Connect with us

Prathivaram

നോമ്പനുഭവങ്ങളിലെ പ്രതാപം

നോമ്പിന്റെ ഒരു സാർവത്രിക പ്രഭാവം എനിക്കനുഭവമാണ്. അതിന്റെ സ്വാധീനം ഞാൻ കൃത്യമായി മനസ്സിലാക്കിയതാണ്. സ്വയം ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല വഴിയാണത്. അകമെയും പുറമെയും നമ്മൾ സ്ഫുടം ചെയ്യപ്പെടുമെന്നത് തീർച്ചയാണ്.

Published

|

Last Updated

രാഹുൽ ഗാന്ധിയെ ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് ചെങ്കോട്ട മുതൽ ചാന്ദിനി ചൗക്ക് വരെ പന്തം കൊളുത്തി പ്രകടനം നടത്താൻ ഉദ്ദേശിച്ചിരുന്നു. വെകീട്ട് ഏഴ് മണിക്കാണ് പ്രതിഷേധ പരിപാടികൾ ആരംഭിക്കുക എന്ന് അറിയിപ്പുണ്ടായിരുന്നു. ടി എൻ പ്രതാപൻ ആറര മണിക്ക് തന്നെ ചെങ്കോട്ടയുടെ പരിസരത്തെത്തി. സമയം 6.39. ഡൽഹി ജമാ മസ്ജിദിൽ നിന്ന് ബാങ്കൊലി ഉയർന്നു. കൈയിൽ കരുതിയിരുന്ന ഈത്തപ്പഴവും കരിക്കിൻ വെള്ളവും ഉപയോഗിച്ച് പ്രതാപൻ നോമ്പ് തുറക്കുകയാണ്. കഴിഞ്ഞ മുപ്പത്തെട്ട് വർഷമായി റമസാനിൽ പ്രതാപൻ മുപ്പത് ദിവസവും നോമ്പുകാരനാണ്. പരിപാടികളും പ്രതിഷേധങ്ങളും എന്തുമാകട്ടെ, അദ്ദേഹത്തിന്റെ ചിട്ടകളും ചട്ടങ്ങളുമുള്ള നോമ്പുകാലം കൗതുകം നിറഞ്ഞ ഒന്നാണ്. കഴിഞ്ഞ രണ്ട് വർഷമായി ടി എൻ പ്രതാപന്റെ കൂടെ നോമ്പ് കാലത്തുള്ള സഹജീവിതം ഈ ആശ്ചര്യങ്ങളൊക്കെ ഒരു ശീലമാക്കിയിട്ടുണ്ട്.

എട്ടാം ക്ലാസിൽ പഠിക്കുന്ന ടി എൻ പ്രതാപൻ. സഹപാഠികൾ ഗഫൂറും അശ്്റഫും. അശ്്റഫ്, തളിക്കുളം ജമാഅത്ത് പള്ളിയുടെ മുതവല്ലിയുടെ മകനാണ്. ഗഫൂറിന്റെ ഉപ്പ തോളിൽ കാപും കോട്ടയും ചുമന്ന് പച്ച മത്സ്യം വിൽക്കുന്നു. തീരദേശത്തെ മത സൗഹാർദം തെളിനീരുപോലെ നിറഞ്ഞൊഴുകുന്ന സുവർണ കാലം. അയൽപക്കത്തെ വിശപ്പ് സ്വന്തം വിശപ്പായി കണ്ടും സങ്കടങ്ങളും സന്തോഷങ്ങളും ആചാര- ആഘോഷങ്ങളും ഒന്നിച്ച് പങ്കുവെക്കുന്ന പച്ചമനുഷ്യരുടെ നന്മയിൽ വിഷം കലരാത്ത തെളിഞ്ഞ കാലം.

