Siraj Article
ഫാസിസത്തിന്റെ ഗീബല്‍സിയന്‍ തന്ത്രങ്ങള്‍
ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇരുന്നത് ഭിക്ഷ കിട്ടിയ രാജ്യത്തിലായിരുന്നുവോ? രണ്ട് തവണ അടല്‍ ബിഹാരി വാജ്പയ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു. 1977ല്‍ വാജ്പയിയും എല്‍ കെ അഡ്വാനിയുമടക്കമുള്ളവര്‍ മന്ത്രിമാരും ആയിരുന്നു. അന്നൊന്നും ഇന്ത്യ യഥാര്‍ഥത്തില്‍ സ്വതന്ത്രമായിരുന്നില്ലെന്ന് ബി ജെ പിക്കാര്‍ സമ്മതിക്കുമോ എന്തോ?
ഈ അടുത്ത കാലത്ത് വ്യാപകമായി വന്ന ഒരു ട്രോള്‍ ഇങ്ങനെ ആയിരുന്നു: കുട്ടിയോട് അധ്യാപകന്‍ ചോദിക്കുന്നു, കുട്ടി മറുപടി പറയുന്നു. ഇന്ത്യയിലെ ആദ്യ തീവണ്ടി ഓടിയതെന്ന്? 2014ല്‍. ആദ്യ വിമാനത്താവളം ഉണ്ടായതെന്ന്? 2014ല്‍. ഇന്ത്യയിലെ ആദ്യ പൊതുമേഖലാ ബേങ്ക് വന്നതെന്ന്: 2014ല്‍.. ഇങ്ങനെ അത് പോകുന്നു. ഒടുവില്‍ ഇന്ത്യ സ്വാതന്ത്ര്യമായതെന്ന് എന്ന ചോദ്യത്തിനും ഇതേ ഉത്തരം തന്നെ. അന്ന് ഇത് വായിച്ചപ്പോള്‍ വെറും ട്രോള്‍ എന്ന് കരുതി തള്ളിക്കളഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ നാല് തവണ നല്ല നടിക്കുള്ള ദേശീയ അവാര്‍ഡും ഈ വര്‍ഷത്തെ പത്മശ്രീ അവാര്‍ഡുമെല്ലാം നേടിയ ഹിന്ദി സിനിമാ താരം കങ്കണ റണാവത്ത് പറഞ്ഞതാണ്, ഇന്ത്യക്ക് യഥാര്‍ഥ സ്വാതന്ത്ര്യം കിട്ടിയത് 2014ല്‍ ആണ് എന്ന്. 1947ല്‍ കിട്ടിയത് ഭിക്ഷ മാത്രം. 2014ന്റെ പ്രാധാന്യം നമുക്കറിയാം. നരേന്ദ്ര മോദി അധികാരമേറ്റു. ഇതില്‍ ബി ജെ പി എന്ന കക്ഷിക്കാര്‍ക്ക് തന്നെ ചില സംശയങ്ങള്‍ ഉണ്ടാകുമല്ലോ. ഇന്ത്യയുടെ ആദ്യ ആഭ്യന്തര മന്ത്രി സര്‍ദാര്‍ വല്ലഭ്ഭായി പട്ടേല്‍ ഇരുന്നത് ഭിക്ഷ കിട്ടിയ രാജ്യത്തിലായിരുന്നുവോ? രണ്ട് തവണ (കൃത്യമായി പറഞ്ഞാല്‍ മൂന്ന് തവണ) അടല്‍ ബിഹാരി വാജ്പയ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നു. 1977ല്‍ വാജ്പയിയും എല്‍ കെ അഡ്വാനിയുമടക്കമുള്ളവര്‍ മന്ത്രിമാരും ആയിരുന്നു. അന്നൊന്നും ഇന്ത്യ യഥാര്‍ഥത്തില്‍ സ്വതന്ത്രമായിരുന്നില്ലെന്ന് ബി ജെ പിക്കാര്‍ സമ്മതിക്കുമോ എന്തോ?
കങ്കണയുടെ പ്രസ്താവനക്കെതിരെ സ്വാഭാവികമായും പ്രതിപക്ഷ കോണ്‍ഗ്രസ്സ് രംഗത്തു വന്നു കഴിഞ്ഞു. കങ്കണയുടെ ഈ പ്രസ്താവന രാജ്യദ്രോഹമാണ് എന്നും ആ കുറ്റത്തിന് കേസെടുക്കണമെന്നും കങ്കണക്കു നല്‍കിയ പത്മശ്രീ പിന്‍വലിക്കണമെന്നുമെല്ലാമാണ് കോണ്‍ഗ്രസ്സ് വക്താവ് ആനന്ദ ശര്‍മ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ചു കൊണ്ട് ആം ആദ്മി പാര്‍ട്ടി നിയമ നടപടിക്ക് തയ്യാറായിരിക്കുന്നു. ബി ജെ പിക്കൊപ്പമാണെങ്കിലും കര്‍ഷക സമരം അടക്കമുള്ള വിഷയങ്ങളില്‍ തെറ്റി നില്‍ക്കുന്ന വരുണ്‍ ഗാന്ധി എം പി പറയുന്നത് ഇത് രാജ്യദ്രോഹമാണ് അല്ലെങ്കില്‍ ഭ്രാന്താണ് എന്നാണ്. മഹാത്മാ ഗാന്ധിയുടെ ഘാതകനെ മഹത്വവത്കരിച്ചുകൊണ്ട് ഗാന്ധിജിയെ ഇവര്‍ പലവട്ടം അപമാനിച്ചിട്ടുണ്ടെന്നും വരുണ്‍ ഗാന്ധി പറഞ്ഞു. ഇപ്പോള്‍ മംഗള്‍ പാണ്ഡെ, റാണി ലക്ഷ്മി ബായ്, ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, നേതാജി സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുകയാണ് എന്ന് അദ്ദേഹം പറയുന്നു.
