Connect with us

Kerala

'ആട്ടചിത്തിര വിശേഷം';ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി ആക്ഷേപം

എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.

Published

|

Last Updated

ശബരിമല | ശബരിമല സന്നിധാനത്തെ ആഴി അണഞ്ഞതായി ആക്ഷേപം. ബുധനാഴ്ച ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല ക്ഷേത്ര നടതുറന്ന് ആഴിയിലേക്ക് അഗ്‌നി പകര്‍ന്നിരുന്നു. എന്നാല്‍ രാത്രിയോടെ അഗ്‌നി കെട്ടുപോയി. ഇത് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. തുടര്‍ന്ന് ഇന്ന് രാവിലെ 11ഓടെ ഭക്തരാണ് വിഷയം ചൂണ്ടിക്കാണിച്ചത്. തുടര്‍ന്നാണ് വീണ്ടും ആഴിയിലേക്ക് അഗ്‌നി പകര്‍ന്നതെന്നാണ് പരാതി.

ആഴി അണഞ്ഞതിനെ തുടര്‍ന്ന് നിക്ഷേപിക്കപ്പെട്ട നെയ്‌ത്തേങ്ങകള്‍ കരാറുകാര്‍ വാരി നീക്കിയെന്നും ഭക്തര്‍ പരാതിപ്പെട്ടു. വിഷയം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്ന് വിശദമായി അന്വേഷിക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് അറിയിച്ചു.

വിശേഷ ദിവസങ്ങളിലും വിശേഷാവസരങ്ങളിലും മാസപൂജാവേളകളിലും ശബരിമല ക്ഷേത്ര നടതുറന്ന് ദീപം തെളിച്ചാല്‍ ഉടന്‍ തന്നെ ആഴിയിലേക്ക് അഗ്‌നി പകരുന്നതാണ് പ്രധാന ചടങ്ങ്. ഇതിനു ശേഷം മാത്രമേ അയ്യപ്പ ഭക്തന്മാരെ 18ാം പടി ചവിട്ടാന്‍ അനുവദിക്കുകയുള്ളൂ.