Business
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി ഗോ ഫസ്റ്റ്
മെയ് 24നകം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ന്യൂഡല്‍ഹി| നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ (എന്‍സിഎല്‍ടി) പാപ്പരത്ത ഹരജി അംഗീകരിച്ചതിന് ശേഷം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ ഒരുങ്ങി ഗോ ഫസ്റ്റ് വിമാനങ്ങള്‍. എന്‍സിഎല്‍ടിയുടെ തീരുമാനം എയര്‍ലൈന് ആശ്വാസമാണ് നല്‍കിയത്. വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ലൈന്‍ മെയ് 24നകം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 23 വിമാനങ്ങളുമായി പ്രവര്‍ത്തനം പുനരാരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
മെയ് 2 വരെ ഗോ ഫസ്റ്റിന്റെ 27 വിമാനങ്ങള്‍ സര്‍വീസ് നടയിരുന്നു. എയര്‍ലൈന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. എയര്‍ലൈനിന്റെ സസ്പെന്‍ഡ് ചെയ്ത മാനേജ്മെന്റ് കോടതി നിയോഗിച്ച റെസല്യൂഷന്‍ പ്രൊഫഷണലുമായി കൂടിക്കാഴ്ച നടത്തും. ടിക്കറ്റ് ബുക്കിംഗ് പുനരാരംഭിക്കുന്നതിനുള്ള അനുമതിക്കായി റെസല്യൂഷന്‍ പ്രൊഫഷണല്‍ സര്‍ക്കാരിനെ സമീപിക്കും.
സിവില്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ ഡിജിസിഎ നേരത്തെ വിമാനക്കമ്പനിയോട് ടിക്കറ്റ് വില്‍പ്പന നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. മെയ് 3 മുതല്‍ പ്രവര്‍ത്തനം പെട്ടെന്ന് നിര്‍ത്തിവെച്ചതുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.