പത്മശ്രീ സ്വീകരിച്ചുകൊണ്ട് കങ്കണ പറഞ്ഞത് ശ്രദ്ധേയമാണ്. ഒരു കലാകാരി എന്ന നിലയില്‍ എനിക്ക് ഒട്ടനവധി പുരസ്‌കാരങ്ങളും സ്‌നേഹവുമെല്ലാം ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഈ പത്മശ്രീ പുരസ്‌കാരം മാതൃകാ പൗരന്‍ ആയതിനാലാണ് ലഭിച്ചത് എന്നതിനാലാണ് താന്‍ ഏറെ സന്തോഷിക്കുന്നത് എന്നായിരുന്നു അവരുടെ പ്രതികരണം. ഒരു വാര്‍ത്താ ചാനല്‍ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കങ്കണ പ്രസംഗിക്കുന്നതിന്റെ 24 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആണ് ഈ വിവാദ പരാമര്‍ശമുള്ളത്. ഇന്ത്യയിലെ കോണ്‍ഗ്രസ്സ് ഭരണം ബ്രിട്ടീഷ് ഭരണത്തിന്റെ തുടര്‍ച്ച മാത്രമായിരുന്നു എന്നും 1947ല്‍ കിട്ടിയെന്നു പറയുന്ന സ്വാതന്ത്ര്യം ബ്രിട്ടീഷുകാര്‍ നല്‍കിയ ഭിക്ഷ ആണെന്നുമാണ് കങ്കണ പറഞ്ഞത്. ഈ തുറന്നു പറച്ചിലിനെതിരെ തനിക്കെതിരെ കേസുകള്‍ വരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഈ വീഡിയോ വ്യാപകമായി സാമൂഹിക മാധ്യമങ്ങളില്‍ (ഇന്‍സ്റ്റഗ്രാമിലൂടെ അവര്‍ തന്നെയും) പ്രചരിപ്പിക്കപ്പെട്ടതോടെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു.
പതിവ് പോലെ ഈ വിഷയത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രി മൗനി ബാബ ആയിരിക്കുകയാണ്. ബി ജെ പിയുടെയും സംഘ്പരിവാറിന്റെയും വിവാദപരമായ രാഷ്ട്രീയ നിലപാടുകള്‍ ആരെക്കൊണ്ടെങ്കിലും പറയിപ്പിക്കുകയും അത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും അതിന് അനുകൂലമായി സംഘ്പരിവാറിന്റെ സൈബര്‍ സൈന്യങ്ങളെ കൊണ്ട് ന്യായീകരിപ്പിക്കുകയും ചെയ്യുക എന്നത് ഇവരുടെ ഒരു സ്ഥിരം രീതിയാണ്. ഗീബല്‍സിയന്‍ തന്ത്രത്തില്‍ പറയുന്നത് പോലെ ഒരു നുണ പലവട്ടം ആവര്‍ത്തിക്കുമ്പോള്‍ അത് സത്യമല്ലേയെന്ന സംശയം പലരിലും ജനിപ്പിക്കാന്‍ കഴിയും. ഇവര്‍ക്കൊപ്പം പ്രചാരണം നടത്താന്‍ മറ്റാര്‍ക്കും കഴിയാതെ വരുന്നതിനാല്‍ കുറച്ചു കാലം കഴിയുമ്പോള്‍ അത് സത്യമാണെന്ന് കുറെപ്പേരെങ്കിലും വിശ്വസിക്കും. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തന്നെ ഇവരുടെ രാഷ്ട്രീയം വളര്‍ത്താന്‍ സഹായകരമാണ്.
സ്വാതന്ത്ര്യ സമര സേനാനികളെ ഇവര്‍ക്ക് പണ്ടേ പുച്ഛമാണ്. സ്വാതന്ത്ര്യ സമരത്തെ ഒറ്റു കൊടുത്തവരും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി കൊടുത്തവരുമാണ് ഇവരുടെ മാതൃകാ പുരുഷന്മാര്‍. മഹാത്മാ ഗാന്ധിയെ പറ്റി എത്ര ഹീനമായ പ്രചാരണങ്ങളാണ് ഇവര്‍ നടത്തിയത്.
