Kozhikode
ഗ്ലോക്കൽ ബോട്ട്: റോന്റീവ്യൂ'23 ശ്രദ്ധേയമായി
ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ബോട്ടാണ് ഇത്തവണ ജനശ്രദ്ധയാകർഷിച്ചത്.
പൂനൂർ | ജാമിഅ മദീനത്തുന്നൂർ ലൈഫ് ഫെസ്റ്റിവൽ റോന്റീവ്യൂ’23 സാങ്കേതിക രംഗത്തെ നൂതന സംവിധാനങ്ങൾ കൊണ്ട് ശ്രദ്ധേയമായി. ജാമിഅ മദീനത്തൂന്നൂർ വിദ്യാർത്ഥി അബ്ദുൽ ഫത്താഹിന്റെ നേതൃത്വത്തിൽ വികസിപ്പിച്ചെടുത്ത ഗ്ലോക്കൽ ബോട്ടാണ് ഇത്തവണ ജനശ്രദ്ധയാകർഷിച്ചത്.
പേർസണൽ ലിസണിങ്, റെസ്പോണ്ടിങ്, സ്കാനിങ്, ഫെയിസ് റെകഗനിഷൻ എന്നിവയാണ് ഗ്ലോക്കൽ ബോട്ടിന്റെ പ്രത്യേകതകൾ. സ്റ്റുഡൻസ് ഐ ഡി കാർഡിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് സ്വന്തം പ്രോഗ്രാം ലിസ്റ്റ്, സബ്ജക്ട്, റിസൾട്ടുകൾ എളുപ്പത്തിൽ അറിയാനുള്ള സംവിധാനവും ഗ്ലോക്കൽ ബോട്ടിൽ സജ്ജീകരിച്ചിരുന്നു. പൂർണ്ണമായും സ്ക്രാപ്പ് ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഈ റോമ്പോട്ട് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ കോസ്റ്റ് എഫക്ടീവ് സാധ്യതകളിലേക്ക് വഴിതുക്കുന്നതായി.
മൂന്ന് ദിവസങ്ങളിലായി നടന്ന പരിപാടി സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം തങ്ങളുടെ അധ്യക്ഷതയിൽ തുറമുഖ-ടൂറിസം വകുപ്പ് മന്ത്രി അഹ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. കേവലം കലാ സാഹിത്യ മത്സരങ്ങൾക്കപ്പുറം വിദ്യാർത്ഥികൾക്ക് സാംസ്കാരിക മൂല്യങ്ങളും മാനവികതയും സാമൂഹിക പ്രതിബദ്ധതയും പകർന്ന് നൽകുന്ന ജാമിഅ മദീനതുന്നൂർ പ്രവർത്തനങ്ങളെ പ്രത്യകം പ്രശംസിച്ചു.
എസ്.വൈ എസ്. സംസ്ഥാന ജനറൽ സെക്രട്ടറിയും ജാമിഅ ഫൗണ്ടറും റെക്ടറുമായ ഡോ. എ. പി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ഡോ. ഹുസൈൻ രണ്ടത്താണി തീം ടോക്കിന് നേതൃത്വം നൽകി. പ്രോ റെക്ടർ ആസഫ് നൂറാനി ക്ളോസിംഗ് നോട്ട് അവതരിപ്പിച്ചു.
‘റിമെമ്പറിങ് ടുമോറോ’ എന്ന പ്രമേയത്തിൽ പൂനൂർ മർകസ് ഗാർഡനിൽ മൂന്ന് ദിവസങ്ങളിലായി നടന്ന ലൈഫ് ഫെസ്റ്റിവലിൽ ഇരുപതിലധികം കാമ്പസുകളിലെ ആയിരത്തിലധികം വിദ്യാർത്ഥികൾ മാറ്റുരച്ചു. തീമിനനുസൃതമായി ലോകപൈതൃകങ്ങളെ ഓർമ്മപ്പെടുത്തുന്ന രീതിയിലാണ് വേദികളും പോഗ്രാമുകളും ക്രമീകരിച്ചത്. 1988- ൽ യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രമായി തിരഞ്ഞെടുത്ത മാലി സാമ്രാജ്യത്തിലെ പത്താം ഭരണാധികാരിയായ മാൻസാ മൂസയുടെ പ്രധാന നിർമിതികളിൽപെട്ട വൈജ്ഞാനിക നഗരമായ ടിമ്പുക്തുവിന്റെ ആവിഷ്കരമായിരുന്നു പ്രധാന വേദി. ട്രാൻസ്ലേഷൻ ഡയലോഗ്, ഗ്ലോബൽ ദർസ്, മസ്അല സൊലൂഷൻ, ടെഡ് ടോക്ക്, പാർലമെന്ററി ഡിബേറ്റ്, ഡിജിറ്റൽ ഇല്ലുസ്ട്രേഷൻ, റീൽ ക്രിയേഷൻ, ഫ്ളാഷ് ഫിക്ഷൻ, ടോസ്റ്റ് മാസ്റ്റർ, കൊളോക്കിയം തുടങ്ങി 175 ഓളം മത്സരങ്ങളാണ് സംഘടിപ്പിച്ചത്.