National
ഗോവയിലെ മാപുസ മുന്‍സിപല്‍ കൗണ്‍സില്‍ 'ഗോബി മഞ്ചൂരിയന്‍' നിരോധിച്ചു
സിന്തറ്റിക് നിറങ്ങളുടെ അമിത ഉപയോഗവും പാചകം ചെയ്യുമ്പോഴുള്ള ശുചിത്വ പ്രശ്‌നങ്ങളും മുന്‍ നിര്‍ത്തിയാണ് നിരോധനം
ന്യൂഡല്‍ഹി | കോളിഫ്‌ളവറും റെഡ് സോസുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന ഗോബിമഞ്ചൂരിയന്‍ ഭക്ഷണപ്രേമികളുടെ എക്കാലത്തെയും ഇഷ്ട വിഭവമാണ്. എന്നാല്‍ സിന്തറ്റിക് നിറങ്ങളുടെ അമിത ഉപയോഗവും പാചകം ചെയ്യുമ്പോഴുള്ള ശുചിത്വ പ്രശ്‌നങ്ങളും മുന്‍ നിര്‍ത്തി ഗോവയിലെ മാപുസ മുന്‍സിപല്‍ കൗണ്‍സില്‍ ഈ വിഭവം നിരോധിച്ചിരിക്കുകയാണ്.
ഇത് ഗോവയിലെ ആദ്യ സംഭവമല്ല. 2022 ൽ ശ്രീ ദാമോദര്‍ ക്ഷേത്രത്തിലെ വാസ്‌കോ സപ്താഹ മേളയില്‍ ഗോബി മഞ്ചൂരിയന്‍ വില്‍ക്കുന്ന കടകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) മോര്‍മുഗാവോ മുന്‍സിപല്‍ കൗണ്‍സിലിന് നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ എഫ് ഡി എ ഇത്തരം കടകളില്‍ റെയ്ഡ് നടത്തുകയും ചെയ്തു.
കോഴിയിറച്ചിയില്‍ നിന്നാണ് ഗോബിമഞ്ചൂരിയന്റെ ഉത്ഭവം. 1970 ല്‍ ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യക്ക് വേണ്ടി ഭക്ഷണം പാചകം ചെയ്യുമ്പോള്‍ മുംബൈയില്‍ നിന്നുള്ള ചൈനീസ് പാചക വിദഗ്ധന്‍ നെല്‍സണ്‍ വാങ്ങ് ആണ് ആദ്യമായി ചിക്കന്‍ മഞ്ചൂരിയന്‍ ഉണ്ടാക്കിയത്.
പുതുതായി ഒരു വിഭവം ഉണ്ടാക്കുക എന്ന വെല്ലുവിളി ഏറ്റെടുത്ത് കൊണ്ടാണ് നെല്‍സണ്‍ ചിക്കന്‍ മഞ്ചൂരിയന്‍ ഉണ്ടാക്കിയത്. പിന്നീട് ചിക്കന്‍ മഞ്ചൂരിയനു പകരമായി വന്ന വെജിറ്റബിള്‍ വിഭവമാണ് ഗോബി മഞ്ചൂരിയന്‍.