സംഘ്പരിവാറിനെ സംബന്ധിച്ചിടത്തോളം നെഹ്റു കുടുംബം തന്നെ ഇന്ത്യയുടെ ശത്രുവാണ്.
1947ലെ സ്വാതന്ത്ര്യത്തെ തുടര്‍ന്ന് നമ്മള്‍ ഒരു ഭരണഘടന ഉണ്ടാക്കി. അതും സംഘ്പരിവാറിന് സ്വീകാര്യമല്ലല്ലോ. അവര്‍ക്ക് ഭരണഘടന എന്നത് സത്യം ചെയ്ത് അധികാരമേറാനുള്ള ഒരു പുസ്തകം മാത്രം. സ്വാതന്ത്ര്യ സമരത്തെ എന്തുകൊണ്ടാണ് സംഘ്പരിവാര്‍ ഭയപ്പെടുന്നത് എന്നത് ഒരു രഹസ്യമല്ല. ആ ചരിത്രത്തില്‍ ഇവര്‍ക്ക് എവിടെയും സ്ഥാനം ഉണ്ടാകില്ല. സവര്‍ക്കര്‍ (വീര എന്ന് ഇവര്‍ പേര് ചേര്‍ത്ത് വിളിക്കുന്നെങ്കിലും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്ത് തടവില്‍ നിന്ന് രക്ഷപ്പെട്ട ഭീരു എന്നാണ് പറയേണ്ടത്) ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതി നല്‍കിയത് മഹാത്മാ ഗാന്ധി പറഞ്ഞതിനാലാണ് എന്ന ഒരു പ്രസ്താവന ഈയിടെ സംഘ്പരിവാറുകാരില്‍ നിന്ന് ഉണ്ടായി.
ഇതിന്റെ ഉത്ഭവം രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗില്‍ നിന്നായിരുന്നു. ഇത് സംബന്ധിച്ച ചില ചരിത്ര സത്യങ്ങള്‍ കാണുക. 1911 ജൂലൈ നാലിനാണ് സവര്‍ക്കറെ ആൻഡമാന്‍ സെല്ലുലാര്‍ ജയിലില്‍ അടച്ചത്. ആറ് മാസത്തിനകം അയാള്‍ സര്‍ക്കാറിന് ദയാഹരജി നല്‍കുകയും ചെയ്തു. 1913 നവംബര്‍ 14നാണ് അയാളുടെ രണ്ടാമത്തെ മാപ്പപേക്ഷ സമര്‍പ്പിച്ചത്. 1915 ജനുവരി ഒമ്പതിനാണ് മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയത്. 1915ല്‍ ഗാന്ധിജി മടങ്ങിയെത്തുന്നതിനു മുമ്പ് കേവലം ഒരു പ്രാവശ്യം മാത്രമാണ് സവര്‍ക്കര്‍ ഗാന്ധിജിയുമായി ബന്ധപ്പെട്ടിരുന്നത്. 1909ല്‍ യു കെയിലെ ഇന്ത്യക്കാര്‍ ആ വര്‍ഷത്തെ ദസറ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഗാന്ധിജിയെ ക്ഷണിച്ചു. അവിടെ സവര്‍ക്കറും ഉണ്ടായിരുന്നു. 1910ല്‍ സവര്‍ക്കറെ ബ്രിട്ടീഷ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്ത് ഇന്ത്യയിലേക്ക് തിരിച്ചയച്ചു. അതിനു ശേഷം ഗാന്ധിജിയും സവര്‍ക്കറും തമ്മില്‍ ഒരിക്കല്‍ പോലും ബന്ധപ്പെട്ടതായി അറിവില്ല. എപ്പോഴാണ് വി ഡി സവര്‍ക്കറോട് ബ്രിട്ടീഷ് സര്‍ക്കാറിനു മുന്നില്‍ മാപ്പപേക്ഷ നല്‍കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടതെന്ന് രാജ്‌നാഥജിക്ക് വിശദീകരിക്കാന്‍ കഴിയുമോ? ഇത്തരം യുക്തിഭദ്രമായ ഒരു ചോദ്യങ്ങളും ഫാസിസത്തിന് മുന്നില്‍ പ്രസക്തമാകില്ല.
ഇപ്പോള്‍ കങ്കണ റണാവത്ത് നടത്തിയതും ഇതുപോലൊരു വളയമില്ലാ ചാട്ടമാണ്. ഭക്രാനംഗല്‍ പോലും നിര്‍മിച്ചത് മോദി പ്രധാനമന്ത്രി ആയ ശേഷമാണ് എന്ന് വരെ സംഘ്പരിവാറുകാര്‍ പ്രചരിപ്പിക്കും. കാത്തിരിക്കാം. ഇത്തരം നുണകളിലൂടെയാണല്ലോ സംഘ്പരിവാര്‍ കാലമിത്രയും ഇന്ത്യയില്‍ പിടിച്ചുനിന്നതും വളര്‍ന്നതും.