Connect with us

goa election

ഗോവയില്‍ കോണ്‍ഗ്രസ് ആദ്യ സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട സിറ്റിംഗ് എം എല്‍ എ രാജിവെച്ചു; തൃണമൂലിലേക്ക് എന്ന് സൂചന

രാജിവെച്ചതോടെ നാല്‍പത് അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം രണ്ടായി കുറഞ്ഞു

Published

|

Last Updated

പനജി | കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ട സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെട്ട സിറ്റിംഗ് എം എല്‍ എ അലക്‌സിയോ റെജിനാള്‍ഡോ ലോറന്‍സോ എം എല്‍ എ സ്ഥാനം രാജിവെച്ചു. അടുത്ത വര്‍ഷം ആദ്യം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയില്‍, എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സന്ദര്‍ശന പരിപാടികള്‍ക്ക് പിന്നാലെ എട്ട് പേരുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ഇദ്ദേഹം സ്ഥാനം രാജിവെച്ചതോടെ നാല്‍പത് അംഗ ഗോവ നിയമസഭയില്‍ കോണ്‍ഗ്രസ് അംഗബലം രണ്ടായി കുറഞ്ഞു.

ലോറന്‍സോ എം എല്‍ എ സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇദ്ദേഹം തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്തകള്‍ പുറത്ത് വരുന്നുണ്ട്. കോര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എയാണ് ലോറന്‍സോ.

പ്രിയങ്കയുടെ സന്ദര്‍ശനത്തിന് തൊട്ട് മുമ്പ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. സെപ്റ്റംബറില്‍ മുന്‍ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫലേറോ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസില്‍ നിന്ന് മറ്റ് പാര്‍ട്ടികളിലേക്ക് ഒഴുക്ക് തുടരുകയാണ്. ഇതിനിടയിലാണ് ലോറന്‍സോ പാര്‍ട്ടി വിടുന്നതും തൃണമൂലിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകള്‍ വരുന്നതും.

2017 ല്‍ നടന്ന സംസ്ഥാന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. 17 സീറ്റ് ലഭിച്ചിട്ടും കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതെ വരികയും 13 അംഗങ്ങള്‍ ഉള്ള ബി ജെ പി ഭരണത്തില്‍ എത്തുകയായിരുന്നു.

Latest