക് ഭീമനായ ഗൂഗിളാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്.
ന്യൂഡൽഹി |ആഗോള മാന്ദ്യത്തെക്കുറിച്ചുള്ള ഭയാശങ്കകൾക്കിടയിൽ 2023-ൽ തൊഴിൽ നഷ്ടമായത് ഒരു ലക്ഷത്തിലേറെ ജീവനക്കാർക്ക്. 332 കമ്പനികൾ ഇതുവരെ 1,00,746 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോർട്ടുകൾ പറയുന്നു. ഗൂഗിൾ, മെറ്റാ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട കമ്പനികൾ ആയിരക്കണക്കിന് ജീവനക്കാരെയാണ് ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ചില കമ്പനികൾ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ആഗോള ടെക് ഭീമനായ ഗൂഗിളാണ് ഏറ്റവും കൂടുതൽ ജീവനക്കാരെ പിരിച്ചുവിട്ടത്. മൊത്തം തൊഴിലാളികളുടെ ആറ് ശതമാനം, അഥവാ 12,000 ജീവനക്കാരെയാണ് ഗൂഗിൾ ഈ വർഷം പിരിച്ചുവിട്ടത്. മൈക്രോസോഫ്റ്റ് 10,000 ജീവനക്കാരെയും ആമസോൺ 8000 ജീവനക്കാരെയും പിരിച്ചുവിട്ടു.
സെയിൽസ്ഫോഴ്സ് അതിന്റെ മൊത്തം തൊഴിലാളികളിൽ 8,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഡെൽ 6650 പേരെയും ഐബിഎം 3900 പേരെയും എസ്എപി 3000 പേരെയും സൂം 1300 പേരെയും കോയിൻബേസ് 950 പേരെയും പിരിച്ചുവിട്ടു.
തങ്ങളുടെ 20 ശതമാനം ജീവനക്കാരെ നീക്കം ചെയ്യുന്നതായി അടുത്തിടെ യാഹൂ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള GitHub വരുന്ന പാദത്തിൽ ഏകദേശം 10 ശതമാനം തൊഴിലാളികളെ അല്ലെങ്കിൽ 300 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.