ആ കാലത്തിന്റെ നന്മയിലൂടെ നടന്നുവരുന്ന ഈ കുട്ടിക്ക് ഗഫൂറിന്റെയും അശ്റഫിന്റെയും കൃത്യതയാർന്ന റമസാൻ മാസക്കാല വ്രതാനുഭവത്തിൽ നിന്നും മാറി നിൽക്കാൻ കഴിയാത്തത് സ്വാഭാവികം. സ്‌കൂളിലെ “നെല്ലിക്കമ്മായി’യുടെ ഉപ്പും നെല്ലിക്കയും സ്‌കൂൾ കിണറ്റിലെ വെള്ളവും വല്ലപ്പോഴും അശ്റഫിന്റെ ചോറ്റ് പാത്രത്തിലെ പങ്കുമായിരുന്നു പ്രതാപന്റെ ഉച്ചഭക്ഷണം. മിക്ക ദിവസവും അശ്റഫ് പ്രതാപനെയും കൂട്ടിയാണ് ഉച്ചഭക്ഷണം കഴിച്ചിരുന്നത്. റമസാൻ മാസക്കാലത്ത് അശ്റഫിന്റെ ഈ ചോറുണ്ടാകില്ല. ഒരിക്കൽ പ്രതാപൻ അതേക്കുറിച്ച് അശ്റഫിനോട് ചോദിച്ചു. “നോമ്പുകാലമല്ലേ, പകൽ നമ്മൾ ഭക്ഷണം കഴിക്കില്ല’ അശ്റഫ് പ്രതാപനോട് നോമ്പിനെ കുറിച്ചു പറഞ്ഞു.

ഉറ്റ മിത്രങ്ങളുടെ അന്നപാനീയ വർജനം സൗഹൃദത്തിന്റെ ഓരത്തിരുന്ന് ഞാനും അനുഭവിക്കുകയാണെന്ന് പ്രതാപൻ വീട്ടിൽ ചെന്ന് അമ്മയോട് പറയുന്നുണ്ട്. അയൽപക്കത്തെ രാവിയുമ്മയുടെ ജീരകക്കഞ്ഞിയും പത്തിരിയും മീൻകറിയും നോന്പുകാല ചീരണിയായി സ്വീകരിക്കാറുള്ള കാളിക്കുട്ടിയമ്മ മകനെ ചേർത്തുപിടിച്ചു. കൂടെയുള്ളവരുടെ മനസ്സും ജീവിതവും മനസ്സിലാക്കാനും അവരുടെ സന്തോഷ സന്താപങ്ങളിൽ പങ്കുചേരാനും മാത്രം അവൻ വലുതായതിൽ അഭിമാനമായിരിക്കണം അന്നേരം ആ അമ്മയുടെ മനസ്സിൽ.
സ്നേഹത്തിന്റെ തണലിൽ പ്രതാപൻ സൗഹൃദത്തിന്റെ ഹൃദയം പങ്കുവെക്കാൻ ശീലിച്ചു. ആ എട്ടാം ക്ലാസുകാരൻ പിന്നീട് റമസാൻ നോമ്പ് ഒരു സപര്യയാക്കി. പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് പരമാവധി നോമ്പും നോൽക്കാനാരംഭിച്ചു. പതുക്കെ നോമ്പിന്റെ പ്രത്യേകതകളും വിശ്വാസികളുടെ സമീപനവും അല്ലാത്തവർക്ക് നോമ്പ് നൽകുന്ന ഗുണങ്ങളുമൊക്കെ പതിയെ പ്രതാപൻ നിരീക്ഷിച്ചും വായിച്ചും സംഭാഷങ്ങളിലൂടെയും ഉൾക്കൊണ്ടു.

