From the print
അര്‍ജുനെയും കൊണ്ടേ പോകൂ, അവന്റെ അമ്മക്ക് കൊടുത്ത വാക്കാണെന്ന് മനാഫ്
ഒരു സാധാരണക്കാരന് എത്ര കഴിയുമോ അതിന്റെ പരമാവധി ചെയ്തു. പല പ്രതിസന്ധികള്‍ അതിജീവിച്ചാണ് അവനെ കണ്ടെത്തിയത്. തോല്‍ക്കാന്‍ എന്തായാലും മനസ്സില്ലായിരുന്നുവെന്നും മനാഫ്.
കോഴിക്കോട്/ഷിരൂര്‍ | വാഹന ഉടമയും ഡ്രൈവറും തമ്മിലുള്ള ബന്ധങ്ങള്‍ക്കപ്പുറം ഇഴപിരിയാത്ത സുഹൃദ് സ്നേഹത്തിനുടമകളായിരുന്നു മനാഫും അര്‍ജുനും. അതോടൊപ്പം അര്‍ജുനെയും കുടുംബത്തെയും ലോകമലയാളികള്‍ സ്നേഹത്തോടെ ഏറ്റെടുക്കുന്ന അത്യപൂര്‍വ കാഴ്ചക്കും ഷിരൂര്‍ സാക്ഷിയായി.
അര്‍ജുന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും മറ്റ് ബന്ധുക്കളുടെയും വേദന മലയാളികളുടെ ദുഃഖം കൂടിയായി മാറുന്നതാണ് സമാനതകളില്ലാത്ത തിരച്ചില്‍ നടപടിക്രമങ്ങള്‍ക്കിടെ കാണാന്‍ കഴിഞ്ഞത്. ഇന്നലെ അര്‍ജുന്‍ ഓടിച്ച വാഹനം കണ്ടെത്തുമ്പോള്‍ കണ്ടുനില്‍ക്കുന്നവരെയെല്ലാം കണ്ണീരണിയിക്കുന്ന തരത്തില്‍ മനാഫ് വിതുമ്പുകയായിരുന്നു. എനിക്ക് അര്‍ജുനെ തിരിച്ചു കിട്ടിയാല്‍ മതി, ലോറി അവിടെ കിടക്കട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. അര്‍ജുനെയും കൊണ്ടേ പോകൂ എന്നതായിരുന്നു മനാഫിന്റെ ദൃഢനിശ്ചയം. അര്‍ജുനെ ജീവനോടെ ലഭിച്ചില്ലെങ്കിലും മൃതദേഹാവശിഷ്ടങ്ങളെങ്കിലും കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിക്കാന്‍ കഴിയുമല്ലോ എന്നാണ് അദ്ദേഹം പറയുന്നത്. അര്‍ജുന്റെ അമ്മക്ക് നല്‍കിയ വാക്ക് പാലിക്കുന്നുവെന്ന് അദ്ദേഹം ഇന്നലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്പില്‍ വിങ്ങിപ്പൊട്ടി പറഞ്ഞു. തിരച്ചിലിന്റെ ഓരോ ഘട്ടത്തിലും നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നെന്നും അദ്ദേഹം പറഞ്ഞു.
ഒരു സാധാരണക്കാരന് എത്ര കഴിയുമോ അതിന്റെ പരമാവധി ചെയ്തു. പല പ്രതിസന്ധികള്‍ അതിജീവിച്ചാണ് അവനെ കണ്ടെത്തിയത്. തോല്‍ക്കാന്‍ എന്തായാലും മനസ്സില്ലായിരുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. തിരച്ചിലിന്റെ എല്ലാ ദിവസവും മനാഫ് ഷിരൂരില്‍ ഉണ്ടായിരുന്നു. തിരച്ചില്‍ വേഗത്തിലാക്കാന്‍ വാതിലുകളിലെല്ലാം മുട്ടിയ അദ്ദേഹം ലക്ഷ്യം കണ്ടാണ് ഇപ്പോള്‍ തിരിച്ചുവരുന്നത്. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവ് ജിതിനും വാഹനം കണ്ടെത്തുന്നത് വരെ പോരാടുമെന്ന് തീരുമാനിച്ചിരുന്നു. അര്‍ജുന്‍ തിരിച്ചുവരില്ലെന്ന് കുടുംബം കരുതിയിരുന്നു. എന്തെങ്കിലും കണ്ടെത്തുകയെന്നതായിരുന്നു ആഗ്രഹമെന്നും എല്ലാവര്‍ക്കുമുള്ള ഉത്തരം ലഭിച്ചെന്നും ജിതിന്‍ പറഞ്ഞു.