ഒരു സത്യവിശ്വാസിയുടെ നോമ്പും അതിന്റെ ആത്മീയ ചൈതന്യവും അതിലൂടെ അവൻ ആർജിക്കുന്ന പ്രതിഫലങ്ങളും അഭൗമമായ അനുഭൂതികളുമൊന്നും തന്നെ തനിക്ക് വന്നുചേരില്ലെന്നറിഞ്ഞിട്ടും തന്റേതായ വഴിയിൽ, തന്റേതായ അന്വേഷണങ്ങളിലൂടെ നോമ്പിന്റെയും അതിന്റെ അന്തഃസത്തയുടെയും ആത്മീയമായ പൊരുളുകളുടെയും വെളിച്ചം തേടുകയായിരുന്നു പ്രതാപൻ. “എന്റെ നോമ്പ് കാലം എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ജീവിതപാഠമാണ്. നോമ്പ് കൊണ്ടുദ്ദേശിക്കുന്ന പല ചിട്ടകളും പലരും മറന്ന ഒരു കാലത്ത് ഞാൻ അവയെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. അങ്ങനെ തേടിപ്പിടിക്കുന്ന പൊരുളുകളിൽ പലതും കണിശമായി ജീവിതത്തിന്റെ ഭാഗമാക്കുന്നുമുണ്ട്’- ടി എൻ പ്രതാപൻ പറയുന്നു.

പാർലിമെന്റോ നാട്ടിൽ ചെന്നാൽ പൊതുപരിപാടികളോ ഒന്നും കുറയുന്നില്ല. എല്ലാം പതിവുപോലെ നടക്കും. നോമ്പ് തുറന്നാൽ രാത്രി കിടക്കുന്നതിന് മുന്പ് ഒരു ഗ്രീൻ സാലഡ് കഴിക്കും. പച്ചക്കറി നുറുക്കിയത്. വളരെ അപൂർവമായി എപ്പോഴെങ്കിലും ഒരു ഗ്ലാസ്സ് കഞ്ഞിയും. അത്രയേയുള്ളൂ. തീ തൊടാത്ത, എണ്ണയില്ലാത്ത ഭക്ഷണങ്ങൾ കഴിക്കാനാണ് പരമാവധി ശ്രമിക്കുന്നത്. മിത ഭക്ഷണം, മിത ഭാഷണം, സൂക്ഷമത, ദൈവ സമർപ്പണം, സ്വയം തിരിച്ചറിയാനുള്ള ശ്രമങ്ങൾ, മറ്റുള്ളവരെ മനസ്സിലാക്കാനുള്ള മനസ്സ് രൂപപ്പെടുത്തൽ, ദയ തുടങ്ങി ഒരു സത്യവിശ്വാസിയുടെ നോമ്പ് ശൈലി നീണ്ടു പോകുന്നു. പ്രതാപൻ ഇതെല്ലം മനസ്സിലാക്കുന്നുണ്ട്. സമരങ്ങളൊഴിച്ചാൽ സംസാരം കുറവാണ്; ശബ്ദവും വാക്കുകളും. നോമ്പുകാലത്തെ സമര പരിപാടികളിലും നോമ്പിന്റെ മാറ്റങ്ങൾ ഉണ്ടാകുമെന്ന് പറയേണ്ടതില്ലല്ലോ.
വിശ്വാസിക്ക് നോമ്പ് മറ്റുള്ള ആരാധനകൾ പോലെയല്ല. ഇത് അവനും സ്രഷ്ടാവും തമ്മിലുള്ള രഹസ്യാത്മകമായ ഒരു ആരാധനയാണ്. പടച്ചവനിലേക്ക് നന്മ നിറഞ്ഞ ജീവിതം കൊണ്ട് അടുക്കാനുള്ള സന്ദർഭമാണ്. അദ്ദേഹത്തിനോ? നോമ്പ് എന്താണ്? എട്ടാം ക്ലാസിലെ സൗഹൃദത്തിൽ നിന്ന് തുടങ്ങി ഇത്രയും വർഷം കൊണ്ട് നോമ്പ് എന്തായി മാറി? നോമ്പ് പ്രതാപനെ എന്താക്കി മാറ്റി?

“മുപ്പത്തെട്ടു വർഷമായി റമസാനിലെ ഒറ്റ നോമ്പും ഞാൻ നഷ്ടപ്പെടുത്താറില്ല. സാധാരണ വിശ്വാസികൾക്ക് ലഭിക്കുന്ന ആത്മീയമായ പ്രതിഫലം എനിക്ക് ലഭിക്കില്ലെന്നറിയാം. അതാഗ്രഹിക്കുന്നതും നീതിയല്ലലോ. എന്നാൽ നോമ്പിന്റെ ഒരു സാർവത്രിക പ്രഭാവം എനിക്കനുഭവമാണ്. അതിന്റെ സ്വാധീനം ഞാൻ കൃത്യമായി മനസ്സിലാക്കിയതാണ്. സ്വയം ശുദ്ധീകരിക്കാനുള്ള ഏറ്റവും നല്ല വഴിയാണത്. അകമേയും പുറമെയും നമ്മൾ സ്ഫുടം ചെയ്യപ്പെടുമെന്നത് തീർച്ചയാണ്. ഓർമ വെച്ച കാലം മുതലേയുള്ള ഏറ്റവും തീക്ഷ്ണമായ ഓർമ വിശപ്പിന്റേതാണ്. അതെനിക്ക് നന്നായി അറിയാം. കാലം മാറിയപ്പോൾ പഴയ പട്ടിണിയും ദാരിദ്ര്യവുമൊക്കെ കുറെയധികം ഇല്ലാതായി. അന്നത്തെ സാമൂഹിക സാഹചര്യങ്ങളൊക്കെ മാറിപ്പോയി. എങ്കിലും നോമ്പ് കാലം അത് വീണ്ടും വീണ്ടും ഓർമപ്പെരുത്തുന്നതാണ്. നോമ്പ് എനിക്ക് മിതത്വമാണ്. ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യം മിതത്വം കൊണ്ട് പരിഹൃതമാകും എന്നത് ഒരു സത്യമാണ്. എന്റെ അനുഭവം അതാണ്. ഒപ്പം സ്വയം കണ്ടെത്താനുള്ള ശ്രമത്തിൽ ഈ വ്രതാനുഷ്ഠാനം നൽകുന്ന ആത്മവിശ്വാസവും ധൈര്യവും കരുത്തും ചെറുതല്ല.’ പ്രതാപന്റെ വാക്കുകളിൽ ഒരു സംതൃപ്തിയുണ്ട്. ദുർബലമായ വിചാര വികാരങ്ങളെ നിയന്ത്രിക്കാൻ മാത്രം വ്രതാനുഷ്ഠാനത്തിലൂടെ ത്രാണി നേടിയ ഒരാളുടെ ആത്മവിശ്വാസമാണിതെന്ന് അദ്ദേഹം പറയുന്നു.

എടുത്തുചാട്ടം, അസൂയ, അർഹിക്കാത്തത് ആഗ്രഹിക്കൽ, അർഹിച്ചത് നഷ്ടപ്പെട്ടുപോകുമോ എന്ന വേണ്ടാത്ത വേവലാതികൾ എന്നു തുടങ്ങിയ ചിന്തകളെയെല്ലാം മനസ്സിൽ നിന്നെടുത്തുകളയാൻ, നിത്യജീവിതത്തിൽ സമാധാനത്തോടെ ജീവിക്കാൻ നോന്പുകാരന് സാധിക്കുന്നു.
“പതിനൊന്ന് മാസക്കാലത്തെ നമ്മുടെ അന്നപാനീയങ്ങളുടെ ചെലവുകളും റമസാൻ മാസത്തിലെ ചെലവുകളും താരതമ്യം ചെയ്തുനോക്കുമ്പോൾ നമുക്ക് കിട്ടുന്ന അന്തരം കൂട്ടിയും കിഴിച്ചും പരിശോധിക്കണം. നമ്മുടെ അടുക്കളകളും നമ്മുടെ അവിടുത്തെ അധ്വാനവും ഇതുപോലെ താരതമ്യത്തിന് വിധേയമാക്കണം. നമ്മുടെ അന്നനാളവും ആമാശയവും ഒരു “വേസ്റ്റ് ബോക്സ്’ അല്ലെന്ന ബോധ്യം നമുക്ക് എപ്പോഴും വേണം. അത് നോമ്പ് കാലത്തെങ്കിലും നമുക്ക് ഉണ്ടാക്കിയെടുക്കാനും പിന്നീടങ്ങോട്ട് ശീലിക്കാനും പറ്റണം. പ്രതാപൻ ഉണർത്തുന്നു.